NATIONAL

ഇതൊക്കെ എങ്ങനെയാണ് സംഭവിക്കുന്നത്? ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ കുടഞ്ഞ് കോടതി

നിരവധി ചോദ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് ഇന്ന് ഹൈക്കോടതി ഉന്നയിച്ചത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ഇന്‍ഡിഗോയുടെ പ്രതിസന്ധി മുതലെടുത്ത് മറ്റ് നിരക്ക് കുത്തനെ ഉയര്‍ത്താന്‍ മറ്റ് വിമാനക്കമ്പനികളെ എങ്ങനെയാണ് അനുവദിക്കുക എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു.

ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അത് മുതലെടുക്കാന്‍ എങ്ങനെ മറ്റ് വിമാനക്കമ്പനികളെ അനുവദിക്കും? എങ്ങനെയാണ് 35,000 മുതല്‍ 39,000 വരെ നിരക്ക് ഉയര്‍ത്തുന്നത്? മറ്റ് വിമാനക്കമ്പനികള്‍ക്ക് എങ്ങനെ തുക കൂട്ടാനാകും? ഇതൊക്കെ എങ്ങനെയാണ് നടക്കുക? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് ഇന്ന് ഹൈക്കോടതി ഉന്നയിച്ചത്.

രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താളം തെറ്റിയതിനു പിന്നാലെയാണ് അവസരം മുതലെടുത്ത് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത്. ആഭ്യന്തര സര്‍വീസിന് ഡിമാന്‍ഡ് കൂടിയതോടെ, വിദേശ യാത്രയേക്കാള്‍ കൂടുതല്‍ തുക പോലും ചില കമ്പനികള്‍ ഈടാക്കിയിരുന്നു.

മുംബൈ-ഡല്‍ഹി ഇക്കണോമി ടിക്കറ്റിന് 35,000 രൂപ വരെ ആയിരുന്നു. സാധാരാണ അവസാന നിമിഷം ബുക്ക് ചെയ്യുമ്പോള്‍ ആകുന്നതിനേക്കാള്‍ ഇരട്ടിയാണ് വിമാനക്കമ്പനികള്‍ ഈടാക്കിയത്.

പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇത്തരം സാഹചര്യം എങ്ങനെ ഉണ്ടായി എന്നും കോടതി ചോദിച്ചു. ആരാണ് ഇതിന് ഉത്തരവാദി? വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വ്യക്തികളുടെ മാത്രം പ്രശ്‌നമല്ലെന്നും സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ നഷ്ടം കൂടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. യാത്രക്കാരെ ഉപദ്രവിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന കാര്യങ്ങളാണിത്.

യാത്രക്കാര്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും സേവന ദാതാക്കളുടെ ജീവനക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ആരാഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വായിച്ചു. ഇതിനു മറുപടിയായി മറുചോദ്യമായിരുന്നു കോടതി ഉന്നയിച്ചത്. പ്രതിസന്ധി ഉണ്ടായപ്പോള്‍ നിങ്ങള്‍ അവരെയെല്ലാം കൊണ്ടുപോയി, ചോദ്യം അതല്ല, എന്തുകൊണ്ട് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്, എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നു കൂടി കോടതി ചോദിച്ചു.

പൈലറ്റുമാര്‍ക്ക് അമിത ജോലിഭാരം ഏല്‍പ്പിക്കുന്നത് എന്തുകൊണ്ടാണെന്നും അത് തടയാന്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും കൂടി കോടതി കേന്ദ്രത്തോട് ചോദിച്ചു.

SCROLL FOR NEXT