ഡൽഹി: മുസ്ലിം പുരുഷൻ്റെ ഏകപക്ഷീയ വിവാഹമോചന മാർഗമായ തലാഖ് - ഇ ഹസൻ റദ്ദാക്കണമെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ അന്തസിനെ ബാധിക്കുന്ന ആചാരം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. തലാഖ് ഇ ഹസൻ ഭരണഘടനാ വിരുദ്ധമെന്ന മാധ്യമപ്രവർത്തകയുടെ ഹർജിയിലാണ് കോടതി നിരീക്ഷണം. ഒരു മുസ്ലീം പുരുഷന് തലാഖ് ചൊല്ലി വളരെ എളുപ്പത്തിൽ ഭാര്യയ്ക്ക് വിവാഹമോചനം നൽകാനാകില്ല.
മൂന്ന് മാസത്തെ ഇടവേളയിൽ "തലാഖ്" ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയുന്നതാണ് തലാഖ്-ഇ-ഹസൻ. ഇത്തരം ഏകപക്ഷീയമായ ആചാരങ്ങൾ ഭരണഘടനപ്രകാരമോ ആധുനിക ജനാധിപത്യ സമൂഹത്തിലോ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ഈ രീതി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തക ബേനസീർ ഹീന സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ വാദം കേട്ട കോടതി, സ്ത്രീകളുടെ അന്തസിനെക്കുറിച്ചും, വിവേചനപരമായ സാമൂഹിക ആചാരങ്ങൾ തിരുത്തുന്നതിൽ ജുഡീഷ്യറിയുടെ പങ്കിനെക്കുറിച്ചും വാക്കാലുള്ള നിരീക്ഷണങ്ങൾ നടത്തി.
ആധുനിക യുഗത്തിൽ ഇത്തരം ആചാരങ്ങളുടെ പ്രസക്തിയെ ചോദ്യം ചെയ്ത ബെഞ്ച് ഇത്തരമൊരു കാര്യത്തെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്, മതപരമായ ആചാരം എന്തുതന്നെയായാലും, ഇതാണോ അനുവദിക്കുന്നത്, ഒരു സ്ത്രീയുടെ അന്തസ് ഇങ്ങനെയാണോ ഉയർത്തിപ്പിടിക്കുന്നത്? ഒരു പരിഷ്കൃത സമൂഹം ഇത്തരത്തിലുള്ള ആചാരം അനുവദിക്കണോ, എന്നീ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആധികാരികമായ വിധി പ്രസ്താവിക്കാൻ ഹർജി അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് വിട്ടു. ഒരു ആചാരം സമൂഹത്തെ മൊത്തത്തിൽ ബാധിക്കുമ്പോൾ പരിഹാര നടപടികളുമായി ഇടപെടാൻ കോടതി ബാധ്യസ്ഥമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.