ആര്‍എസ്എസിനെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ ക്രമയുടെ പോസ്റ്റില്‍ വീണ്ടും വിവാദം. ഇന്‍സ്റ്റഗ്രാമിലാണ് ആര്‍എസ്എസ് എന്ന് പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചത്. ആര്‍എസ്എസ് എന്ന് പ്രിന്റ് ചെയ്തതിന് മുകളില്‍ ഒരു പട്ടിയുടെ ചിത്രവും പ്രിന്റ് ചെയ്തിട്ടുണ്ട്. ഇതാണ് വീണ്ടും ആര്‍എസ്എസിനെയും ബിജെപിയെയും ചൊടിപ്പിച്ചത്.
ചിത്രത്തില്‍ ആര്‍ വ്യക്തമായി കാണാനാകില്ല. 'ആര്‍' എന്ന അക്ഷരത്തോട് ചേര്‍ന്നാണ് പട്ടിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. ഇത് 'പിഎസ്എസ്' (PSS) എന്നും ചേര്‍ത്ത് വായിക്കാവുന്നതാണ്.
'ഇത് ഒരു കോമഡി ക്ലബില്‍ നിന്നും എടുത്ത ചിത്രമല്ല' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങള്‍ ഈ ടീ ഷര്‍ട്ട് വില്‍പ്പനയ്ക്ക് വയ്ക്കണമെന്നും ടീ ഷര്‍ട്ട് വാങ്ങിയതിന്റെ ലിങ്ക് കിട്ടുമോ എന്നടക്കം ചിലര്‍ ചോദിക്കുന്നുണ്ട്. എവിടെ നിന്ന് ഇത് ഓര്‍ഡര്‍ ചെയ്യാം എന്നുമൊക്കെ കമന്റ് വരുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ കുറ്റകരമായി കാണുന്ന പോസ്റ്റുകള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പോസ്റ്റിന് പിന്നാലെ ബിജെപി വ്യക്തമാക്കിയത്. ബിജെപി നേതാക്കള്‍ കുനാല്‍ ക്രമയുടെ പോസ്റ്റിനെ അപലപിക്കുകയും പ്രകോപനപരമാണെന്ന് പറയുകയും ചെയ്തു.
ശിവസേന മന്ത്രി സഞ്ജയ് ഷിര്‍സാത്തും കുനാല്‍ കമ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. നേരത്തെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നേരിട്ട് ആര്‍എസ്എസിനെയും ആക്രമിക്കുകയാണെന്നാണ് സഞ്ജയ് പറഞ്ഞത്.
'നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഏക്‌നാഥ് ഷിന്‍ഡെയെയും ഉന്നംവെച്ചു. ഇപ്പോള്‍ ആര്‍എസ്എസിനെ നേരിട്ട് ആക്രമിക്കുകയാണ്. ബിജെപി ഇതില്‍ പ്രതികരിക്കണം,' ഷിര്‍സാത്ത് പറഞ്ഞു.
ഞങ്ങള്‍ (ശിവസേന) കുനാല്‍ കമ്ര നേരത്തെ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിച്ചതാണ്. ഇപ്പോള്‍ നേരിട്ട് ആര്‍എസ്എസിനെതിരെ കുറ്റകരമായ പോസ്റ്റുകള്‍ ഇടാന്‍ വരെ ധൈര്യം വന്നിരിക്കുന്നുവെന്നും ശിവസേന മന്ത്രി പറഞ്ഞു.
നേരത്തെ ഏക്‌നാഥ് ഷിന്‍ഡെയെ ഒരു ഹിന്ദി സിനിമയിലെ ഗാനം ഉപയോഗിച്ചുകൊണ്ടായിരുന്നു കുനാല്‍ ക്രമയുടെ പരിഹാസം. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ ഹാബിറ്ററ്റ് കോമഡി ക്ലബ് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.