ഡൽഹി: വനിതാ സംവരണ ബില്ലിൽ നിലപാട് എടുക്കുന്നതിനായി ഇന്ത്യാ സഖ്യത്തിൻ്റെ നിർണായക യോഗം ഇന്ന് നടക്കും. യോഗത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും. സംവരണത്തിൻ്റെ മറവിൽ മണ്ഡല പുനർനിർണയത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്.
കഴിഞ്ഞ ദിവസം പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി വനിതാ സംവരണ ബില്ലിന് നരേന്ദ്ര മോദി മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ തേടിയിരുന്നു. ഒരു പാർട്ടി നിലപാടിനപ്പുറം പൊതുബാധ്യതയാണെന്നാണ് ബില്ലിനെ കുറിച്ച് മോദി പറഞ്ഞത്. ലോക്സഭയിലും നിയമ സഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുന്ന നാരി ശക്തി വന്ദൻ നടപ്പിലാക്കുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.
സംവരണ ബില്ലിന് തങ്ങൾ എതിരല്ലെന്നും എന്നാൽ ബില്ലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നുമാണ് ഖാർഗെ ആരോപിക്കുന്നത്. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടെ ലോക്സഭാ അംഗങ്ങളുടെ എണ്ണം 816 ആയി വർധിക്കും. വനിതാ സംവരണം അനുസരിച്ച് ലോക്‌സഭയിൽ നിലവിലുള്ള 543 സീറ്റുകൾക്ക് പുറമെ 273 വനിതാ സംവരണ സീറ്റുകളാണ് സ്ത്രീകൾക്കായി മാറ്റിവയ്ക്കുക.
ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൻ്റെ തുടർച്ചയിൽ പാർലമെൻ്റിൽ ബിൽ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള മറ്റൊരു പ്രത്യേക ബില്ലും സർക്കാർ സഭയിൽ വെയ്ക്കും. 2029ലെ പൊതു തെരഞ്ഞെടുപ്പിലായിരിക്കും പുതിയ നിയമം നടപ്പിലാക്കുക.