

ജന്തർമന്തറിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയപ്പോൾ തുടക്കത്തിൽ അകലം പാലിച്ച പ്രതിപക്ഷ മുഖ്യധാരാ പാർട്ടികൾക്ക് ഒടുവിൽ നിലപാട് മയപ്പെടുത്തേണ്ടി വന്നു. സമരം തുടങ്ങിയ ദിവസങ്ങളിൽ സംശയിച്ച് വഴിമാറി നിന്നെങ്കിലും ഏറെ താമസിക്കാതെ ഇടതുപക്ഷം യുവതയുടെ വികാരം മനസ്സിലാക്കി പാറ്റകൾക്ക് പരസ്യപിന്തുണയുമായെത്തി. ആംആദ്മിയും, സമാജ്‌വാദി പാർട്ടിയും അതിന് പിന്നാലെ സമരത്തിന് പിന്തുണയുമായി ഒപ്പംകൂടി. കോക്രോച്ചുകൾ ദേശീയശ്രദ്ധ ആകർഷിച്ചതോടെ ഒടുവിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും സമരമുഖത്തെത്തി. നേരിട്ട് സമരത്തോടൊപ്പം ചേർന്നില്ലെങ്കിലും സ്വതന്ത്രമായ പ്രക്ഷോഭങ്ങളിലൂടെ വിദ്യാർഥികൾക്ക് പിന്തുണയെന്ന നയമായിരുന്നു കോൺഗ്രസിന്റേത്.
ജന്തർമന്തർ, രാജ്യത്തെ ആർക്കും കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാനുള്ള ഇടം. കഴിഞ്ഞ 12 വർഷമായി ചെറുതും വലുതുമായ നിരവധി സമരങ്ങൾ ജന്തർമന്തറിൽ നടന്നു. അമേരിക്കയിൽ നിന്നു വന്ന അഭിജീത് ദിപ്കെയും കൂട്ടിന് ചുരുക്കം ചില ആളുകളും ചേർന്ന് നടത്തുന്ന വെറുമൊരു പ്രതിഷേധമായാണ് കേന്ദ്ര സർക്കാർ കോക്രോച്ചുകളുടെ സമരത്തെ കണ്ടത്.
രാജ്യത്തെ ഭരണഘടനയുടെ, അംബേദ്കറിൻ്റെ ചിത്രവുമായി അഭിജീതും കൂട്ടരും തുടങ്ങിയ സമരത്തെ ഭരണകക്ഷിയായ ബിജെപി മാത്രമല്ല പ്രതിപക്ഷത്തെ മുഖ്യധാര പാർട്ടികളിൽ ഭൂരിഭാഗവും ആദ്യം അവഗണിക്കുകയായിരുന്നു.. ഇടത് വിദ്യാർഥി സംഘടനകൾ മാത്രമാണ് തുടക്കം മുതലേ സമരത്തിന് ഒപ്പമുണ്ടായിരുന്നത്.. SFI , AISA അടക്കം വിദ്യാർഥി സംഘടനകൾ സമരത്തെ ഒന്നാം ദിവസം മുതൽ പിന്തുണച്ചു.. ആം ആദ്മി പാർട്ടിയും, സിപിഐഎമ്മും സിപിഐയും അടക്കമുള്ള ഇടതു പാർട്ടികളും പിന്നാലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു..
പാർലമെന്റ് മാർച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയടക്കം ജന്തർമന്തറിലെ സമരവേദിയിലെത്തി.. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെ പാർലമെന്റിലും തെരുവിലും ശക്തമായി ചോദ്യം ചെയ്തു.. വിദ്യാർഥികളുടെ ആവശ്യം ന്യായമാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും പിന്തുണയുമായെത്തി..
അപ്പോഴും കോൺഗ്രസിൻ്റെ നിലപാട് അവ്യക്തമായിരുന്നു.. നിരാഹാരമിരിക്കുന്ന സോനം വാങ്ചുക്കിനെ കോൺഗ്രസ് നേതാവ് പവൻ ഖേര സമരവേദിയിൽ നേരിട്ടെത്തി കണ്ടെങ്കിലും.. രാഹുൽ ഗാന്ധി അടക്കമുള്ള നേതൃത്വം സ്വീകരിച്ചത് വേറിട്ടവഴിയായിരുന്നു.. പിന്നീട്
കോക്രോച്ചുകളുടെ സമരത്തിന് പിന്തുണയേറുന്നു എന്ന വിലയിരുത്തിയ കോൺഗ്രസ് നേതൃത്വം വിദ്യാർഥികൾ നടത്തുന്ന സമരത്തിന് സമാനമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു.. ഒടുവിൽ പാർട്ടിയിലെ മുഴുവൻ അംഗങ്ങളെ പോലും അറിയിക്കാതെ രാഹുലിൻ്റെ സർജിക്കൽ സ്ട്രൈക്ക്.. ജന്തർമന്തറിലെ സമരവേദിയിലെത്തി സിജെപിയെ പിന്തുണക്കുന്നതിന് പകരം രാഹുലും സംഘവും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മിന്നൽ പ്രതിഷേധം നടത്തി.. സമരത്തിനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കും ശക്തമായ പിന്തുണ നൽകുന്നുണ്ടെങ്കിലും സ്വതന്ത്രമായ പ്രക്ഷോഭങ്ങളിലൂടെ വിദ്യാർഥികൾക്ക് പിന്തുണയെന്ന നയമാണ് കോൺഗ്രസ് സ്വീകരിച്ചത്..
ഏതായാലും ഈ സമരയാത്രയിൽ പല ഘട്ടങ്ങളിലായി കോക്രോച്ചുകൾക്ക് ഒപ്പം കൂടിയ പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ വിദ്യാർഥികളുടെ ആവശ്യങ്ങളെ ഒറ്റക്കെട്ടായി പിന്തുണച്ച് പ്രധാൻ്റെ രാജിയിൽ കുറഞ്ഞ ഒന്നും അംഗീകരിക്കില്ലെന്ന നിലപാടെടുത്തു.. ആ സംഘശക്തിക്ക് മുന്നിൽ ഒടുവിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്നു..