ഡൽഹി: ഇന്ത്യയുടെ രാഷ്ട്രപിതാവും അഹിംസയുടെ പ്രവാചകനുമായി മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സഹന സമരം കൊണ്ട് മുട്ടുകുത്തിച്ച് ലോകത്തിന് പുതിയ മാതൃക തീർത്ത മഹാത്മാവിന്റെ ജന്മ വാർഷികമാണ് ഇന്ന്.
ഗാന്ധി ജയന്തി പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ തന്നെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി ദർശനങ്ങളിലൂന്നി രാജ്യത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കാമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവും ആശംസാ സന്ദേശം പങ്കുവച്ചു. ഇരുവരും വിജയദശമി ആശംസകളും നേർന്നു.
ആളുകളെ ശാക്തീകരിക്കുന്നതിനുള്ള അവശ്യ മാർഗമെന്ന രീതിയിൽ സേവനത്തിൻ്റെയും കാരുണ്യത്തിൻ്റെയും ശക്തിയിൽ ഗാന്ധിജി വിശ്വസിച്ചെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ രാജ്യം അദ്ദേഹത്തിൻ്റെ പാത പിന്തുടരുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
"മനുഷ്യ ചരിത്രത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിച്ച ആദർശങ്ങൾ കൊണ്ട് പ്രിയങ്കരനായ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അസാധാരണ ജീവിതത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. ധൈര്യവും ലാളിത്യവും എങ്ങനെ വലിയ മാറ്റത്തിൻ്റെ ഉപകരണങ്ങളായി മാറുമെന്ന് അദ്ദേഹം തെളിയിച്ചു. ആളുകളെ ശാക്തീകരിക്കുന്നതിനുള്ള അവശ്യ മാർഗമെന്ന രീതിയിൽ സേവനത്തിൻ്റെയും കാരുണ്യത്തിൻ്റെയും ശക്തിയിൽ ഗാന്ധിജി വിശ്വസിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ നാം അദ്ദേഹത്തിൻ്റെ പാത പിന്തുടരും," മോദി എക്സിൽ കുറിച്ചു.