NATIONAL

കേതനെ തള്ളിയിട്ടത് ആരാണെന്ന് ഉറപ്പിക്കാനായില്ല; നുണ പരിശോധന നടത്താന്‍ പൊലീസ്

നുണ പരിശോധനയ്ക്ക് പ്രതിയുടെ സമ്മതവും അനിവാര്യമാണ്.

Author : ന്യൂസ് ഡെസ്ക്

പൂനെ: പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനെ കൊക്കയിലേക്ക് തള്ളിയിട്ടത് പ്രതികളിലാരാണെന്ന് ഇതുവരെയും ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ്. കേസിലെ പ്രധാന പ്രതിയായി കരുതപ്പെടുന്ന സിയ ഗോയലിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാനുള്ള അനുമതിക്ക് കോടതിയെ സമീപിച്ചിരിക്കുകയാണ് പൂനെ പൊലീസ്.

പ്രതികളുടെ മൊഴിയല്ലാതെ ആരാണ് തള്ളിയിട്ടതെന്ന് സംബന്ധിച്ച് കൃത്യമായ തെളിവ് പൊലീസിന്റെ പക്കലില്ല. ഇക്കാരണത്തലാണ് നുണ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സിയ ഗോയലിന്റെയും ആണ്‍ സുഹൃത്ത് ചേതന്‍ ചൗധരിയുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി ഒരു പോളിഗ്രാഫ് ടെസ്റ്റ് അനിവാര്യമാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ അത്തരം ഒരു ടെസ്റ്റിന് നിരവധി നിയമപരമായും സാങ്കേതികമായുമുള്ള കടമ്പകള്‍ കടക്കാനുണ്ടെന്ന് സിയയുടെ അഭിഭാഷകന്‍ വിപുല്‍ ഡുഷിങ് പറഞ്ഞു. നുണ പരിശോധനയ്ക്ക് പ്രതിയുടെ സമ്മതവും അനിവാര്യമാണ്.

തെളിവുകളുടെ അഭാവമുണ്ടാവുന്ന പ്രത്യേക ഘട്ടങ്ങളിലാണ് പോളിഗ്രാഫ് ടെസ്റ്റ് നടത്തുക. എപ്പോഴും നുണ പരിശോധന നടത്താനുള്ള അനുമതി ലഭിക്കില്ല. അത് നടത്തേണ്ട ആളുടെ ആരോഗ്യമടക്കമുള്ള ഘടകങ്ങളും ഇതില്‍ നിര്‍ണായകമാകും.

SCROLL FOR NEXT