സുരേഷ് കൽമാഡി 
NATIONAL

മുൻ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി അന്തരിച്ചു

അസുഖബാധിതനായി പൂനെയിൽ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. അസുഖബാധിതനായി പൂനെയിൽ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുലർച്ചെ 3.30 ഓടെയാണ് അന്തരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മണി വരെ പുനെ എരന്ദ്‌വാനെ പ്രദേശത്തുള്ള കൽമാഡി ഹൗസിൽ പൊതുദർശനം നടക്കും. ശേഷം നവി പേത്തിലെ വൈകുണ്ഠ് ശ്മശാനത്തിൽ വൈകീട്ട് 3.30ന് സംസ്കാരം നടക്കും.

കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്ന സുരേഷ് കൽമാഡി, ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായും ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. 2010ലെ കോമൺ‌വെൽത്ത് ഗെയിംസ് അഴിമതി കേസ് കൽമാഡിയുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ഗെയിംസ് ഫണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് അഴിമതി നിരോധന നിയമപ്രകാരം കൽമാഡിക്കെതിരെ കേസെടുത്തു. തുടർന്ന് കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

രാഷ്ട്രീയത്തിലേക്ക് കടക്കും മുൻപ്, കൽമാഡി വ്യോമസേനയിൽ പൈലറ്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1964- 1972 കാലഘട്ടത്തിലായിരുന്നു കൽമാഡിയുടെ പൈലറ്റ് ജീവിതം. 1974ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

SCROLL FOR NEXT