NATIONAL

അണയാത്ത സമരവീര്യം… ഡൽഹിയിൽ പ്രക്ഷോഭകരെ അടിച്ചമർത്തി കേന്ദ്രസേനയും പൊലീസും, പോരാട്ടം തുടരുമെന്ന് നേതാക്കൾ

നേതാക്കൾ മുതൽ . രാജ്യതലസ്ഥാനത്തെ പൊലീസിന്റെ നരനായാട്ടിൽ മുട്ട് മടക്കാതെ പ്രക്ഷോഭകർ. നാളെ ഇന്ത്യാസഖ്യത്തിന്റെ കൂറ്റൻ മാർച്ച് സംഘടിപ്പിക്കും.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ യുദ്ധക്കളമായി രാജ്യതലസ്ഥാനം. പ്രക്ഷോഭത്തിന് ഇറങ്ങിയ CJP- ഇടത് യുവജനസംഘടനാ പ്രവർത്തകരെ പൊലീസ് മൃഗീയമായാണ് നേരിട്ടത്. കസ്റ്റഡിയിൽ എടുത്ത പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചു. മാധ്യമപ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രക്ഷോഭം നേരിടാൻ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച സുപ്രിംകോടതി സമാധാനമായി പ്രതിഷേധിക്കാൻ അനുമതി നൽകണം എന്ന് നിർദേശിച്ചു.

ഉച്ചക്ക് 12 മണിയോടെ കോണാട്ട് പ്ലേസിൽ ഇടത് യുജനസംഘടനകൾ സംഘടിച്ച് എത്തിയതോടെയാണ് ഒരു പകൽ നീണ്ടസമരപരമ്പരകൾക്ക് തുടക്കമായത്. ഗ്യാനേഷ് വിരുദ്ധമുദ്രാവാക്യം വിളികളുമായി DYFI,AISF,SFI പ്രവർത്തകർ തെരുവിലിറങ്ങി. സംയുക്തപ്രതിഷേധം സൻസദ് മാർഗ് ലക്ഷ്യമിട്ട് അതിവേഗം മുന്നോട്ട് നീങ്ങി. പ്രവർത്തകരെ തടഞ്ഞ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാൻ ഡൽഹി പൊലീസിന്റെ ശ്രമം. പ്രതിഷേധക്കാരെ വലിച്ചിഴച്ചും തൂക്കിയെടുത്തും പ്രക്ഷോഭം അടിട്ടമർത്താൻ ശ്രമിച്ച പൊലീസിന്റെ നരനായാട്ടാണ് പിന്നീട് നടന്നത്.

പൊലീസ് വാഹനത്തിൽ വനിതാ പ്രവർത്തകരും പൊലീസ് അതിക്രമത്തിന് ഇരയായി. റോഡിലൂടെ വലിച്ചിഴച്ച എസ്എഫ്ഐ അഖേലന്ത്യ പ്രസിഡന്റ് ആദർശ് എം സജിക്ക് നെറ്റിക്ക് പരിക്കേറ്റു. ജെയ്ക് സി തോമസിനെ ഇടിവണ്ടിയിൽ അർധ നഗ്നനാക്കി ബൂട്ടിട്ട് ചവിട്ടി. പൊലീസ് നടപടിയെ വിമർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ക്രൂരമായ പൊലീസ് നടപടി. ജോൺ ബ്രിട്ടാസ് എംപിയെ തൂക്കിയെടുത്ത് വാഹനത്തിലെക്ക് എറിഞ്ഞു. പൊലീസ് വാഹനത്തിൽ ശ്വാസംമുട്ടിച്ചെന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും ജോൺബ്രിട്ടാസ് പറഞ്ഞു. പൊലീസ് വിട്ടയച്ചശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ ബ്രിട്ടാസ് ഏറെ നേരം നടപ്പാതയിൽ ഇരുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറയിലൂടെ കൺട്രോൾ റൂമിൽ ഇരുന്ന DCP ,എംപിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആണ് ബ്രിട്ടാസിനെ വിട്ടയച്ചത്. ഉച്ചക്ക് ശേഷം ഐസ അടക്കമുള്ള സംഘടനകൾ രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലായി മിന്നൽ സമരത്തിനിറങ്ങി. തുടർച്ചയായി സമരവേദി മാറ്റിക്കൊണ്ടായിരുന്നു ഐസയുടെ നീക്കം. ഐസ ദേശീയ അധ്യക്ഷ നേഹ ബോറ അടക്കമുള്ള നേതാക്കളും കസ്റ്റഡിയിലായി. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരും പൊലീസ് അതിക്രമം നേരിട്ടു. ചാനൽമൈക്കും ഐഡിക്കാർഡും ഉള്ള മാധ്യമ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ബസിൽ കയറ്റി.

ഡൽഹിയിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കൊപ്പം പള്ളിയിൽ അച്ഛൻ ബിജു സേവിയറും അറസ്റ്റിലായി. സമരത്തിൻ്റെ വീഡിയോ എടുത്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു പൊലീസ് ബലം പ്രയോഗിച്ച് വണ്ടിയിൽ കയറ്റിയത്. മോശമായ ഭാഷയിലാണ് പൊലീസ് സംസാരിച്ചത്. പുരോഹിതനാണെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹത്തെ പൊലീസ് വിട്ടയച്ചില്ല.

അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നാളെ മുതല്‍ വീണ്ടും സമരം ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിൻ്റെ തീരുമാനം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സുപ്രിംകോടതിയിലേക്ക് മാർച്ച നടത്താൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് നിവേദനം സമർപ്പിക്കും എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എസ്ഐആർ നിർത്തിവെയ്ക്കണം എന്നും നിവേദനത്തിൽ ആവശ്യപ്പെടും. യുവാക്കളും പ്രതിപക്ഷവും മാർച്ചിൽ അണിചേരണം എന്ന് രാഹുൽ ആഹ്വാനം ചെയ്തു. സമരം തടയാൻ രാജ്യതലസ്ഥാനത്ത് അസാധാരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഡൽഹി പൊലീസിന് സുപ്രീംകോടതിയിൽ നിന്നും അതിരൂക്ഷ വിമർശനമാണ് ഇന്ന് നേരിടേണ്ടിവന്നത്. സമാധാനപരമായി പ്രതിഷേധിക്കാൻ അനുമതി നൽകണം എന്നും പൗരസ്വാതന്ത്ര്യം നിഷേധിക്കരുതെന്നും കോടതി നിർദേശം നൽകി.

അതേ സമയം ഡൽഹി പൊലീസ് അതിക്രമങ്ങളിൽ സുപ്രീംകോടതിയെ ആശങ്ക അറിയിക്കാൻ കോൺഗ്രസ്. ചീഫ് ജസ്റ്റിനെ കാണാൻ അനുമതി ലഭിച്ചെന്ന് മല്ലികാർജുൻ ഖർഗെ. നാളെ ഇന്ത്യാ സഖ്യത്തിന്റെ കൂറ്റൻ മാർച്ച്. രണ്ടാം സ്വാതന്ത്ര്യസമരമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. പൊലീസ് ബ്രിട്ടീഷുകാരേക്കാൾ ക്രൂരത കാട്ടുന്നുവെന്നും, ഗ്യാനേഷിനെതിരെ ഒരുമിച്ച് പോരാടുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി പറഞ്ഞു. ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റാൻ കേരള നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ പ്രമേയം അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാലത്തെ പ്രവർത്തനങ്ങളിൽ ഗുരുതരമായ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം.

SCROLL FOR NEXT