ഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയുടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് ഉടനീളം റെഡ് അലേർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് രോഹിണിയിൽ നിർമാണത്തിലിരുന്ന നാല് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ലോധി റോഡിൽ 80.2 മില്ലിമീറ്റർ, റിഡ്ജ് 77.8 മില്ലിമീറ്റർ, പാലം 63 മില്ലിമീറ്റർ, അയനഗർ 57.4 മില്ലിമീറ്റർ എന്നിങ്ങനെയാണ് ഇന്ന് മഴ ലഭിച്ചത്.
സദർ ബസാർ, ഗ്രേറ്റർ കൈലാഷ്, ബദർപൂർ, നാസിർപൂർ, തെലിവാര, മഹാവീർ ബസാർ, സ്വരൂപ് നഗർ, കുശാക് റോഡ്, മുനിർക്ക, ദ്വാരക, വികാസ് മാർഗ്, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പ്രദേശം തുടങ്ങി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഡൽഹി-നോയിഡ എക്സ്പ്രസ് വേ, ധൗള കുവാൻ, മഹിപാൽപൂർ, രാജോക്രി എന്നിവിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.