ഇന്ദിരാഗാന്ധിയുടെ തിഹാർ ജയിൽവാസകാല അനുഭവം പങ്കുവച്ച് സോണിയ ഗാന്ധി 
NATIONAL

ചാൾസ് ശോഭ്‌രാജിൻ്റെ കാമുകിക്ക് ജയിലിൽ ഭക്ഷണം എത്തിച്ചു നൽകി; ഇന്ദിരാഗാന്ധിയുടെ തിഹാർ ജയിൽവാസ അനുഭവം പങ്കുവച്ച് സോണിയ ഗാന്ധി

ജയിലിലെ ആദ്യ സന്ദർശനത്തിൽ ഇന്ദിരഗാന്ധിയെ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയ അനുഭവവും സോണിയ ഗാന്ധി വിവരിക്കുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: 1978 ഡിസംബറിൽ ഇന്ദിരാഗാന്ധി തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭ്‌രാജിൻ്റെ കാമുകിക്ക് വേണ്ടി ഭക്ഷണം എത്തിച്ചിരുന്നതായി വെളിപ്പെടുത്തി സോണിയാ ഗാന്ധി. അടുത്തിടെ പുറത്തിറങ്ങിയ ബിലോംഗിങ്: എ ജേണി ഓഫ് ലവ് എന്ന ഓർമക്കുറിപ്പിലാണ് സോണിയാ ഗാന്ധി തൻ്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ജയിലിലെ ആദ്യ സന്ദർശനത്തിൽ ഇന്ദിരയെ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയ അനുഭവവും വിവരിക്കുന്നുണ്ട്. ഇരുമ്പഴികളാൽ ചുറ്റപ്പെട്ട ചെറിയൊരു കസേരയിലായിരുന്നു ഇന്ദിര ഇരുന്നിരുന്നത്. പിന്നീട് മക്കളായ രാഹുലിനെയും പ്രിയങ്കയെയും കാണാൻ അനുവദിച്ചതോടെ ഇന്ദിരയുടെ മുഖം സന്തോഷംകൊണ്ട് വിടർന്നതായും സോണിയ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലായിരുന്നു സോണിയ ഗാന്ധി ഇന്ദിരയ്ക്കായി ഉച്ചഭക്ഷണവുമായി തിഹാർ ജയിലിലെത്തിയത്. ഇന്ദിരയുടെ നിർദേശപ്രകാരം അവർക്ക് കാവൽ നിന്നിരുന്ന മൂന്ന് വനിതാ ജീവനക്കാർക്കും അതേ സെല്ലിന് സമീപം തടവിലായിരുന്ന വിദേശ വനിതയ്ക്കും ഭക്ഷണം കരുതിയിരുന്നു. ചാൾസ് ശോഭ്‌രാജിൻ്റെ കൂട്ടാളിയായ ഓസ്‌ട്രേലിയൻ യുവതിയെന്നാണ് സോണിയ പുസ്തകത്തിൽ ഇവരെ വിശേഷിപ്പിക്കുന്നത്.

എന്നാൽ തയ്യാറാക്കിയ ഭക്ഷണത്തിലെ പന്നിയിറച്ചി ആ പെൺകുട്ടി കഴിക്കില്ലെന്ന് അറിഞ്ഞതോടെ പെട്ടെന്ന് തന്നെ മെനു മാറ്റി പകരം റോസ്റ്റ് ചിക്കൻ തയ്യാറാക്കി നൽകേണ്ടി വന്നതായും പുസ്തകത്തിൽ പറയുന്നു. ഇന്ദിരയ്ക്ക് ആ യുവതിയോട് സഹതാപം തോന്നിയിരുന്നു. എന്നാൽ സോണിയ പരാമർശിക്കുന്ന യുവതിയുടെ പേര് പുസ്തകത്തിൽ വ്യക്തമാക്കിയിട്ടില്ല. 1976ൽ ചാൾസ് ശോഭ്‌രാജിനൊപ്പം ഡൽഹിയിൽ അറസ്റ്റിലായ മൂന്ന് വനിതകളിൽ ഒരാളായിരിക്കാം ഇവരെന്നാണ് വിവരം.

ലെക്ലർക്ക് ആയിരിക്കാം തിഹാറിൽ ജയിലിൽ അന്ന് ഉണ്ടായിരുന്നതെന്നാണ് സൂചന. 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാരിൻ്റെ കാലത്താണ് ഇന്ദിര ജയിലിലായത്. 1978 ഡിസംബർ 19ന് ലോക്‌സഭയിൽ അവകാശലംഘനവും സഭയോടുള്ള അവഹേളനവും ചൂണ്ടിക്കാട്ടിയുള്ള പ്രമേയം പാസാക്കിയതിനെത്തുടർന്നായിരുന്നു നടപടി. ഡിസംബർ 26ന് ഇന്ദിര ഗാന്ധി ജയിൽ മോചിതയായി.

SCROLL FOR NEXT