ബെഗളൂരു: കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയിയുടെ മരണത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. മരിക്കുന്നതിന് മുൻപ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തില്ലെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. കോൺഫിഡൻ്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പിൻ്റെ വാദവും ശരിവയ്ക്കുന്ന തെളിവുകളാണ് ഇതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അന്ന് നടന്നത് രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ പൂർത്തിയാകുക മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ജനുവരി 30നാണ് സി.ജെ. റോയി സ്വയം നെഞ്ചിൽ വെടിയുർത്ത് മിച്ചത്. സെന്‍ട്രല്‍ ബെംഗളുരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള കോൺഫിഡൻ്റ് പെൻ്റഗൺ കോർപ്പറേറ്റ് ഓഫീസിൽ വച്ചായിരുന്നു സംഭവം. ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെ, അവർ ആവശ്യപ്പെട്ട ഫയൽ മുറിയിൽ നിന്ന് എടുത്തിട്ട് വരാമെന്ന് റോയി മുറിയിലേക്ക് പോകുകയും ചെയ്തു. ഇതിനുപിന്നാലെ അതേ കെട്ടിടത്തിൽ തന്നെയുള്ള സ്‌ലോവാക്യ കോൺസുൽ ചേംബറിലേക്ക് പോയ റോയി കൈവശമുണ്ടായിരുന്ന പിസ്റ്റളുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകികൊണ്ടാണ് റോയി മുറിയിലെത്തിയത്.
റോയിയുടെ മരണത്തിന് കാരണം ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് എന്ന് ആരോപിച്ച് കുടുംബവും കമ്പനിയും രംഗത്തെത്തിയിരുന്നു. റോയിക്ക് കടമോ ബാധ്യതയോ ഭീഷണിയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ മാനസികമായി ബുദ്ധിമുട്ടിച്ചു എന്നും സഹോദരൻ സി.ജെ. ബാബു പറഞ്ഞിരുന്നു. കുടംബത്തിൻ്റെ ആരോപണങ്ങൾ ഐടി സംഘം കഴിഞ്ഞദിവസം തന്നെ നിഷേധിച്ചിരുന്നു. റോയിയെ ഇന്നലെ ചോദ്യം ചെയ്തില്ലെന്നും ഒപ്പിടാൻ എത്താൻ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
അതേസമയം, റോയിയുടെ സംസ്കാരം ഇന്ന് നടക്കും. കർണാടക ബന്നാർഘട്ടയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ലക്ഷ്വറി റിസോർട്ടിൽ അന്ത്യവിശ്രമം എന്നത് റോയിയുടെ ആഗ്രഹമായിരുന്നു. രാവിലെ 10 മണി മുതൽ പൊതുദർശനം ആരംഭിക്കും.