സിജെപി വിജയാഹ്ളാദം ANI
NATIONAL

'ഗാന്ധിയിൽ നിന്ന് പഠിച്ച പാഠങ്ങൾ വിജയിച്ചു'; ഐതിഹാസികം 'പാറ്റകളുടെ' വിജയം

രാജ്യം ഐക്യത്തോടെ നിലനിൽക്കാനും വിദ്യാർഥികൾ നിയമക്കുരുക്കിൽ അകപ്പെടാതിരിക്കാനും രാജിവെക്കുന്നു എന്നാണ് പ്രധാന്റെ ഭാഷ്യം

Author : ന്യൂസ് ഡെസ്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ കോക്രാച്ച് ജനതാ പാർട്ടിയുടെ സമരത്തിന് ഐതിഹാസിക വിജയം. സിജെപി പ്രതിനിധികളുമായി കേന്ദ്രം നടത്തിയ നാലാം ഘട്ട ചർച്ചയിൽ മുന്നോട്ടു വെച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചതോടെ പാറ്റകൾ സമരം പിൻവലിച്ചു. സിജെപി പ്രവർത്തകർക്ക് എതിരെ രാജ്യത്താകെ എടുത്ത എല്ലാ കേസുകളും റദ്ദാക്കാനും, ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയും ജിതേന്ദ്ര സിങ്ങും നടത്തിയ ചർച്ചയിൽ ധാരണയായി.

ഉന്നതങ്ങളിലേക്ക് കൈകൂപ്പിയും സമരവേദിയിൽ മുഷ്ടി കൊണ്ട് ഇടിച്ചും അഭിജിത് പ്രഖ്യാപിച്ചു, നമ്മൾ വിജയിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിലെ അതികായനായ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കൂറകൾ കരുത്തറിയിച്ച ചരിത്ര നിമിഷം. പന്ത്രണ്ട് വർഷത്തിനിടെ ആദ്യമായി ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി ഒരു കേന്ദ്ര മന്ത്രിയുടെ രാജി. അപ്പോഴും രക്തസാക്ഷി പരിവേഷത്തിനാണ് ധർമേന്ദ്ര പ്രധാന്റെ ശ്രമം. ജന്തർമന്തറിലെ സാഹചര്യത്തിൽ നിന്ന് ദേശവിരുദ്ധ ശക്തികൾ നേട്ടം കൊയ്യാതിരിക്കാനാണ് തന്റെ രാജിയെന്ന് കത്തിൽ ധർമേന്ദ്ര പ്രധാൻ പറയുന്നു. രാജ്യം ഐക്യത്തോടെ നിലനിൽക്കാനും വിദ്യാർഥികൾ നിയമക്കുരുക്കിൽ അകപ്പെടാതിരിക്കാനും താൻ രാജിവെക്കുന്നു എന്നാണ് പ്രധാന്റെ ഭാഷ്യം. എന്നാൽ പാറ്റകൾ വിജയിച്ചു, ജനാധിപത്യവും എന്ന് അഭിജിത് ദീപ്കെ പ്രതികരിച്ചു.

സിജെപി പ്രവർത്തകർക്ക് എതിരെ രാജ്യത്തെമ്പാടും രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കാൻ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. നീറ്റ് അടക്കമുള്ള പരീക്ഷ സമ്പ്രദായത്തിൽ മാറ്റം വരുത്താനും ചർച്ചയിൽ ധാരണയായി. ഇതോടെ സിജെപി സമരം പിൻവലിച്ചു. ഗാന്ധിയിൽ നിന്ന് പഠിച്ച പാഠങ്ങൾ വിജയിച്ചു എന്നാണ് സിജെപിയുടെ ഔദ്യോഗിക പ്രതികരണം. ഗാന്ധിയുടെയും അംബേദ്കറിൻ്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങളുമായി സിജെപി പ്രവർത്തകർ വിജയാഹ്ളാദം മുഴക്കി.

പൊലീസിന്റെ നിഷ്ഠൂരതയ്ക്കോ പ്രധാനമന്ത്രിയുടെ പാതിരാ വീഡിയോകൾക്കോ മൈ ഫ്രണ്ട്സ് വിളികൾക്കോ യുവജന രോഷം അണയ്ക്കാനായില്ല. ബാരിക്കേഡുകൾക്കോ, ഫുഡ് ഡെലിവറിക്കുള്ള വിലക്കിനോ ,മെട്രോ യാത്രാ വിഘാതങ്ങൾക്കോ സമരത്തെ ശ്വാസംമുട്ടിച്ച് കൊല്ലാനായില്ല. 'കൂറകൾ' എന്ന് സ്വയം വിളിച്ചവരുടെ കരുത്തിന് മുന്നിൽ 56 ഇഞ്ച് വിറച്ചതാണ്, സമകാലിക ഇന്ത്യയുടെ സമര സൗന്ദര്യം.

ധർമേന്ദ്ര പ്രധാൻ രാജിവെച്ചിട്ടും സിജെപി എന്ന് പേര് ഉച്ചരിക്കാതെ വിദ്യാർഥികളുടെ വിജയം എന്നു പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യത്തെ വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം. ബിജെപി സർക്കാരിനെ നീക്കേണ്ട സമയം അതിക്രമിച്ചെന്നും രാഹുൽ പറഞ്ഞു. തന്റെ സഹോദരൻ അടക്കം വിദ്യാർഥികൾക്ക് ഒപ്പം നിന്ന് പോരാടി എന്ന് അവകാശപ്പെട്ടു കൊണ്ടാണ് കേന്ദ്രസർക്കാരിന് എതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചത്.

യുവാക്കളുടെ സമരം ആക്രമിക്കപ്പെട്ട രാത്രികളിൽ ജന്തർമന്തറിലേക്ക് ഓടിയെത്തിയ എം.എ. ബേബി അഭിമാന നിമിഷമാണിതെന്ന് പ്രതികരിച്ചു. സമര സ്ഥലത്തെ സ്ഥിരം സാന്നിധ്യമായിരുന്ന ജോൺ ബ്രിട്ടാസ്, വിജയാഹ്ളാദത്തിൽ പങ്കാളിയായി. 56 ഇഞ്ചിനെ യുവാക്കൾ ഇടിച്ച് നിരപ്പാക്കി എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ വിജയം എന്ന് നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്ക് പറഞ്ഞു. ഭയം കുടഞ്ഞെറിഞ്ഞ് ഉയർന്നുവന്ന എല്ലാ പൗരന്മാർക്കും നന്ദി. സമാധാനത്തിന്റെയും ക്ഷമയുടെയും സ്ഥിരോത്സാഹത്തിനും കിട്ടിയ വിജയമെന്നും സോനം പറഞ്ഞു. ഭരണകൂടത്തെ മുട്ടുകുത്തിക്കാം എന്ന് യുവാക്കൾ തെളിയിച്ചെന്ന് സമര പോരാളിയായിരുന്ന പ്രകാശ് രാജ് കുറിച്ചു. രാജ്യത്തെ യുവാക്കളുടെ വിജയമെന്ന് ജന്തർമന്തർ സമരത്തില്‍ പങ്കാളിയായ നടി രഞ്ജിനി ഹരിദാസ് പറഞ്ഞു.

പന്ത്രണ്ട് വർഷമായി രാജ്യം അടക്കിവാഴുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നോ റെസിഗ്നേഷൻ പോളിസി, പാറ്റകൾക്ക് മുന്നിൽ പാളിപ്പോയിരിക്കുന്നു.

SCROLL FOR NEXT