"കേന്ദ്ര സർക്കാരിൻ്റെ ഭിക്ഷ ഞങ്ങൾക്ക് വേണ്ട"; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര വ്യവസ്ഥകൾ പൊതുവേദിയിൽ കീറിയെറിഞ്ഞ് മമതാ ബാനർജി, വീഡിയോ

കേന്ദ്ര നിബന്ധനകൾ ബംഗാൾ അംഗീകരിക്കുന്നില്ലെന്നും, സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തൊഴിൽ ദാന പദ്ധതികൾ പഴയത് പോലെ തന്നെ തുടരുമെന്നും മമത വേദിയിൽ പ്രഖ്യാപിച്ചു.
മമതാ ബാനർജി
Published on
Updated on

കൊൽക്കത്ത: കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGA) '100 ദിന തൊഴിലു'മായി ബന്ധപ്പെട്ട നിബന്ധനകളിൽ കേന്ദ്ര സർക്കാരുമായി തർക്കം തുടർന്ന് പശ്ചിമ ബംഗാൾ സർക്കാർ. കൂച്ച് ബെഹാറിൽ നടന്ന പൊതുപരിപാടിയിൽ വച്ച് കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ഉൾപ്പെട്ട പേപ്പർ വലിച്ചുകീറിയാണ് മമതാ ബാനർജി പ്രതിഷേധമറിയിച്ചത്. കേന്ദ്ര നിബന്ധനകൾ ബംഗാൾ അംഗീകരിക്കുന്നില്ലെന്നും, സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തൊഴിൽ ദാന പദ്ധതികൾ പഴയത് പോലെ തന്നെ തുടരുമെന്നും മമത യോഗത്തിൻ്റെ വേദിയിൽ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച കൂച്ച് ബെഹാറിലെ രശ്മേല മൈതാനത്ത് നടന്ന രാഷ്ട്രീയ യോഗത്തിൽ തുടക്കം മുതൽ തന്നെ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ മമതാ ബാനർജി രൂക്ഷ വിമർശനമാണ് നടത്തിയത്. കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ, ഫെഡറൽ ചട്ടലംഘനങ്ങളെ അവർ തുറന്നുകാട്ടി. "കഴിഞ്ഞ നാല് വർഷമായി 100 ദിന ജോലിക്ക് പണം നൽകുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. അങ്ങനെ അവർ നിരവധി ഭവന പദ്ധതികൾ നിർത്തലാക്കിച്ചു. അതോടെ ഗ്രാമീണ റോഡുകളിലെ പണിനിലച്ചു," മമത ചൂണ്ടിക്കാട്ടി.

മമതാ ബാനർജി
"വോട്ട് ചോരിയേക്കാൾ വലിയ ദേശവിരുദ്ധ പ്രവർത്തനമില്ല"; എസ്ഐആർ ചർച്ചയിൽ ബിജെപിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

"ബംഗാൾ സർക്കാർ ത്രൈമാസ തൊഴിൽ ബജറ്റ് കേന്ദ്ര സർക്കാരിനെ കാണിക്കേണ്ടി വരുമെന്നാണ് വ്യവസ്ഥയിൽ ആവശ്യപ്പെടുന്നത്. അതായത് 100 ദിന ജോലിയുടെ ത്രൈമാസ കണക്ക് നൽകണമെന്നാണ് കേന്ദ്ര സർക്കാർ ബംഗാളിലെ തൊഴിൽ വകുപ്പിനെ അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തെ ബജറ്റ് കാണിക്കേണ്ട സമയം എപ്പോഴാണ്? ഡിസംബറിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അതിന് പുറമെ ഒരു ഗ്രാമസഭയിൽ 10 പേർക്ക് മാത്രമെ ജോലി ലഭിക്കൂ എന്നാണ് കേന്ദ്രം മുന്നോട്ടുവച്ച നിബന്ധന. അതെങ്ങനെ ശരിയാകും? ചിലപ്പോൾ ഒരു കുടുംബത്തിൽ തന്നെ 10 ദരിദ്രരുണ്ടാകും. 100 ദിന ജോലിക്കുള്ള പരിശീലനവും വ്യവസ്ഥകളിൽ നിർദേശിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ ഭൂമിയിൽ പണി നടത്താൻ കഴിയില്ലെന്നാണ് ബിജെപി സർക്കാർ പറയുന്നത്. കേന്ദ്രവ്യവസ്ഥകൾ ഒരു വിലയുമില്ലാത്തതാണ്," മമതാ ബാനർജി പറഞ്ഞു.

"തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും. ഇത്തവണ കർമശ്രീയിൽ ബംഗാളിൽ 75 ദിവസത്തെ ജോലി ചെയ്തു. അടുത്ത തവണ ബംഗാൾ 100 ദിവസത്തെ ജോലി ചെയ്യും. കേന്ദ്ര സർക്കാരിൻ്റെ ഭിക്ഷ ഞങ്ങൾക്ക് വേണ്ട. ബംഗാളിന് സ്വന്തം കാലിൽ നടക്കാൻ അറിയാം," മുഖ്യമന്ത്രി മമതാ ബാനർജി കൂട്ടിച്ചേർത്തു. 2021 മുതൽ പശ്ചിമ ബംഗാൾ സർക്കാർ 100 ദിന തൊഴിൽ പദ്ധതിയുടെ സംസ്ഥാന വിഹിതം നിർത്തിവച്ചിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന ട്രഷറിയിൽ നിന്നുള്ള പണം ഉപയോഗിച്ച് 'കർമശ്രീ' എന്ന ബദൽ പദ്ധതി മമത ആരംഭിച്ചു.

മമതാ ബാനർജി
ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; ഏഷ്യയിൽ കമ്പനിയുടെ എക്കാലത്തെയും ഉയർന്ന നിക്ഷേപം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com