കരൂർ ദുരന്തം;വിവാദ പോസ്റ്റുമായി ടിവികെ നേതാവ് Source; X
NATIONAL

കരൂർ ദുരന്തം: ജെൻ സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ നേതാവിന്റെ പോസ്റ്റ് വിവാദത്തിൽ, ജാമ്യ ഹർജിയുമായി നേതാക്കൾ

അതിനിടെ സർക്കാരിനെതിരെ നേപ്പാൾ മാതൃകയിൽ ജെൻ സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ടിവികെ നേതാവ് ആദവ് അർജുൻ ഇട്ട എക്സ് പോസ്റ്റ് വിവാദമായി. ഡിഎംകെക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പോസ്റ്റിലേത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: കരൂർ ദുരന്തത്തിൽ മുൻകൂർ ജാമ്യം തേടി തമിഴക വെട്രി കഴകം നേതാക്കൾ. ഒളിവിലുള്ള ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ്, നിർമ്മൽ ശേഖർ എന്നിവരാണ് മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയത്. ജനറൽ സെക്രട്ടറി മതിയഴകന് പിന്നാലെ ടിവികെ നേതാവ് പൗൻരാജും അറസ്റ്റിലായിട്ടുണ്ട്. അതിനിടെ സർക്കാരിനെതിരെ ജെൻ സി പ്രക്ഷോഭം വേണമെന്ന ടിവികെ നേതാവ് ആദവ് അർജുൻ്റെ എക്സ് പോസ്റ്റ് വിവാദമായി. ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സംഘവും കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും കരൂരിലെത്തിയിട്ടുണ്ട്.

കരൂർ ദുരന്തത്തിൽ ടിവികെ പാർട്ടി ജനറൽ സെക്രട്ടറി മതിയഴകനും പൗൻരാജും അറസ്റ്റിലായതിന് പിന്നാലെയാണ് പ്രധാന നേതാക്കളായ ബുസി ആനന്ദ്, നിർമ്മൽ ശേഖർ മുൻകൂർ ജാമ്യഹർജി നൽകിയത്. മതിയഴകന് ഒളിവിൽ കഴിയാനുള്ള സൗകര്യങ്ങൾ ചെയ്തു നൽകിയെന്നാരോപിച്ചാണ് മാസി പൗൻരാജിനെ ഇന്ന് അറസ്റ്റ് ചെയ്തത്. പൊലീസ് എഫ്ഐആർ നേതാക്കൾക്കെതിരായതിനെ തുടർന്നാണിത്.

അതിനിടെ സർക്കാരിനെതിരെ നേപ്പാൾ മാതൃകയിൽ ജെൻസീ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ടിവികെ നേതാവ് ആദവ് അർജുൻ ഇട്ട എക്സ് പോസ്റ്റ് വിവാദമായി. ഡിഎംകെക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പോസ്റ്റിലേത്. ദുരന്തം സംസ്ഥാന സർക്കാരിൻ്റെ ആസൂത്രണമാണെന്നും സർക്കാരിനെതിരെ യുവജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കണം എന്നുമായിരുന്നു ആഹ്വാനം. വിവാദമായതോടെ ആദവ് പോസ്റ്റ് നീക്കം ചെയ്തു.

ബിജെപി നിയോഗിച്ച എൻഡിഎയുടെ എട്ടംഗ സംഘം കരൂരിലുണ്ട്. അനാവശ്യമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സമിതിയെ നയിക്കുന്ന എംപി ഹേമാമാലിനെ മാധ്യമങ്ങളോട് പറഞ്ഞു. അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുള്ള സമിതി കരൂർ സാഹചര്യം വിലയിരുത്തി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. ദുരന്തത്തിനിടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന്റെ പേരിൽ നാല് യൂട്യൂബർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹൈക്കോടതി മുൻ ജഡ്ജ് അരുണ ജഗദീശിൻ്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടികൾ ആലോചിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വ്യക്തമാക്കി. ദുരന്തത്തിൽ ചർച്ചകളും വിവാദങ്ങളും ഉയരുന്നതിനിടെ കരൂരിലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഴുപ്പുരം ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പനാണ് മരിച്ചത്. ആത്മഹത്യാകുറിപ്പിൽ ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കെതിരെ ഗുരുതര ആരോപണമാണ് അയ്യപ്പൻ ഉന്നയിച്ചിരിക്കുന്നത്. മരണത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

SCROLL FOR NEXT