ഡൽഹി: ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈടാക്കുന്ന മിനിമം പിഴത്തുക വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പിഴത്തുക 250 രൂപയിൽ നിന്ന് 500 രൂപയാക്കിയാണ് വർധിപ്പിച്ചത്. പുതുക്കിയ പിഴ പ്രാബല്യത്തിൽ വന്നെന്നും (ജൂൺ 20)ഇന്ത്യൻ റെയിൽവേ അറിയിച്ചു. 1989 ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 137, 138 പ്രകാരമാണ് ഉയർന്ന പിഴ ഈടാക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ എക്സിൽ കിറിച്ചു.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതും ഉപയോഗിച്ചതോ, അസാധുവായതോ, അനുചിതമായതോ ആയ ടിക്കറ്റുമായി യാത്ര ചെയ്യുന്നതും ഈ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. പിഴ അടയ്ക്കാതിരുന്നാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. റെയിൽവേ ആക്ട് പ്രകാരം, കോടതി നടപടികളും ആറ് മാസം വരെ തടവും നേരിടേണ്ടിവരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
റെയിൽവേ നിയമത്തിലെ സെക്ഷൻ 137 പ്രകാരം സാധുവായ ടിക്കറ്റില്ലാതെ മനഃപൂർവം യാത്ര ചെയ്യാൻ ശ്രമിക്കുന്നവരും, ശരിയായ നിരക്ക് നൽകാതിരിക്കാൻ ടിക്കറ്റ് ദുരുപയോഗം ചെയ്യുന്നവരും പഴയ ടിക്കറ്റ് വീണ്ടും ഉപയോഗിച്ച് യാത്ര ചെയ്യുന്നവരും നടപടിക്ക് വിധേയരാകും.
യാത്രക്കാരൻ എവിടെയാണ് കയറിയതെന്ന് റെയിൽവേ ജീവനക്കാർക്ക് നിർണയിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ട്രെയിൻ ആദ്യം യാത്ര ആരംഭിച്ച സ്റ്റേഷനിൽ നിന്നോ ടിക്കറ്റ് പരിശോധന നടന്ന അവസാന സ്റ്റേഷനിൽ നിന്നോ അവർക്ക് നിരക്ക് ഈടാക്കാമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. മെയ് മാസത്തിൽ സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരിൽ പിഴയിനത്തിൽ പിരിച്ച ആകെ തുക 40.85 കോടി രൂപയാണ് എന്നും ഇന്ത്യൻ റെയിൽവേ എക്സിൽ കുറിച്ചു.