അർപോറ: ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടിത്തത്തിന് കാരണം ഫയർ ഡാന്‍സിനിടെ ഉപയോഗിച്ച പടക്കങ്ങളും പെെറോ സ്റ്റിക്കുകളും. മുളയും ഫൈബറും കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയിലേക്ക് തീപടർന്നത് പൈറോ സ്റ്റിക്കുകളിൽ നിന്നെന്ന് ദൃസാക്ഷികൾ വെളിപ്പെടുത്തിയതായാണ് വിവരം. സംഭവത്തിൽ ഇതിനോടകം നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അപകടത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്.
നൃത്ത വേദിയിലെ തിരക്കും, ഇടുങ്ങിയ വഴികളും അപകടത്തിന്റെ വ്യാപ്തി കൂട്ടി. നിലവിലെ അന്വേഷണത്തിൽ കൃത്യമായ സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് വ്യക്തമാകുന്നത്. തീ പടർന്നപ്പോൾ നിരവധി വിനോദസഞ്ചാരികൾ താഴേക്ക് ഓടിയെന്നും എന്നാൽ പുറത്തേക്ക് കടക്കാനാകാതെ കുടുങ്ങിപ്പോയെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. കായലിനടുത്തുള്ള സ്ഥലം ഉൾപ്പെടെയുള്ള നൈറ്റ്ക്ലബിന്റെ ക്രമീകരണം ആശയക്കുഴപ്പത്തിന് കാരണമായി.
പ്രവേശനം നിയന്ത്രിച്ചതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ ബുദ്ധിമുട്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 100 ഓളം വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന ഒന്നാം നിലയിലാണ് ആദ്യം തീപ റിപ്പോർട്ടുകളുണ്ട്. നൈറ്റ്ക്ലബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന് ലൈസൻസ് നൽകിയ അർപോറ-നാഗോവ പഞ്ചായത്തിലെ സർപഞ്ച് റോഷൻ റെഡ്ഗറെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്ഥാപനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും വീഴ്ചകൾ വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. മരിച്ചവരിൽ നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശേഷിക്കുന്ന ഏഴ് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.