രാഹുൽ എന്ന ക്രിമിനലിനെ വളർത്തിയത് കോൺഗ്രസ് നേതൃത്വം, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം ആയതിനാലാകാം രക്ഷതേടി കർണാടകയിലേക്ക് പോയത്: എം.വി. ഗോവിന്ദൻ

രണ്ട് യുവതികൾ പരാതി നൽകിയിട്ടും ഉചിതമായ നടപടി എടുക്കുമെന്നു പറഞ്ഞ് കൈകഴുകുകയാണ് കോൺഗ്രസ് നേതൃത്വമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.
Rahul Mamkootathil
എം. വി. ഗോവിന്ദൻ, രാഹുൽ മാങ്കൂട്ടത്തിൽ Source: Facebook
Published on
Updated on

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ജീർണമുഖം ദിനംതോറും കൂടുതൽ വികൃതമാകുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിൻ്റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ടല്ല, മറിച്ച് കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന കോൺഗ്രസിനെ കണ്ടാണ് കേരളീയർ മൂക്കുപൊത്തുന്നതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.വി. ഗോവിന്ദൻ്റെ വിമർശനം. ഇതെഴുതുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല എന്നുമാത്രമല്ല, കോൺഗ്രസിൽ അംഗമായി തുടരുകയുമാണ്. രണ്ട് യുവതികൾ പരാതി നൽകിയിട്ടും ഉചിതമായ നടപടി എടുക്കുമെന്നു പറഞ്ഞ് കൈകഴുകുകയാണ് കോൺഗ്രസ് നേതൃത്വമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.

Rahul Mamkootathil
രാഹുൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; രണ്ടാം കേസിലെ എഫ്ഐആറിൽ ഗുരുതര കുറ്റങ്ങൾ

എം.വി. ഗോവിന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കേരളത്തിലെ കോൺഗ്രസ് പാർടിയുടെ ജീർണമുഖം ദിനംതോറും കൂടുതൽ വികൃതമാകുകയാണ്. കോൺഗ്രസിന്റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ടല്ല; മറിച്ച് കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന കോൺഗ്രസിനെ കണ്ടാണ് കേരളീയർ മൂക്കുപൊത്തുന്നത്. ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, ഹോം സ്‌റ്റേയിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗം എന്നീ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ, ഇതെഴുതുമ്പോഴും എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല എന്നുമാത്രമല്ല, കോൺഗ്രസിൽ അംഗമായി തുടരുകയുമാണ്. രണ്ട് യുവതികൾ പരാതി നൽകിയിട്ടും ഉചിതമായ നടപടി എടുക്കുമെന്നു പറഞ്ഞ് കൈകഴുകുകയാണ് കോൺഗ്രസ് നേതൃത്വം.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചുവെന്നും രാഹുലിനെ പാർടിയിൽനിന്ന്‌ സസ്‌പെൻഡ് ചെയ്തുവെന്നും പറഞ്ഞ് മേനിനടിക്കുകയാണ് നേതൃത്വം. രാഹുലിന് ഇപ്പോഴും സംരക്ഷണകവചം ഒരുക്കുന്നത് കോൺഗ്രസ് നേതൃത്വമാണ്. രാഹുൽ കർണാടകത്തിലേക്ക്‌ കടന്നുവെന്നാണ് മാധ്യമവാർത്ത. ക്രിമിനൽ പ്രവർത്തനം നടത്തിയ രാഹുലിന്‌ കർണാടകത്തിലേക്ക് പോകാൻ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് കോൺഗ്രസ് നേതൃത്വമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാലായിരിക്കാം കർണാടകത്തിലേക്ക് രക്ഷതേടി പോയത്.

പരാതി നൽകിയ അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തുന്നതും ഇതേ നേതൃത്വത്തിന്റെ അറിവോടെയാണ്. രാഹുലിന്റെ കാമഭ്രാന്തിന് ഇരയായ പെൺകുട്ടികൾ കൂടുതൽ കൂടുതൽ പരാതിയുമായി ഇനിയും വരുന്നത് തടയാനാണ് പരാതി നൽകിയവരെ തേജോവധം ചെയ്തുള്ള സൈബർ ആക്രമണം. എന്നാൽ, ഇതൊന്നും വകവയ്‌ക്കാതെ പരാതിയുമായി യുവതികൾ മുന്നോട്ടുവരുന്നത് തങ്ങൾക്കുണ്ടായ ദുരനുഭവം ഇനി മറ്റൊരാൾക്കും ഉണ്ടാകരുതെന്ന് കരുതിയായിരിക്കണം.

രാഹുൽ എന്ന ക്രിമിനലിനെ വളർത്തിയത് കോൺഗ്രസ് നേതൃത്വമല്ലാതെ മറ്റാരുമല്ല. വ്യാജ ഐഡി കാർഡ് അച്ചടിച്ച് വളഞ്ഞ വഴിയിലൂടെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം പിടിച്ചെടുത്തതിനെതിരെ നടപടി എടുക്കുന്നതിനു പകരം നേതൃത്വം പ്രോത്സാഹനം നൽകി. വ്യാജ തിരിച്ചറിയൽ കാർഡ് അടിക്കാൻ രാഹുലിനെ സഹായിച്ച വ്യക്തിയാണ് ബലാത്സംഗം ചെയ്യപ്പെട്ട ഇരുപത്തിമൂന്നുകാരിയെ റിസോർട്ടിലേക്ക് കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. അടൂർ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന്റെ സ്ഥാനാർഥിയാണ് ഈ സഹായി എന്നതിൽനിന്ന്‌ കോൺഗ്രസ് ആരുടെ കൂടെയാണെന്ന് വ്യക്തം.

Rahul Mamkootathil
"സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ?"; രാഹുലിനെതിരെ കവിതയുമായി ടി. സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നീസ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വളരെ നേരത്തേതന്നെ പല പെൺകുട്ടികളും നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ പരാതികൾ നിലനിൽക്കെയാണ് രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കുന്നതും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതും.

മകളോട്‌ രാഹുൽ മോശമായി പെരുമാറിയതിനെതിരെ കോൺഗ്രസ് നേതാവിന്റെ പരാതിതന്നെ കെപിസിസിക്ക് ലഭിച്ച ഘട്ടത്തിലാണ് ഈ സ്ഥാനലബ്ധികളെല്ലാം രാഹുലിന് ലഭിച്ചത്. അതിൽനിന്ന്‌ കോൺഗ്രസ് നേതൃത്വം ഇരയുടെ കൂടെയല്ലെന്ന് വ്യക്തം. പ്രതിപക്ഷനേതാവ് വി ഡി സതീശൻതന്നെ ഒരു പരാതി ലഭിച്ച വിവരം സ്ഥിരീകരിച്ചിരുന്നു. അന്ന്‌ സതീശൻ പറഞ്ഞത് പിതാവിനെപ്പോലെ പ്രശ്നം പരിഹരിച്ചുവെന്നാണ്. അതായത് രാഹുലിനെ രക്ഷിച്ചെടുത്തുവെന്ന് സാരം. അതിനുശേഷം കൂടുതൽ അക്രമാസക്തമായി പെൺകുട്ടികളെ രാഹുൽ വേട്ടയാടാൻ തുടങ്ങിയെന്നാണ് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയ ഘട്ടത്തിൽത്തന്നെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയിട്ടും അത് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞത് ആരെ രക്ഷിക്കാനായിരുന്നു.

അതിജീവിതയുടെ ശബ്ദം നിർമിത ബുദ്ധി ഉപയോഗിച്ചുള്ളതാണെന്ന് പറഞ്ഞ് യുഡിഎഫ് കൺവീനറും രാഹുൽ പ്രചാരണത്തിറങ്ങണമോ വേണ്ടയോ എന്നത് പ്രാദേശികഘടകമാണ് തീരുമാനിക്കേണ്ടതെന്നു പറഞ്ഞ് കെ സി വേണുഗോപാലും തെറ്റിനെ വെള്ളപൂശാനാണ് ശ്രമിച്ചത്. രാഹുലിനെതിരെ കോൺഗ്രസിലെ വനിതാനേതാക്കൾ പ്രതികരിച്ചപ്പോൾ അവരെ നിശ്ശബ്ദമാക്കാനും ഇതേ നേതാക്കൾ ഇടപെട്ടു. ഇരകളാക്കപ്പെട്ട സ്ത്രീകളുടെ പക്ഷത്തല്ല, വേട്ടക്കാരന്റെ കൂടെയാണ് നേതാക്കൾ നിലകൊണ്ടത്. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അതിജീവിത പരാതി അയച്ചിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com