ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ദുരന്തത്തിന്റെ ഉത്തവാദിത്തം ആർസിബിക്കെന്ന് സിഐഡി കുറ്റപത്രം. കേസിൽ ഇവൻ്റ് കമ്പനി ഡിഎൻഎയും കർണാടക ക്രിക്കറ്റ് അസോസിയേഷനും രണ്ടും മൂന്നും പ്രതികളാണ്. പരിപാടിക്ക് വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ബെംഗളൂരുവിൽ ജൂൺ നാലിനുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചത് 11 പേരാണ്. ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ പൊലീസിനും പരിപാടിയുട സംഘാടകർക്കുമാണ് വീഴ്ച സംഭവിച്ചതെന്ന നിലപാടാണ് കർണാടക സർക്കാർ സ്വീകരിച്ചത്.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷപരിപാടിയും വിക്ടറി പരേഡും നടത്താൻ ചുമതലയുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സംഭവത്തിനു പിറകേ സസ്പെന്റ് ചെയ്തിരുന്നു. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസലെ ഇവന്റ് മാനേജ്‌മന്റ് കമ്പനിയുടെ ജീവനക്കാരായ സുനിൽ മാത്യു, കിരൺ എന്നിവർ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദുരന്തത്തിന് ഉത്തരവാദി ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും നേരത്തേ പറഞ്ഞിരുന്നു. സ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച പരാതിയിലായിരുന്നു ട്രൈബ്യൂണൽ ഇടപെടൽ പൊലീസ് അനുമതിയില്ലാതെ വിജയാഘോഷം പ്രഖ്യാപിച്ചതിനെയും ട്രൈബ്യൂണൽ വിമർശിച്ചു. അനുമതിയില്ലാതെ എത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് മാന്ത്രിക വിദ്യയില്ലെന്നായിരുന്നു ട്രൈബ്യൂണലിന്റെ വിശദീകരണം.