ഡൽഹി: സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് തെറ്റിക്കാതെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ സി.ആർ.പി.എഫ് ക്യാമ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വിശേഷങ്ങൾ പങ്കുവച്ചും അവർക്ക് നേരിട്ട് ദീപാവലി മധുരം നൽകിയും മോദി ഈ ദിനം ആഘോഷമാക്കി.
ദീപാവലി ദിനം ബസ്തറിലെ സൈനികർക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകൾ നീണ്ട നക്സൽ ഭീകരതയുടെ നിഴലിൽ നിന്ന് രാജ്യം പൂർണ്ണമായും മുക്തമായതിന് ശേഷമുള്ള ആദ്യത്തെ ദീപാവലിയാണിതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കിയ സൈനികരെ മോദി അഭിനന്ദിച്ചു. ചുവപ്പ് ഭീകരതയ്ക്ക് എൻഡിഎ സർക്കാർ അറുതി വരുത്തിയെന്നും ദിമാഗി നക്സലുകളെ കൂടി ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ദീപാവലിക്ക് മുന്നോടിയായി തന്നെ ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. വായുഗുണനിലവാര സൂചിക 400 (വളരെ മോശം) കടന്നതോടെ രാജ്യതലസ്ഥാനം ശ്വാസംമുട്ടിയിരിക്കുന്ന അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. കട്ടിയേറിയ മഞ്ഞിന് സമാനമായി കാഴ്ചമറയ്ക്കുന്ന തരം പുകമൂടിയ അവസ്ഥയിലാണ് ഡൽഹി.
ദീപാവലിയുടെ ഭാഗമായുള്ള പടക്കങ്ങളുടെ ഉപയോഗം കൂടി കഴിയുമ്പോഴേക്കും ഡൽഹിയിലെ വായു മലിനീകരണ തോത് വളരെയധികം മോശമായ അവസ്ഥയിലെത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ജഹാംഗീർപുരിയിൽ വായുഗുണനിലവാര സൂചിക 463 വരെ കാണിക്കുന്നുണ്ട്. അതീവഗുരുതര സാഹചര്യമാണിത്.
ഡൽഹിയിലെ എയർ ക്വാളിറ്റി ഏർലി വാണിംഗ് സിസ്റ്റം (ഇഡബ്ല്യുഎസ്) അനുസരിച്ച്, നവംബർ 9 മുതൽ കുറച്ച് ദിവസത്തേക്ക് വായുവിന്റെ ഗുണനിലവാരം 'ഗുരുതര' വിഭാഗത്തിൽ തുടരാൻ സാധ്യതയുണ്ട്. വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്ന കാർഷിക സീസൺ ആരംഭിച്ചതുമാണ് ഡൽഹിയുടെ നിലവിലെ സാഹചര്യം വഷളാക്കുന്നത്.