ഡൽഹി: കർണാടകയിലെ പുതിയ മന്ത്രിസഭയ്ക്ക് മുന്നോടിയായി ഡൽഹി കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ മുന്നോട്ടുവച്ചു. നാളെ വൈകിട്ട് നാലുമണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗം ഡി.കെ. ശിവകുമാറിന്റെ നേതാവായി തെരഞ്ഞെടുക്കും.
ഹൈക്കാമാൻഡ് നിർദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും ഡികെ ശിവകുമാർ മന്ത്രിസഭയിൽ ആരൊക്കെ വേണമെന്നതിൽ കൃത്യമായ നിലപാടുണ്ട് സിദ്ധരാമയ്യക്ക്. രാഹുൽ ഗാന്ധിയുമായുള്ള കൂടികാഴ്ച ഹൃദ്യമെന്നായിരുന്നു പ്രതികരണമെങ്കിലും ചർച്ചയിൽ സിദ്ദരാമയ്യ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. നിലവിലെ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയെ പിസിസി അധ്യക്ഷനായി നിയമിക്കുക. രണ്ടോ അതിൽ കൂടുതലോ ഉപമുഖ്യമന്ത്രി സ്ഥാനം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
ദളിത് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരെയാകും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സിദ്ധരാമയ്യ ഉന്നയിച്ചതായാണ് സൂചന. യതീന്ദ്ര , മന്ത്രിമാരായ കെ.ജെ. ജോർജ്, ബൈരതി സുരേഷ് തുടങ്ങിയവരും സിദ്ധരാമയ്യയ്ക്ക് ഒപ്പം ഡൽഹിയിലെത്തുന്നു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും സിദ്ധരാമയ്യ ചർച്ച നടത്തി. ഡി.കെ. ശിവകുമാർ ക്യാംപും പൂർണമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഡി.കെ അനുകൂലികളും ഡൽഹിയിലെ വസതിയിൽ പ്രത്യേക യോഗം ചേർന്നു.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി ഡി.കെ. ശിവകുമാറും പ്രത്യേകം ചർച്ച നടത്തി. മന്ത്രിസ്ഥാനത്തിനായി ഒപ്പമുള്ള എംഎൽഎമാർ ഡികെയ്ക്ക് മേൽ സമ്മർദം ശക്തമാക്കുന്നുണ്ട്. ഇന്ന് നിയമസഭാ കക്ഷി യോഗം ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നേതാക്കൾ ഡൽഹിൽ ചർച്ചയിലായതിനാൽ നാളത്തേക്ക് മാറ്റി. നാളെ വൈകിട്ട് നാലുമണിക്കാണ് നിയമസഭാ കക്ഷി യോഗം. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു വർഷമേ ഉള്ളു എന്നതിനാൽ മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണിയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നുന്നത്. അങ്ങനെയെങ്കിൽ സിദ്ധരാമയ്യ ക്യാബിനറ്റിലെ പകുതി പേർക്കെങ്കിലും സ്ഥാനം നഷ്ടപ്പെട്ടേക്കും.