മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് പ്രതിഷേധം 
NATIONAL

മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ന് കാണും

ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി മഹേഷ് കെവാടിൻ്റെ പരാതിയിലാണ് മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയത്.

Author : ന്യൂസ് ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസിൽ കടുത്ത പ്രതിഷേധം. മീനാക്ഷിക്കെതിരെ കേസ് ഉണ്ടെന്ന ആരോപണത്തിലാണ് പത്രിക റിട്ടേണിങ് ഓഫീസർ തള്ളിയത്. അതേസമയം നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയതോടെ ബെംഗളൂരുവിലേക്ക് വിമാനം കയറാൻ കാത്തിരുന്ന എംഎൽഎമാരെ തിരികെ വിളിപ്പിച്ചു.

പത്രിക തള്ളിയെന്ന വാർത്ത വന്നതോടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണിഗോപാലിൻ്റെ നേതൃത്വത്തിലുള്ള നേതാക്കൾ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

എന്നാൽ ഈസമയത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഓഫീസിൽ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ കോൺഗ്രസ് അനുവാദം വാങ്ങാത്തതിനാൽ ഇവരെ അകത്തേക്ക് കയറ്റി വിട്ടില്ല. ഇതെ തുടർന്ന് ഗേറ്റിൽ കുത്തിയിരുന്ന് കോൺഗ്രസ് പ്രതിഷേധിച്ചു.

പ്രതിഷേധത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കമ്മീഷനെ കാണാൻ സമ്മതം നൽകുകയായിരുന്നു. മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. സത്യവാങ്മൂലത്തിൽ കേസിനെ കുറിച്ചുള്ള വിവരം മറച്ചു വച്ചുവെന്നുള്ള ബിജെപിയുടെ പരാതി കണക്കിലെടുത്താണ് പത്രിക തള്ളിയത്‌.

ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി മഹേഷ് കെവാടാണ് പരാതി നൽകിയത്‌. തെലങ്കാനയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്രിമിനൽ കേസ് മീനാക്ഷി മനഃപൂർവം മറച്ചുവച്ചുവെന്നാണ് പരാതി. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് മീനാക്ഷി.

മധ്യപ്രദേശിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18-നാണ് നടക്കുന്നത്. അംഗബലത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് സീറ്റുകളിലാണ് ബിജെപിക്ക് അവരുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാനാവുക. മുതിർന്ന നേതാക്കളായ തരുൺ ചുഘിനെയും രജ്‌നീഷ് അഗ്രവാളിനെയും അവർ രംഗത്തിറക്കുകയും ചെയ്തു. പിന്നാലെ കോൺഗ്രസ് വോട്ടുകളിൽ കണ്ണുവച്ച്‌ മൂന്നാമത്തെ സ്ഥാനാർഥിയായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ മഹേഷ് കെവാടിനെ ബിജെപി നിർത്തുകയായിരുന്നു.

SCROLL FOR NEXT