Source: Social Media
NATIONAL

പിഎം ശ്രീയിൽ മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി; പിന്തുണച്ച് ബിനോയ് വിശ്വം, സിപിഎം- ബിജെപി അന്തർധാരയെന്ന് ചെന്നിത്തല

മധ്യസ്ഥത വഹിച്ചത് കേന്ദ്ര- കേരള സർക്കാരുകൾക്ക് ഇടയിൽ. തൻ്റെ ഫാസിസ്റ്റ് വിരുദ്ധതയ്ക്ക് ലീഗിൻ്റെ സർട്ടിഫിക്കേറ്റ് വേണ്ട എന്നും ബ്രിട്ടാസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പിഎം ശ്രീക്കായി മധ്യസ്ഥത വഹിച്ചെന്ന കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ വാദം തള്ളി ജോൺ ബ്രിട്ടാസ് എംപി. കേന്ദ്ര ഫണ്ട് കിട്ടാൻ ഇനിയും കേന്ദ്രമന്ത്രിമാരെ കാണും. കേരളത്തിൻ്റെ ആവശ്യങ്ങൾക്ക് പാലമായി പ്രവർത്തിക്കും. മധ്യസ്ഥത വഹിച്ചത് കേന്ദ്ര- കേരള സർക്കാരുകൾക്ക് ഇടയിൽ. തൻ്റെ ഫാസിസ്റ്റ് വിരുദ്ധതയ്ക്ക് ലീഗിൻ്റെ സർട്ടിഫിക്കേറ്റ് വേണ്ട എന്നും ബ്രിട്ടാസ് പറഞ്ഞു. രാജസ്ഥാനിൽ പിഎം ശ്രീക്ക് മധ്യസ്ഥനായത് കെ.സി വേണുഗോപാലാണ്. കെ.സി. വേണുഗോപാൽ ആർ എസ് എസിന് കുഴലൂതുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.

അതേസമയം ബ്രിട്ടാസ് ഇടനിലക്കാരനാകാൻ പോകില്ലെന്നും എസ്എസ്കെ ഫണ്ടുമായി ബന്ധപ്പെട്ട് ഇനി ലഭിക്കാനുള്ള ഫണ്ടിനെക്കുറിച്ചാണ് ബ്രിട്ടാസ് സംസാരിച്ചതെന്നും ഇക്കാര്യം തന്നോട് പറഞ്ഞെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ കറകളഞ്ഞ ആർഎസ്എസ് നേതാവാണ്.ധർമേന്ദ്ര പ്രധാൻ പറഞ്ഞതിനേക്കാൾ വിശ്വാസം ബ്രിട്ടാസിനെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.ആർഎസ്എസുകാരനായ മന്ത്രി പറഞ്ഞതിൽ വിശ്വാസമില്ല. SSK ക്ക് വേണ്ടി MP മാർക്ക് ഇനിയും മന്ത്രിമാരെ കാണാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

നേരത്തെ ബ്രിട്ടാസിനെ അനുകൂലിച്ച് എ.എ. റഹിം എംപിയും പ്രതികരിച്ചിരുന്നു. കേരളത്തിൻ്റെ ഫണ്ട് ലഭ്യമാക്കാൻ ഇടപെടൽ നടത്തും. കേരളത്തിൽ നിന്നുള്ള എംപിമാർ പാരയാകുകയല്ല വേണ്ടത് പാലമാകുകയാണ്. കോൺഗ്രസ് എംപിമാർ പാരയാവുകയാണ്. ഇടത് എംപിമാർ പാലമാകും. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ബ്രിട്ടാസ് നിർവഹിച്ചത്. ധർമേന്ദ്ര പ്രധാൻ പറഞ്ഞതിനെ വളച്ചൊടിക്കുന്നു. കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമാകുക ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും റഹിം വിശദീകരിച്ചു.

എംപിമാരുടെ ദൗത്യം കേരളത്തിന്റെ ആവശ്യം നിറവേറ്റലാണെന്നും എല്ലാ കാര്യങ്ങളിലും എംപിമാർ ഇടപെടണമെന്നും ശ്രേയാംസ് കുമാർ പ്രതികരിച്ചു. പിഎംശ്രീ ഫണ്ട് മാത്രം കിട്ടാനാകില്ല ബ്രിട്ടാസ് ഇടപെട്ടത്. കേരളത്തിന്റെ മൊത്തം കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടാകും. മറിച്ച് വിശ്വസിക്കുന്നില്ലെന്നും വീരേന്ദ്ര കുമാർ പറഞ്ഞു.

സിപിഎം ബിജെപി അന്തർധാരയാണ് ഇപ്പോൾ പുറത്തുവന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐഎമ്മിനും ബിജെപിക്കുമിടയിൽ ദല്ലാളായി ബ്രിട്ടാസ് പ്രവർത്തിക്കുന്നു. പി. എം ശ്രീയിൽ മാത്രമല്ല ലാവ്ലിൻ ഉൾപ്പെടെയുള്ള കേസുകളിലും ഇങ്ങനെയാണെന്നും ചെന്നിത്തല ആരോപിച്ചു.

SCROLL FOR NEXT