കശ്മീരിലെ കത്ര വൈഷ്ണോദേവി മെഡിക്കൽ കോളേജിലെ വിദ്യാർഥി പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. പുതിയ ബാച്ച് വിദ്യാർഥികളിൽ 90 ശതമാനവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് എന്നതാണ് ബജ്റംഗദൾ അടക്കമുള്ള തീവ്ര സംഘടനകളെ പ്രകോപിപ്പിച്ചത്. എന്നാൽ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
വൈഷ്ണോദേവി ക്ഷേത്രസംഭാവന ഉപയോഗിച്ച് നിർമിച്ച മെഡിക്കൽ കോളേജിൽ മുസ്ലിങ്ങൾ ആധിപത്യം സ്ഥാപിക്കുകയാണെന്നാണ് തീവ്ര ഹിന്ദു സംഘടനകളുടെ വാദം.സീറ്റുകൾ ഹിന്ദുക്കൾക്കായി സംവരണം ചെയ്യണം. ഹിന്ദു വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്തത് അന്വേഷിക്കണമന്നും ബജ്റംഗദൾ -വിഎച്ച്പി സംഘടനകൾ ആവശ്യപ്പെട്ടു.
ഈ ആവശ്യവുമായി ബജ്റംഗദൾ പ്രവർത്തകർ കോളേജ് ക്യാമ്പസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. ഗേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയ പ്രതിഷേധക്കാർ വൈഷ്ണോദേവി കോളേജ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കോലം കത്തിച്ചു. ഇത് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് ഓർക്കണമെന്നും തെറ്റ് തിരുത്തണമെന്നും വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ രാജേഷ് ഗുപ്ത പറഞ്ഞു.
കശ്മീരിലെ മുസ്ലിം വിദ്യാർഥികൾ മറ്റേതെങ്കിലും മെഡിക്കൽ കോളേജിൽ പ്രവേശനം നേടുന്നതിൽ എതിർപ്പില്ല, പക്ഷേ വൈഷ്ണോദേവി കോളജിൽ ഹിന്ദു വിദ്യാർഥികൾക്ക് സീറ്റുകൾ സംവരണം ചെയ്യണം- നേതാക്കൾ പറഞ്ഞു. 2025–26 വർഷത്തെ പ്രവേശനം നിർത്തിവെക്കണമെന്നാണിപ്പോൾ ഹിന്ദുസംഘടനകളുടെ ആവശ്യം. ഉദ്ദംപുർ ബിജെപി എംഎൽഎ ആർഎസ് പഥാനിയയും പ്രതിഷേധക്കാർക്കൊപ്പമുണ്ട്.
എന്നാൽ മെറിറ്റ് അടിസ്ഥാനമാക്കിയാണ് വിദ്യാർഥി പ്രവേശനം നടന്നതെന്നാണ് കോളേജ് അധികൃതരുടെ വാദം. വൈഷ്ണോദേവി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ബാച്ചിനുള്ള 50 വിദ്യാർഥികളുടെ പട്ടിക ജമ്മു കശ്മീർ ബോർഡ് ഓഫ് പ്രൊഫഷണൽ എൻട്രൻസ് എക്സാമിനേഷൻസ് അംഗീകരിച്ചിട്ടുണ്ട്. ഇതിൽ 42 പേർ കശ്മീരിൽ നിന്നുള്ളവരും എട്ട് പേർ ജമ്മുവിൽ നിന്നുള്ളവരുമാണ്. ഇവരിൽ 36 പേർ പ്രവേശന നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു.
സംസ്ഥാനത്തെ 13 മെഡിക്കൽ കോളേജുകളിലെ 1,685 സീറ്റുകളിലേക്കും നീറ്റ് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നടന്നത്. ദേശീയ മെഡിക്കൽ കൗൺസിൽ മാനദണ്ഡം പാലിച്ചാണ് പ്രവേശനം നടത്തിയത് - അധികൃതർ പറയുന്നു. മൂന്നാംഘട്ട കൗൺസിലിംഗിന് ശേഷം തയ്യാറാക്കിയ ലിസ്റ്റിൽ നിന്ന് 13 മെഡിക്കൽ കോളേജുകൾക്കായി ഷോർട്ട് ലിസ്റ്റ് ചെയ്ത 5,865 വിദ്യാർഥികളിൽ 70% ലധികം പേർ മുസ്ലിങ്ങളായിരുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സമരം തുടരാനാണ് തീവ്ര ഹിന്ദു സംഘടനകളുടെ തീരുമാനം.