നടൻ അമിതാഭ് ബച്ചനെ അക്രമിക്കാനുള്ള പദ്ധതി പൊളിച്ച് ഡൽഹി പൊലീസ് 
NATIONAL

നടൻ അമിതാഭ് ബച്ചനെ ആക്രമിക്കാനുള്ള പദ്ധതി പൊളിച്ച് ഡൽഹി പൊലീസ്; രണ്ട് പേർ അറസ്റ്റിൽ

അമിതാഭ് ബച്ചൻ്റെ വസതിക്ക് പുറത്ത് വെടിവയ്പ്പ് നടത്താനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചൻ്റെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവയ്പ്പ് നടത്താനുള്ള ഗുണ്ടാസംഘത്തിൻ്റെ പദ്ധതി ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഷൂട്ടർമാർ പൊലീസ് കസ്റ്റഡിയിലായി.

ജലന്ധർ സ്വദേശിയായ വികാസ് ഠാക്കൂർ എന്ന വിക്കി, പഞ്ചാബിലെ തരൺ തരൺ സ്വദേശിയായ ദീപക് സിങ് എന്ന ദീപ് എന്നിവരാണ് പിടിയിലായത്. വികാസിനെ ഡൽഹിയിൽ നിന്നും ദീപക്കിനെ മുംബൈയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. വിദേശത്തുള്ള ഗുണ്ടാനേതാവിൻ്റെ നിർദേശപ്രകാരം ബച്ചൻ്റെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവയ്പ്പ് നടത്താനായിരുന്നു ഇവരുടെ പദ്ധതി.

1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ബച്ചൻ നടത്തിയെന്നാരോപിക്കപ്പെടുന്ന പരാമർശങ്ങളുടെ പേരിലാണ് ഗുണ്ടാസംഘം അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നാണ് വിവരം. എന്നാൽ താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിൽ അമൃത്‌സറിൽ നടന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മാഡ് സന്ധുവിൻ്റെ കൊലപാതകക്കേസിലും ദീപക് സിങ് പ്രതിയാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അമിതാഭ് ബച്ചൻ്റെ മുംബൈ ജുഹുവിലുള്ള ജൽസ വസതിക്ക് നേരെ ഇമെയിൽ വഴിയുള്ള ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഭീഷണികളുടെ പശ്ചാത്തലത്തിൽ ബച്ചൻ്റെ വസതിക്ക് ചുറ്റും മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT