ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനായുള്ള ഉഭയകക്ഷി ചർച്ച അവസാനിച്ചു. ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ നടന്ന ചർച്ച 'പോസിറ്റീവ്' ആണെന്നാണ് ഇരുപക്ഷവും പ്രതികരിച്ചത്.
യുഎസ് വ്യാപാര പ്രതിനിധി ബ്രെന്‍ഡണ്‍ ലിഞ്ചും വാണിജ്യ, വ്യവസായ മന്ത്രാലയം സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമാണ് ഇരുരാജ്യങ്ങളെയും പ്രതിനിധീകരിച്ച് ചർച്ചയില്‍ പങ്കെടുത്തത്. വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ചർച്ചകള്‍ക്ക് ശേഷം രാജേഷ് അഗർവാള്‍ പറഞ്ഞു.
"ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടായിരുന്നു ചർച്ച. വ്യാപാര കരാറിന്റെ വിവിധ വശങ്ങൾ ഉൾക്കൊണ്ട ചർച്ച പോസിറ്റീവും ഭാവിയെ ലക്ഷ്യംവെച്ചുമായിരുന്നു. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാർ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു," രാജേഷ് അഗർവാള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ലിഞ്ചും സംഘവും ചർച്ചകൾക്കായി ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ആറാമത്തെ റൗണ്ട് ചർച്ചയല്ലിതെന്നും മറിച്ച് അവയ്ക്ക് മുന്നോടിയായുള്ള ചർച്ചയാണെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.
ജൂലൈ 30നാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന് പിഴയായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25 ശതമാനം താരിഫിന് പുറമേ അത്രയും തന്നെ അധിക തീരുവയും ഇന്ത്യക്ക് മേല്‍ ചുമത്തിയത്. ഓഗസ്റ്റ് 27ന് ഈ പുതുക്കിയ താരിഫ് പ്രാബല്യത്തിലും വന്നു. ഇത് വലിയ തോതില്‍ ഇന്ത്യ-യുഎസ് ബന്ധത്തെ ഉലച്ചു.
ട്രംപിന്റെ നീക്കത്തെ 'അന്യായം' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. റഷ്യന്‍ എണ്ണ ഏറ്റവും അധികം വാങ്ങുന്നത് ചൈനയാണെന്നും എല്‍എന്‍ജി വാങ്ങുന്നത് യൂറോപ്യന്‍ യൂണിയനാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ട്രംപിന്റെ താരിഫുകള്‍ക്ക് പിന്നിലെ യുക്തി തങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. സമവായത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 'നിർജ്ജീവ'മാണെന്ന് വിശേഷിപ്പിച്ച ട്രംപിന്റെയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെ 'രക്തപ്പണം' എന്ന് വിശേഷിപ്പിച്ച വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെയും പ്രസ്താവനകൾ ഇരുരാജ്യങ്ങള്‍ക്കിടയിലെ പിരിമുറുക്കം വർധിപ്പിച്ചു.
എന്നാല്‍, കഴിഞ്ഞ ആഴ്ച, ഇന്ത്യയുമായി ഒരു വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അവ വിജയകരമായി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞത് മഞ്ഞുരുകലിന്റെ സൂചനകള്‍ നല്‍കി. ഇതിനു പിന്നാലെ, സമാനമായ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. തുടർന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര കരാറിനായുള്ള ഉഭയകക്ഷി ചർച്ചകള്‍ക്ക് വേദിയൊരുങ്ങിയത്.
ഫെബ്രുവരിയിലാണ് ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകള്‍ ആരംഭിച്ചത്. അഞ്ച് റൗണ്ട് ചർച്ചകള്‍ ഇതിനോടകം തന്നെ പൂർത്തിയായിരുന്നു. ഈ വർഷം അവസാനത്തോടെ ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഭാഗം അന്തിമമാക്കുമെന്നാണ് ഇന്ത്യയും യുഎസും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, താരിഫ് ചുമത്തിയതിന് പിന്നാലെ ഓഗസ്റ്റ് 25, 29 തീയതികളില്‍ നിശ്ചയിച്ചിരുന്ന ആറാമത്തെ ചർച്ച മാറ്റിവയ്ക്കുകയായിരുന്നു.