ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന ഉഗ്രസ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരുടെ സംഘം താമസിച്ച ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റി പരിസരങ്ങളെ ചുറ്റിപ്പറ്റിയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുന്നത്. പാകിസ്ഥാൻ ബന്ധമുള്ള ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ്, ഡൽഹിയിൽ നിന്ന് 45 കിലോമീറ്റർ ദൂരെയുള്ള ഈ യൂണിവേഴ്‌സിറ്റിയുടെ മറവിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. അതേസമയം, ഭീകരതയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ചാവേർ ഡോ. ഉമർ മുഹമ്മദ്, പൊലീസ് കസ്റ്റഡിയിലുള്ള മറ്റ് മൂന്ന് ഡോക്ടർമാരായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ റാത്തർ, ഡോ. ഷഹീദ് സയീദ് എന്നിവരെല്ലാം ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റി പരിസരങ്ങൾ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വരുന്ന ഡിസംബർ ആറിന് രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളിൽ തുടർ സ്ഫോടനങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെ നാല് ഡോക്ടർമാർ ചേർന്ന് 20 ലക്ഷം രൂപയാണ് സ്വരൂപിച്ചത്. മുഴുവൻ തുകയും ഡോ. ഉമറിന് കൈമാറിയിരുന്നു. പിന്നീട് ഗുരുഗ്രാം, നൂഹ്, സമീപ പട്ടണങ്ങൾ എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ നിന്ന് ഏകദേശം 26 ക്വിൻ്റൽ എൻപികെ വളം അവർ വാങ്ങി. അതിന് അവർക്ക് ഏകദേശം മൂന്ന് ലക്ഷം രൂപ ചിലവായി. ഐഇഡി ബോംബുകൾ നിർമിക്കാൻ വേണ്ട കെമിക്കലുകൾ ലഭിക്കാൻ വേണ്ടിയാണ് ഇത്രയും കൂടുതൽ വളം വാങ്ങിയത്.
70 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അൽ ഫലാഹ് സർവകലാശാല ഹരിയാന-ഡൽഹി അതിർത്തിയിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെയാകെ വിറപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടന ഗൂഢാലോചനയിൽ ഉൾപ്പെട്ട ഡോക്ടർമാരുടെ കൂടിയാലോചനാ കേന്ദ്രമായി ഒരു മുറി മാറിയെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്.
ഡോ. ഉമറും കൂട്ടാളികളും 17-ാം നമ്പർ കെട്ടിടത്തിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ട്. ഭീകരർ പതിവായി കണ്ടുമുട്ടാറുള്ളത് ഡോ. മുസമ്മിലിൻ്റെ പേരിലുള്ള 13-ാം നമ്പർ മുറിയിലായിരുന്നു. ഡൽഹിയിലും ഉത്തർപ്രദേശിൻ്റെ പല ഭാഗങ്ങളിലും തുടർ സ്ഫോടനങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടത് ഈ മുറിയിൽ വച്ചാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ബോംബ് നിർമാണത്തിനായി യൂണിവേഴ്സിറ്റി ലബോറട്ടറിയിൽ നിന്ന് രാസവസ്തുക്കൾ കടത്താനും ഭീകരർക്ക് സാധിച്ചു. മുസമ്മിലിൻ്റെ മുറിയിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയാണ് ഈ ലബോറട്ടറി. യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി അംഗങ്ങളായ ഡോ. ഉമറും ഡോ. ഷഹീനും രാസവസ്തുക്കൾ കടത്തുന്നതിൽ സഹായിച്ചു. പിന്നീട് അത് ഫരീദാബാദിലെ ധൗജ്, ടാഗ ഗ്രാമങ്ങളിലെ വാടക സ്ഥലങ്ങളിലായി സൂക്ഷിച്ചു.
യൂണിവേഴ്സിറ്റിയിലെ ഡോ. മുസമ്മിലിൻ്റെ മുറി ഇപ്പോൾ സീൽ ചെയ്തിരിക്കുകയാണ്. അവിടെ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പെൻ ഡ്രൈവുകളും എൻഐഎ കണ്ടെടുത്തു. കോഡ് വാക്കുകളും എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും നിറഞ്ഞ രണ്ട് ഡയറികളും കണ്ടെത്തി. ഈ ഡയറികളിൽ നിന്ന് 'ഓപ്പറേഷൻ' എന്ന വാക്ക് ആവർത്തിക്കുന്ന നിരവധി പരാമർശങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മുസമ്മിലിൻ്റെ മുറിയില്‍ നിന്നും സര്‍വകലാശാലാ ലാബില്‍ നിന്നും രാസ അവശിഷ്ടങ്ങളും ഡിജിറ്റല്‍ ഡാറ്റയും ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചിട്ടുണ്ട്. ലാബില്‍ നിന്ന് കടത്തിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് ചെറിയ അളവില്‍ അമോണിയം നൈട്രേറ്റ് ഒരു ഓക്സിഡൈസറുമായി കലര്‍ത്തി സ്ഫോടക വസ്തുക്കള്‍ നിര്‍മിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഡൽഹി സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റും പെട്രോളിയം എണ്ണയും അടങ്ങിയ സ്ഫോടകവസ്തുവായ എഎൻഎഫ്ഒ എന്ന മാരകമായ രാസപദാർത്ഥം ഉപയോഗിച്ചതായി നേരത്തെ വൃത്തങ്ങൾ കണ്ടെത്തിയിരുന്നു. നേരത്തെ ഫരീദാബാദിൽ നടത്തിയ റെയ്ഡുകളിൽ 350 കിലോ അമോണിയം നൈട്രേറ്റ് ഉൾപ്പെടെ 2000 കിലോയിലധികം സ്ഫോടകവസ്തുക്കൾ പൊലീസ് കണ്ടെടുത്തിരുന്നു.
13 പേരുടെ ജീവനെടുത്ത ഡൽഹി സ്ഫോടനത്തിൽ അൽ ഫലാഹ് യൂണിവേഴ്സിറ്റി മാനേജ്മെൻ്റ് ദുഃഖം പ്രകടിപ്പിക്കുകയും ഭീകരാക്രമണ നീക്കങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ കസ്റ്റഡിയിലെടുത്ത ഡോക്ടർമാരുമായി സ്ഥാപനത്തിന് യാതൊരു ബന്ധവുമില്ലെന്ന് മാനേജ്മെൻ്റ് അവകാശപ്പെട്ടു. "ഞങ്ങളുടെ രണ്ട് ഡോക്ടർമാരെ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ ഔദ്യോഗിക പദവികളിൽ ജോലി ചെയ്യുന്ന ഈ രണ്ട് വ്യക്തികൾ ഒഴികെ, മറ്റുള്ള വ്യക്തികളുമായി സർവകലാശാലയ്ക്ക് യാതൊരു ബന്ധവുമില്ല. യൂണിവേഴ്സിറ്റിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളെ വൈസ് ചാൻസലർ ഭൂപീന്ദർ കൗർ അനൻ അപലപിച്ചു.