നിതീഷ് കുമാർ Source: X/ @ANI
NATIONAL

20 വര്‍ഷങ്ങള്‍ക്ക് ശേഷം നിതീഷിന് ആഭ്യന്തരം നഷ്ടമായി; വകുപ്പ് പിടിച്ചുവാങ്ങി ബിജെപി; പകരം ധനവകുപ്പ്

എന്‍ഡിഎയുടെ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇക്കുറി ബിഹാറിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ബിജെപി മുഖ്യമന്ത്രി സ്ഥാനം ജെഡിയുവിന് തന്നെ നല്‍കിയപ്പോള്‍ ആഭ്യന്തര വകുപ്പ് അവരുടെ പക്കല്‍ നിന്നും പിടിച്ചു വാങ്ങി. 20 വര്‍ഷത്തിന് ശേഷമാണ് ജെഡിയുവിന്റെ കയ്യില്‍ നിന്ന് ആഭ്യന്തര വകുപ്പ് നഷ്ടമാകുന്നത്.

എന്‍ഡിഎയുടെ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സാമ്രാട്ട് ചൗധരിയാണ് ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍. ബിജെപി നേതാവും മറ്റൊരു ഉപമുഖ്യമന്ത്രിയുമായ വിജയ് സിന്‍ഹയ്ക്ക് റവന്യു വകുപ്പാണ് ലഭിച്ചത്. നേരത്തെ സാമ്രാട്ട് ചൗധരി കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് ഇക്കുറി ജെഡിയു നേതാവ് ബിജേന്ദ്ര പ്രസാദിന് നല്‍കി.

ആഭ്യന്തര വകുപ്പിന് പകരം ജെഡിയുവിന് ഇക്കുറി ധനവകുപ്പ് ലഭിച്ചിട്ടുണ്ട്. 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ എട്ട് മന്ത്രിമാരാണ് ജെഡിയുവില്‍ നിന്നുള്ളത്. 12 പേര്‍ ബിജെപിയില്‍ നിന്നും എല്‍ജെപിക്ക് രണ്ട് മന്ത്രിമാരുമാണുള്ളത്. ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച (സെകുലര്‍) യ്ക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഒരോ മന്ത്രിമാര്‍ വീതവുമാണുള്ളത്.

നേരത്തെ 2014 മെയ് മുതല്‍ 2015 ഫെബ്രുവരി വരെയുള്ള കാലത്ത് നിതീഷ് കുമാര്‍ രാജിവച്ച വേളയിലായിരുന്നു ജെഡിയുവിന് ആഭ്യന്തര വകുപ്പ് നഷ്ടപ്പെട്ടത്. അന്ന് ജെഡിയുവിനൊപ്പമായിരുന്ന ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതന്‍ മാഞ്ചിയായിരുന്നു ആഭ്യന്തരമന്ത്രിയായത്.

ഇത്തവണ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി വലിയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ജെഡിയു 85 സീറ്റുകളും ബിജെപി 89 സീറ്റുകളുമാണ് നേടിയത്. കോണ്‍ഗ്രസും വലിയ പരാജയമാണ് നേരിട്ടത്.

SCROLL FOR NEXT