ആൻഡമാൻ നിക്കോബാറിലെ മുൻ എംപി ഉൾപ്പെട്ട സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇതാദ്യമായാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇഡി റെയ്ഡ് നടക്കുന്നത്.
ആൻഡമാൻ നിക്കോബാർ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിനും (ANSCB) അതിന്‍റെ വൈസ് ചെയർമാൻ കുൽദീപ് റായ് ശർമ്മയ്ക്കുമെതിരെയാണ് കേസ്. കോൺഗ്രസ് നേതാവായ ഇയാള്‍ മുൻ എംപികൂടിയാണ്.
പോർട്ട് ബ്ലെയറിനും സമീപത്തുമായുള്ള ഒമ്പത് സ്ഥലങ്ങളും കൊല്‍ക്കട്ടയ്ക്ക് സമീപമുള്ള രണ്ട് സ്ഥലങ്ങളിലുമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം റെയ്ഡ് നടത്തിയത്. ഇതാദ്യമായാണ് ബംഗാള്‍ ഉള്‍ക്കടലിൽപ്പെടുന്ന ഒരു കേന്ദ്ര സ്വയംഭരണ പ്രദേശത്ത് ഇഡി റെയ്ഡ് നടത്തുന്നത്. എഎൻഎസ്‌സി ബാങ്കിന്‍റെ വായ്പാ വിതരണത്തിലും ഓവർഡ്രാഫ്റ്റ് സൗകര്യങ്ങളിലും വലിയ തോതിലുള്ള ക്രമക്കേട് നടന്നതായി സൂചിപ്പിക്കുന്ന രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രതികള്‍ ഏകദേശം 15 സ്ഥാപനങ്ങളുടെ ഒരു ഗ്രൂപ്പ് സൃഷ്ടിച്ചുവെന്നും എഎൻഎസ്‌സി ബാങ്കിൽ നിന്ന് 200 കോടിയിലധികം രൂപയുടെ വായ്പാ സൗകര്യങ്ങൾ ഈ സ്ഥാപനങ്ങൾ വഞ്ചനാപരമായി കൈപ്പറ്റിയെന്നുമാണ് ആരോപണം. ബാങ്കിന്‍റെ നടപടിക്രമങ്ങളും മാർഗനിർദ്ദേശങ്ങളും അവഗണിച്ചുകൊണ്ട് വിവിധ ഷെൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വായ്പാ സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നു.