NATIONAL

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡൽഹി: വായുഗുണനിലവാരം 400 കടന്നു, ആരോഗ്യമുള്ള വ്യക്തിപോലും വീണു പോകുന്ന അവസ്ഥ

ഐഐടി ഡൽഹിയിലാണ് ഏറ്റവും ഉയർന്ന മലിനീകരണ തോതായ 487 രേഖപ്പെടുത്തിയത്. ചാന്ദ്‌നി ചൗക്കിലും ഡൽഹി സർവ്വകലാശാല നോർത്ത് ക്യാമ്പസിലും 476 വീതവും, പൂസയിൽ 468-ഉം, ജാഫർപൂരിൽ 461-ഉം രേഖപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: ഡൽഹിയിൽ വായുമലിനീകരണം വീണ്ടും അതിരൂക്ഷമായി. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 403-ലേക്ക് ഉയർന്നതോടെ ഡല്‍ഹി വായുമലിനീകരണത്തിന്‍റെ കാര്യത്തില്‍ 'അതീവ ഗുരുതര' വിഭാഗത്തില്‍ എത്തി. നവംബർ എട്ടിന് നടന്ന ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ തണുപ്പ് വർദ്ധിച്ചതും കനത്ത പുകമഞ്ഞ് രൂപപ്പെട്ടതുമാണ് വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിയാൻ കാരണമായത് എന്നാണ് വിവരം. പുലർച്ചെ മുതൽ നഗരത്തെ മൂടിയ കനത്ത വിഷപ്പുക ജനജീവിതത്തെയും വാഹനഗതാഗതത്തെയും സാരമായി ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍, നവംബർ 10 ന് 299 , നവംബർ 11 ന് 313 , നവംബർ 12 ന് 350 എന്നിങ്ങനെ അനുദിനം വഷളായ വായുഗുണനിലവാര സൂചികയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇതാണ് വെള്ളിയാഴ്ച 400 കടന്ന് അപകടനിലയിലെത്തിയത്

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിലെ 58 നിരീക്ഷണ കേന്ദ്രങ്ങളിൽ 33 ഇടങ്ങളിലും വായുഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും സൂചിക 450 ഉം കടന്ന് മുന്നേറി. ഐഐടി ഡൽഹിയിലാണ് ഏറ്റവും ഉയർന്ന മലിനീകരണ തോതായ 487 രേഖപ്പെടുത്തിയത്. ചാന്ദ്‌നി ചൗക്കിലും ഡൽഹി സർവ്വകലാശാല നോർത്ത് ക്യാമ്പസിലും 476 വീതവും, പൂസയിൽ 468-ഉം, ജാഫർപൂരിൽ 461-ഉം രേഖപ്പെടുത്തി. വിവിധ കേന്ദ്രങ്ങളിൽ ഐടിഒ (451), ജെഎൻയു (451), ബുരാരി ക്രോസിംഗ് (456), ജഹാംഗീർപുരി (430), വസീർപൂർ (427), ആനന്ദ് വിഹാർ (419), രോഹിണി (413), ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി3 ടെർമിനൽ (403), തിക്രി കലാൻ (402) എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ശ്രീ അരബിന്ദോ മാർഗ് (392), ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം (374) എന്നിവിടങ്ങളിൽ വായു 'വളരെ മോശം' വിഭാഗത്തിലാണുള്ളത്.

വായുഗുണനിലവാര സൂചിക 401 നും 500 നും ഇടയിലാകുന്നത് ആരോഗ്യമുള്ള വ്യക്തികളെപ്പോലും സാരമായി ബാധിക്കുമെന്നും, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദ്രോഗവുമുള്ളവർക്ക് ജീവന് തന്നെ ഭീഷണിയാകുമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകുന്നു. ഡൽഹിയിലെ പല ആശുപത്രികളിലും ശ്വാസതടസ്സവും ചുമയും അലർജിയുമായി എത്തുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. കാറ്റിന്റെ വേഗത കുറഞ്ഞതും തണുപ്പ് കടുക്കുന്നതും കാരണം വരും ദിവസങ്ങളിലും പുകമഞ്ഞ് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.

SCROLL FOR NEXT