മമത-ഋതബ്രത വിഭാഗത്തിന് ചിഹ്നവും പേരും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ  
NATIONAL

തൃണമൂൽ കോൺഗ്രസിൽ തർക്കം: മമത-ഋതബ്രത വിഭാഗത്തിന് പുതിയ പേരും, ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മമത-ഋതബ്രത വിഭാഗം പേരിനും ചിഹ്നത്തിനുമായി തർക്കം ഉന്നയിച്ചതോടെയാണ് കമ്മീഷൻ്റെ ഇടപെടൽ

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിൽ പേരിനും ചിഹ്നത്തിനും തർക്കം മുറുകിയതോടെ ഔദ്യോഗിക പക്ഷത്തിനും വിമത പക്ഷത്തിനും പുതിയ പേരും ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മമത-ഋതബ്രത വിഭാഗങ്ങൾക്കാണ് പുതിയ പേരും ചിഹ്നവും കമ്മീഷൻ അനുവദിച്ചത്.

മമത പക്ഷത്തിന് ഫുട്ബോൾ താരമാണ് ചിഹ്നമായി നൽകിയിട്ടുള്ളത്. ഋതബ്രത പക്ഷത്തിന് പേപ്പർ കവറാണ് ചിഹ്നം. മമത പക്ഷത്തിൻ്റെ പേര് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്നും. ഋതബ്രത പക്ഷത്തിൻ്റെ പേര് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്നുമാണ് കമ്മീഷൻ നൽകിയിട്ടുള്ള പേര്.

തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയിൽ പേരിനും ചിഹ്നത്തിനും തർക്കം രൂക്ഷമായതോടെയാണ് പാർട്ടി ചിഹ്നവും പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലികമായി മരവിപ്പിച്ചത്. നന്ദിഗ്രാം, റെജിനഗര്‍ മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെട്ട് ഒക്ടോബര്‍ ആറിന് നടക്കാനിരിക്കെ കമ്മീഷൻ്റെ നടപടി.

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ പൂക്കളും പുല്ലും ഉള്‍പ്പെട്ട ചിഹ്നവുമാണ് മരവിപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം ഉടലെടുത്തത്. ബിജെപി ആദ്യമായി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ മമതയുടെയും അനന്തരവന്‍ അഭിഷേകിൻ്റെയും നേതൃത്വത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

തൃണമൂലിലെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെട്ടത്. ഇതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനര്‍ജി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവിഭാഗവും പാര്‍ട്ടി പേരും ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിന്മേല്‍ ഇരുവിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT