ഡൽഹി വായുമലിനീകരണം 
NATIONAL

"കോവിഡിന് സമാനമായ സാഹചര്യം"; ഡൽഹിയിലെ വായു മലിനീകരണത്തെക്കുറിച്ച് കിരൺ ബേദി

വിഷയത്തിൽ നേരിട്ട് ഇടപെടാൻ പ്രധാനമന്ത്രിക്ക് താൽപ്പര്യമില്ലെങ്കിൽ, മന്ത്രിമാരുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കണമെന്നാണ് കിരൺ ബേദിയുടെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിന് പിന്നാലെ പ്രതികരണവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥ കിരൺ ബേദി. നഗരത്തിലെ വായു മലിനീകരണം അതിരൂക്ഷമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒന്നിലധികം പോസ്റ്റുകളാണ് കിരൺ ബേദി എക്സിൽ പങ്കുവച്ചത്.

ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) നിലവിൽ 458 ആണെന്നും വായുവിനെ അപകടകാരിയായി തരംതിരിക്കുന്നുവെന്നും കിരൺ ബേദി ഏറ്റവുമൊടുവിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

'ഡൗൺ ടു എർത്ത്' മാസികയിൽ നിന്നുള്ള ഒരു കാർട്ടൂണും കിരൺ ബേദി എക്സിൽ പങ്കുവച്ചു. ആശുപത്രിയിലെ രണ്ട് രോഗികളെയാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരാൾ എക്യുഐ 700 ഓക്സിജൻ മാസ്ക് ധരിച്ചിരിക്കുന്നു. മറ്റൊരാൾ ശുദ്ധവായു വേണമെന്ന് പറഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ പരിക്കേറ്റ് കിടക്കുന്നു. മലിനീകരണം വഷളാകുന്നതിന്റെ മാനുഷിക ആഘാതം അടിവരയിടുന്ന പോസ്റ്റാണ് ഇത്.

ഇത് കോവിഡിന് സമാനമായ സാഹചര്യമാണെന്ന് കിരൺ ബേദി പറയുന്നു. "വിഷയത്തിൽ നേരിട്ട് ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപ്പര്യമില്ലെങ്കിൽ, മന്ത്രിമാരുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കണം. കാരണം അത്രയധികം ആളുകൾ മലിനീകരണത്താൽ ബുദ്ധിമുട്ടുന്നുണ്ട്. വായു മലിനീകരണം കുറഞ്ഞതായി തോന്നുമെങ്കിലും അത് വീണ്ടും വീണ്ടും തിരിച്ചുവരികയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള എല്ലാ ഡൽഹി നിവാസികളെയും ഇത് ദോഷകരമായി ബാധിക്കുന്നു," കിരൺ ബേദി അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യ തലസ്ഥാനത്തെ വായു ​ഗുണനിലവാരം അതി​ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെയോടെ നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരം 384ൽ എത്തിയതോടെ ഡൽഹിയിലെ വായു ​ഗുണനിലവാരം 'വളരെ മോശം' വിഭാ​ഗത്തിലാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. മുണ്ട്കയിലാണ് ഏറ്റവും ഉയർന്ന വായുമലിനീകരണ നിരക്ക് രേഖപ്പെടുത്തിയത്. 436 എക്യുഐ ആണ് ഇവിടെ രേഖപ്പെടുത്തിയത്. രോഹിണിയിൽ 432 എക്യുഐ, ആനന്ദ് വിഹാർ 408 എക്യുഐ, ജഹാംഗീർപുരി 420 എക്യുഐ എന്നിങ്ങനെയാണ് വായുമലിനീകരണ നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നോയിഡയിലും സ്ഥിതി അതീവ​ ​ഗുരുതരമായാണ് തുടരുന്നത്. 404 എന്ന നിലയിലേക്ക് എക്യുഐ ഉയർന്നതോടെ ഗുരുതരമായ വിഭാ​ഗത്തിലാണ് നോയിഡയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രേറ്റർ നോയിഡയിലും ഗാസിയാബാദിലും 377, 350 എന്ന നിലയിലാണ് വായു നിലവാരം.

SCROLL FOR NEXT