

ഉത്തർപ്രദേശ്: 2006-ലെ നോയിഡ നിതാരി കൂട്ടക്കൊല കേസിൽ അറസ്റ്റിലാവുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത സുരീന്ദർ കോലി ജീവനൊടുക്കി. ഹരിദ്വാറിലെ ഭൂപത്‌വാല എന്ന പ്രദേശത്ത് ചായക്കടയ്ക്കുള്ളിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കോലിയുടെ പക്കൽ നിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2005-2006 കാലഘട്ടത്തിൽ നോയിഡയിലെ നിതാരി ഗ്രാമത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ ദാരുണമായി കൊല്ലപ്പെട്ട കേസിലാണ് വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥറും അദ്ദേഹത്തിൻ്റെ വീട്ടുജോലിക്കാരനായ സുരീന്ദർ കോലിയും അറസ്റ്റിലാകുന്നത്. വിചാരണക്കോടതി സുരീന്ദർ കോലിക്ക് നിരവധി കേസുകളിൽ വധശിക്ഷ വിധിച്ചിരുന്നു.
എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കി. തുടർന്ന് 2025 നവംബറിൽ സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും അവസാനത്തെ കേസിൽ നിന്നും കോലിയെ പൂർണമായി മോചിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു.
ജയിൽ മോചിതനായ ശേഷം ഇയാൾ കഴിഞ്ഞ ഏതാനും മാസങ്ങളായി ഹരിദ്വാറിൽ വാടകയ്‌ക്കെടുത്ത കടയിൽ ചായക്കച്ചവടം നടത്തി വരികയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.