എയർ ഇന്ത്യ വിമാനം Source: X/ Air India
NATIONAL

കൊച്ചി വിമാനത്താവളത്തില്‍ എയർ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; എഞ്ചിന്‍ തകരാറെന്ന് സൂചന

ഇന്നത്തെ പ്രധാന വാർത്തകളറിയാം...

ന്യൂസ് ഡെസ്ക്

കൊച്ചി എയർപോർട്ടിൽ വിമാനം തെന്നിമാറി

കൊച്ചി എയർപോർട്ടിൽ വിമാനം തെന്നിമാറി. കൊച്ചി-ഡല്‍ഹി എയർ ഇന്ത്യ എഐ 504 വിമാനമാണ് തെന്നിമാറിയത്.

ടേക്ക് ഓഫിന് ശ്രമിക്കുമ്പോഴാണ് തെന്നി മാറിയത്. വിമാനത്തിൽ ഹൈബി ഈഡൻ എംപിയുമുണ്ട്. എംപിയും യാത്രക്കാരും വിമാനത്തിനുള്ളിൽ തുടരുകയാണ്. 11 മണിയോടെയാണ് സംഭവം. എൻജിൻ തകരാർ എന്ന് എയർ ഹോസ്റ്റസ് അറിയിച്ചതായി എംപി

ഇന്ന് ചിങ്ങം ഒന്ന്; കേരളക്കരയ്ക്ക് ഇന്ന് കര്‍ഷക ദിനം

മലയാളിക്ക് ഇന്ന് സമ്പല്‍സമൃദ്ധിയുടേയും, പ്രതീക്ഷയുടേയും പുതുവര്‍ഷം പിറന്നിരിക്കുന്നു. .ചിങ്ങ പൊൻപുലരി പിറന്നതോടെ, ഇനി ഓണനാളുകളാണ് ഓരോ മലയാളികളേയും കാത്തിരിക്കുന്നത്.

സംസ്ഥാനത്ത് മഴ തുടരും 

സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലേർട്ടാണ്. എറണാകുളത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ശുഭാൻഷു ശുക്ല ഇന്ത്യയിലെത്തി

ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ശുഭാൻശു ശുക്ല ഇന്ത്യയിൽ മടങ്ങിയെത്തി. ഐഎസ്ആർഒ ചെയർമാനും ഡൽഹി മുഖ്യമന്ത്രിയും കുടുംബാംഗങ്ങൾക്കൊപ്പം ശുഭാൻശുവിനെ സ്വീകരിച്ചു. പ്രധാനമന്ത്രിയുമായി ശുഭാൻശു കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

'വോട്ടർ അധികാർ യാത്ര'യ്ക്ക് ഇന്ന് തുടക്കം

വോട്ട് കൊള്ളക്കെതിരായ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എം.കെ. സ്റ്റാലിന്‍, എം എ ബേബി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. പട്നയിൽ, സെപ്റ്റംബർ ഒന്നിന് മഹാറാലിയോടെ യാത്രയ്ക്ക് സമാപനമാകും.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന്

വോട്ട് കൊള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് നിർണായക വാർത്താസമ്മേളനം വിളിച്ചുചേർത്തത്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

യുഎസ് സംഘത്തിൻ്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചെതായി റിപ്പോർട്ട് 

വ്യാപാര ചർച്ചയ്ക്കായുള്ള യുഎസ് സംഘത്തിൻ്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചെന്ന് റിപ്പോർട്ട്. ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച് ആറാം റൗണ്ട് ചർച്ച നടക്കാനിരിക്കുകയായിരുന്നു. യുഎസിൻ്റെ അധിക തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് സംഘം പിന്മാറിയത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുത് എന്നാവശ്യപ്പെട്ട് കുടുംബം തിരുവനന്തപുരം സി.ജെ.എം കോടതിയെ സമീപിച്ചു. റിപ്പോര്‍ട്ടിന് മേല്‍ കോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും ആവശ്യം. കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്

സംസ്ഥാനത്ത് മഴ തുടരും

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. 7 ജില്ലകളിൽ യെല്ലോ അലർട്ട് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും

വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് സ്പില്‍വേ ഷട്ടറുകളാണ് തുറക്കുക. സെക്കന്‍ഡില്‍ 50 ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നു വിടും. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്ത സാഹചര്യത്തിലാണ് നടപടി.

രാവിലെ എട്ടുമണിക്കാണ് ഡാം തുറക്കുക. ജലനിരപ്പ് 774 മീറ്റര്‍ ആയ സാഹചര്യത്തിലാണ് നടപടി. ഡാമില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്

ഹേമചന്ദ്രൻ കൊലക്കേസ്

ഹേമചന്ദ്രൻ കൊലക്കേസിലെ ഒരു പ്രതി കൂടി പിടിയിൽ. സുൽത്താൻബത്തേരി സ്വദേശി വെൽബിൻ മാത്യുവാണ് പിടിയിലായത്. മറ്റു പ്രതികൾക്കൊപ്പം കാറിൽ ഉണ്ടായിരുന്ന ആളാണ് വെൽബിൻ. കേസിൽ പിടിയിലാകുന്ന അഞ്ചാംപ്രതിയാണ് വെൽബിൻ.

'സ്വതന്ത്ര' അമ്മത്തൊട്ടിലിൽ പുതിയ അതിഥി

ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഒരാഴ്ച പ്രായമുള്ള പെൺകുഞ്ഞാണ് ഇന്നലെ വൈകിട്ട് അമ്മത്തൊട്ടിലിൽ എത്തിയത്. കുഞ്ഞിന് സ്വതന്ത്ര എന്നാണ് പേര് വിളിച്ചത്.

വെള്ളച്ചാലിൽ വീണ്ടും പുലി

ജനവാസകേന്ദ്രത്തിലാണ് പുലിയിറങ്ങിയത്

കുറ്റിക്കമ്പാളി കുട്ടന്റെ

അഞ്ചു കോഴികളെ പുലി പിടികൂടി

തൊട്ടടുത്ത തോട്ടത്തിലേക്ക് പുലി ചാടിയതായി നാട്ടുകാർ പറയുന്നു

ബാണാസുര സാഗർ ഡാം ഉടൻ തുറക്കില്ല

വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞു. 12 മണിക്ക് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് KSEB

ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ട് മരണം

പാലക്കാട് വാളയാറിലാണ് നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചത്.

തമിഴ്നാട് സ്വദേശിനികളായ ലാവണ്യ , മലർ എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു.

7 യാത്രക്കരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരം.

കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

4 പേരെ ജില്ലാ ആശുപത്രിയിലും ഒരാളെ വാളയാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

അജിത് കുമാറിനെതിരായ വിജിലൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സ‍ർക്കാർ. മുഖ്യമന്ത്രിക്ക് എതിരായ പരാമർശം ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിച്ചേക്കും. അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന വാദം ഉന്നയിക്കും. 

"മുഖ്യമന്ത്രി അജിത്‌ കുമാറിനെ സംരക്ഷിക്കുന്നു, ധാർമിക ഉത്തരവാദിത്തം ഉണ്ടെങ്കിൽ രാജി വെക്കണം"

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് അടൂർ പ്രകാശ്. മുഖ്യമന്ത്രിയും അജിത് കുമാറും തമ്മിലുള്ള ബന്ധത്തിന് പിന്നിൽ എന്തെന്ന് അറിയണം. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരാദിത്വം ഉണ്ടെങ്കിൽ രാജി വെക്കണമെന്നും അടൂർ പ്രകാശ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

വോട്ടർ പട്ടിക ക്രമക്കേടിൽ ആറ്റിങ്ങലിലെ ക്രമക്കേടിൽ ബിജെപിയും സിപിഐഎമ്മും ഒരുപോലെ കുറ്റക്കാരെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ജനാധിപത്യത്തെ എങ്ങനെ തകർക്കാമെന്ന് ഗവേഷണം നടത്തുന്നവരാണ് മാർകിസ്റ്റ് പാർട്ടിയും ബിജെപിയും. രാഹുൽ ഗാന്ധിയുടെ പദയത്രക്കൊപ്പം എല്ലാ നേതാക്കളും നിൽക്കും. ആറ്റിങ്ങലിൽ 2019ൽ കണ്ടത്തെിയ കാര്യമാണ് ഇപ്പോൾ ചർച്ചയായതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

കുളുവിൽ മേഘ വിസ്ഫോടനം

ഹിമാലലിലെ കുളുവിൽ മേഘ വിസ്ഫോടനം റിപ്പോർട്ട് ചെയ്തു. മേഘ വിസ്ഫോടനത്തെ തുടർന്ന് മാണ്ഡിയിൽ വെള്ളപ്പൊക്കമുണ്ടായി. ടക്കോളി മാർക്കറ്റിൽ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 10 ഓളം വാഹനങ്ങൾ മണ്ണിനടിയിലായിട്ടുണ്ട്. ഇതേത്തുടർന്ന് ചണ്ഡീഗഡ്-മണാലി നാലുവരി പാത അടച്ചു.

എസ്എഫ്‌ഐയ്‌ക്കെതിരെ കെഎസ്‌യു

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വിവരക്കേടാണെന്ന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ. പി. എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുതെന്ന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ പറഞ്ഞു.

സംഘപരിവാറിൻ്റെ പ്രസ്താവനയ്ക്ക് സമാനമാണ് എസ്എഫ്ഐയുടെ പ്രസ്താവന. ഞഞ്ഞാ പിഞ്ഞാ വർത്തമാനം നിർത്തിയില്ലെങ്കിൽ ശശികല ടീച്ചറുടെ പിന്മുറക്കാരനായി കാലം മുദ്ര കുത്തുമെന്നും അലോഷ്യസ് സേവ്യർ വിമർശനമുന്നയിച്ചു. 

ബാലുശേരിയിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു

കോഴിക്കോട് ബാലുശേരി അമരാപുരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. പെയിൻ്റിങ് തൊഴിലാളിയായ കാച്ചേരി ക്രിസലിൻ്റെ ബൈക്കാണ് കത്തിനശിച്ചത്.

നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്‌സും, ബാലുശേരിയില്‍ നിന്നും പൊലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.

ജീവിച്ചിരിക്കുന്ന ആൾ മരിച്ചുവെന്ന് കാണിച്ച് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശ്രമമെന്ന് പരാതി

ജീവിച്ചിരിക്കുന്ന ആൾ മരിച്ചുവെന്ന് കാണിച്ച് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ കോൺഗ്രസ് ശ്രമമെന്ന് പരാതി. മുൻ സിപിഐഎം കൗൺസിലറുടെ പിതാവിനെയാണ് ഒഴിവാക്കാൻ ശ്രമിച്ചത്. എറണാകുളം കോതമംഗലം മുൻസിപ്പാലിറ്റിയിലാണ് സംഭവം.

ബാങ്ക് വിളിയിൽ അമിത ശബ്‌ദം ഒഴിവാക്കണം

പ്രാർത്ഥനയുടെ ഭാഗമായുള്ള ശബ്ദത്തിൽ മിതത്വം വേണമെന്ന് കാന്തപുരം വിഭാഗം എസ്‌വൈഎസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. അബ്ദുൽ ഹക്കീം അസ്ഹരി. ബാങ്ക് വിളി ഉൾപ്പടെയുള്ളവയിൽ മൈക്ക് ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കണം. ബാങ്ക് ഉൾപ്പെടെ പ്രാർത്ഥന മന്ത്രങ്ങൾക്ക് അമിത ശബ്ദം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴ പെറ്റി കേസ് പിഴ തട്ടിപ്പ്: സംശയനിഴലിലുള്ള രണ്ട് എസ്ഐമാരെ വീണ്ടും ചോദ്യം ചെയ്തു

മൂവാറ്റുപുഴ ട്രാഫിക്ക് എൻഫോഴ്സ്മെൻ്റ് വനിത പോലീസ് ഉദ്യോഗസ്ഥ 16 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ സംശയത്തിലുള്ള രണ്ട് എസ്ഐ മാരെ വീണ്ടും ചോദ്യം ചെയ്തു. വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സഹായം ചെയ്തതായി സംശയിക്കുന്ന രണ്ട് എസ്ഐമാരെയാണ് ചോദ്യം ചെയ്തത്. മുൻപ് ഇവരുടെ കൈയക്ഷരം പരിശോധിച്ചിരുന്നു. തുടർന്നാണ് ഇവരെ വീണ്ടും ചോദ്യം ചെയ്തത്.

കുസും സോളാര്‍ പദ്ധതിയില്‍ ക്രമക്കേട്; വിജിലൻസിന് പരാതി രമേശ് ചെന്നിത്തല

കുസും സോളാര്‍ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് രമേശ് ചെന്നിത്തല വിജിലൻസിന് പരാതി നൽകി. തെളിവുകൾ അടക്കം ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്. അനര്‍ട്ട് സിഇഒയെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. അനര്‍ട്ട് നടത്തിയ 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.

മുഖ്യപ്രതി പിടിയിൽ

കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിൽ മുഖ്യപ്രതി പിടിയിൽ. നൈജീരിയൻ സ്വദേശി ഡിയോ ലയണൽ പിടിയിലായത്.തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീം ബാംഗ്ലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഹേമചന്ദ്രൻ കൊലക്കേസ്: സാമ്പിൾ വീണ്ടും ശേഖരിക്കും

കോഴിക്കോട് ഹേമചന്ദ്രൻ കൊലപാതക കേസിൽ ഡിഎൻഎ സാമ്പിൾ വീണ്ടും ശേഖരിക്കും. നേരത്തേ ശേഖരിച്ച സാമ്പിളിൽ നിന്നും പരിശോധന ഫലം കണ്ടെത്താൻ കഴിയാത്തതിനാലാണ് ഹേമചന്ദ്രൻ്റെ സാമ്പിൾ വീണ്ടും പരിശോധിക്കുന്നത്. ഹേമചന്ദ്രൻ്റെ എല്ലിൽ നിന്നുള്ള സാമ്പിളാണ് പരിശോധനയ്ക്കായി ശേഖരിക്കുക.

'അമ്മ'യിലെ മാറ്റം നല്ലതിന്: ആസിഫ് അലി

താരസംഘടനയായ അമ്മയിലെ നേതൃമാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു.

വയനാട് ബാണാസുര അണക്കെട്ട് തുറക്കും

വയനാട് ബാണാസുര അണക്കെട്ട് ഇന്ന് തുറക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആണ് ഷട്ടർ തുറക്കുന്നത്. കരമാൻതോട്, പനമരം പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം.

രമേശ്‌ ചെന്നിത്തല-ശ്രേയാംസ് കൂടിക്കാഴ്ച

ശ്രേയാംസ് കുമാറുമായി നടത്തിയത് തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.

രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയ്ക്ക് തുടക്കം

വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയ്ക്ക് ബിഹാറിൽ തുടക്കമായി. 23 ജില്ലകളിലൂടെ 1300 കിലോമീറ്ററിലധികം റാലി നടത്തും. 16 ദിവസം നീളുന്ന യാത്ര സെപ്റ്റംബർ ഒന്നിന്‌ പട്‌നയിൽ വൻറാലിയോടെയാണ് സമാപിക്കുക.

സുരേഷ് ഗോപി തൃശൂരിലെ ജനങ്ങളെ അപമാനിച്ചു: ജോസഫ് ടാജറ്റ്

സുരേഷ് ഗോപി തൃശൂരിലെ ജനങ്ങളെ അപമാനിച്ചുവെന്ന് തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആരോപണങ്ങൾക്ക് മറുപടി പറഞ്ഞത് കണ്ണാടിയിൽ നോക്കിയാണ്. പത്രം വായിക്കുകയോ ടിവി കാണുകയോ ചെയ്തിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ പറയില്ലായിരുന്നു. തങ്ങൾ ഉന്നയിച്ചത് ആരോപണമല്ല സത്യമാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടാണ് തങ്ങൾ ചൂണ്ടിക്കാണിച്ചത്.

എല്‍വിഷ് യാദവിന്റെ വീട്ടിൽ വെടിവെപ്പ്: ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാവു ഗ്യാങ്

ഓടയില്‍ വീണ് മരിച്ചു

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന് സമീപം ഓടയിലെ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു. വടകര മുതുവന പന്തന്‍ സ്വദേശി കണ്ണനാണ് (76) മരിച്ചത്. മെഡിക്കല്‍ കോളേജ് ഐഎംജിക്ക് സമീപം കാളാണ്ടി താഴത്ത് വാടക വീട്ടിലായിരുന്നു താമസം. ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങി തിരിച്ച് വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നെല്ല് വില ലഭിക്കാത്തതിൽ കർഷകരുടെ പ്രതിഷേധം

നെല്ല് വില ലഭിക്കാത്തതിൽ പാലക്കാട് കർഷകരുടെ പ്രതിഷേധം. പ്രതീകാത്മകമായി ശവമഞ്ജവുമായി എത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. സമരത്തിൻ്റെ ഭാഗമായി പ്രതിഷേധക്കാർ, മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും കോലം കത്തിച്ചു. കുഴൽമന്തം കർഷക കോർഡിനേഷൻ കമ്മറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കെടിയു വിസിയുടെ നടപടിയിൽ സർക്കാരിന് അതൃപ്തി

വിഭജന ഭീതി ദിനാചരണത്തിൻ്റെ ഭാഗമായി കെടിയു വിസിയുടെ നടപടിയിൽ സർക്കാരിന് അതൃപ്തി. അക്കാദമിക് ഡീനിന് വിശദീകരണ കത്ത് നൽകിയതിൽ അതൃപ്തി. ഡീനിൻ്റെ നിയമനാധികാരി സർക്കാരും മേലധികാരി സിൻഡിക്കേറ്റുമായിരിക്കെയാണ് വിസിയുടെ നടപടി.

കഴിഞ്ഞ ദിവസമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കത്ത് കോളേജ് അധികൃതർക്ക് കൈമാറിയതിന് ഡീനിനോട് വി.സി വിശദീകരണം തേടിയത്.

കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കോട്ടക്കലിൽ നിന്നും പൊന്നാനിയിലേക്ക് പോകുകയായിരുന്ന വിവാഹസംഘത്തിൻ്റെ ബസാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേരെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സീറോ - മലബാർ സഭയിൽ പൊട്ടിത്തെറി

സിനഡിനെതിരെ കടുത്ത വിമർശനവുമായി സീറോ - മലബാർ സഭ മെത്രാൻ സ്ഥാനം അലങ്കരിക്കുന്നവരെ ബഹുമാന വചനങ്ങൾ ഉപയോഗിച്ച് ഇനി വിശേഷിപ്പിക്കില്ല. വിശ്വാസികളുടെ ഇടയിൽ മെത്രാൻ സ്ഥാനത്തിൻ്റെ വിഗ്രഹങ്ങൾ വീണുടഞ്ഞെന്നും സഭ മുഖ പത്രത്തിൽ പറയുന്നു. നാളെ തുടങ്ങുന്ന സിനഡ് കുർബാനപ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് കർമലകുസുമം മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ ഓടയിൽ വീണ്  മരിച്ചു 

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് സമീപം ഓടയിലെ വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു. വടകര മുതുവന പന്തൻ സ്വദേശി കണ്ണനാണ് (76) മരിച്ചത്.

മെഡിക്കൽ കോളേജ് ഐഎംജിക്ക് സമീപം കാളാണ്ടി താഴത്ത് വാടക വീട്ടിലായിരുന്നു താമസം. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങി തിരിച്ച് വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുന്തിപ്പുഴ പാലത്തിന് മുകളിൽ നിന്നും യുവതി പുഴയിലേക്ക് ചാടി  

മണ്ണാർക്കാട് കുന്തിപ്പുഴ പാലത്തിന് മുകളിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. രക്ഷിക്കാൻ ചാടിയ ആൾക്കും പരിക്ക്

വടക്കൻ ജില്ലകളിൽ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

വടക്കൻ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

കോഴിക്കോട് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട് അമിബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേർ കൂടി ചികിത്സയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. കുളത്തൂർ സ്വദേശിയായ യുവാവിനും താമരശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കുഞ്ഞിന് രോഗം ബാധിച്ചതെങ്ങനെ എന്ന് കണ്ടെത്താൻ പരിശോധന നടത്തും.

ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം: രാഹുൽ ഗാന്ധി

ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര. ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി ബിഹാറിൽ സംസാരിച്ചു. ഇനി ഒരു സംസ്ഥാനത്തും വോട്ട് ചോരി അനുവദിക്കില്ലെന്നും ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണം: പരാതി എടുക്കുന്നില്ലെന്ന് കെ എസ് യു

പി.പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ നടപടിയെടുക്കുന്നില്ലെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്

പരാതി നല്‍കി ആറുമാസം കഴിഞ്ഞിട്ടും മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായില്ല

സിപിഐഎം നേതാക്കളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നു

പി.പി. ദിവ്യയെ രക്ഷിക്കാന്‍ മാത്രമല്ല സിപിഐഎമ്മിന്റെയും സര്‍ക്കാരിന്റെയും ശ്രമം

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്കടക്കം ഇതുമായി ബന്ധമുണ്ട്

വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചെന്നും മുഹമ്മദ് ഷമ്മാസ്

വോട്ട് ചോരി ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിക്കുന്നു

തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണപക്ഷമോ പ്രതിപക്ഷമോ ഇല്ല. ഭരണഘടന അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പെന്ന് ഗ്യാനേഷ് കുമാര്‍. എല്ലാ പാര്‍ട്ടികളും കമ്മീഷന് ഒരുപോലെയെന്നും കമ്മീഷണർ.

''എസ്‌ഐആര്‍ ആരംഭിച്ചത് സുതാര്യത ഉറപ്പാക്കാന്‍''

ഒരു പാര്‍ട്ടിയോടും വിവേചനമില്ല. ബിഹാര്‍ പരിഷ്‌കരണം നിയമപ്രകാരം. അത് മാറ്റങ്ങളുടെ തുടക്കമാണ്. കമ്മീഷന്റെ ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. ബിഹാര്‍ എസ്‌ഐആറില്‍ എല്ലാ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എസ്‌ഐആര്‍ ആരംഭിച്ചത് സുതാര്യത ഉറപ്പാക്കാനെന്നും ഗ്യാനേഷ് കുമാര്‍.

വോട്ട് കൊള്ള ആരോപണം തള്ളി തെരഞ്ഞെടുപ്പ കമ്മീഷന്‍.

ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്തിയത് സുതാര്യമായി. രാഹുല്‍ ഗാന്ധി വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചു. ആരോപണം ഭരണഘടനയ്ക്ക് അപകടമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ വോട്ടർ പട്ടിക പരിഷ്‌കരണം

1. മതിയായ രേഖകള്‍ ഇല്ലാത്തവര്‍ പട്ടികയില്‍ ഉണ്ടായിരുന്നു, അവരെ ഒഴിവാക്കി

2. ഇനി 15 ദിവസം കൂടി പരാതിക്കാര്‍ക്ക് സമീപിക്കാം

3. നടപടി പൂര്‍ത്തിയാക്കിയത് സുതാര്യമായി

"തെറ്റായ ആരോപണങ്ങളെ ഭയമില്ല"

എല്ലാ മണ്ഡലങ്ങള്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുണ്ട്. നിങ്ങള്‍ക്ക് അവിടെ സമീപിക്കാമെന്നും ഗ്യാനേഷ് കുമാര്‍. പരാതി ഉണ്ടെങ്കില്‍ അത് കമ്മീഷന്‍ കേട്ടതിന് മാത്രമേ പ്രകിയ പൂര്‍ത്തിയാക്കൂ. ഓരോ പട്ടികയും രാഷ്ട്രീയ പാര്‍ട്ടികള്‍കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഡിഎംകെ പരാതി വന്നിരുന്നു. അത് കമ്മീഷന്‍ പരിശോധിക്കും തെറ്റായ ആരോപണങ്ങളെ ഭയമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

'രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ വോട്ടര്‍മാര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു'

രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ വോട്ടര്‍മാര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു. തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ നീക്കത്തിന്റെ ഉദ്ദേശ്യമെന്തെന്ന് ജനത്തിന് അറിയാമെന്ന് മുഖ്യ തെര. കമ്മിഷണര്‍. പരിശോധനകള്‍ വിശദമായി നടത്തിയ ശേഷമാണ് പല പേരുകളും പട്ടികയില്‍ നിന്ന് പുറത്തായത്. അനുമതിയില്ലാതെ പട്ടികയിലെ വോട്ടര്‍മാരുടെ ഫോട്ടോകള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിച്ചു എന്നും വിമര്‍ശനം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ബിഹാറിലെ എല്ലാ വീടുകളും എത്തി.

വോട്ട് ചോരി ആരോപണത്തില്‍ അന്വേഷണമില്ല. വോട്ടര്‍ പട്ടിക സുതാര്യമെന്നും  തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം രാഹുല്‍ ഗാന്ധിയുടെ മണ്ഡലം തിരിച്ചുള്ള ആരോപണങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കിയത് പൊതുവായ മറുപടി മാത്രം. 

പട്ടിക ആരോപണങ്ങളില്‍ ഒരു തെളിവില്ല- തെരഞ്ഞെടുപ്പ് കമ്മീഷന്‍

പഴയ പട്ടികയിലുള്ള ലക്ഷക്കണക്കിന് പേര് മൈേ്രഗറ്റ് ചെയ്തു പലയിടത്തേക്കും. അവരെ എങ്ങനെ ബിഹാറില്‍ നിലനിര്‍ത്തുമെന്ന് ഗ്യാനേഷ് കുമാര്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിപ്പിക്കാന്‍ നീക്കം നടക്കുന്നു. എസ്‌ഐആര്‍ സമഗ്ര പരിഷ്‌കാരം അത് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡേറ്റയില്‍ തെറ്റുകള്‍ വരാം. ഇരട്ട വോട്ടുണ്ടാകാം. അത് തിരുത്താന്‍ സംവിധാനമുണ്ട്. തെറ്റ് ചൂണ്ടിക്കാട്ടുന്നതും മോഷണം ആരോപിക്കുന്നതും രണ്ടാണ്. അത് രാജ്യ താല്പര്യത്തിന് എതിരാണ്. ഡേറ്റയുടെ കാര്യത്തില്‍ തിരുത്തല്‍നടത്താം അതിന് ടൈം ഉണ്ട്. ബിഹാറില്‍ സമയമുണ്ടല്ലോ പരാതിക്കാര്‍ വരൂ, അതിന് തയ്യാറാണ്. പട്ടിക ശുദ്ധീകരിക്കാം എന്ന് ഗ്യാനേഷ് കുമാര്‍. ഡേറ്റ എല്ലാം മെഷിന്‍ അനലൈസ് ചെയ്യും അതിലെവിടെ മോഷണം നടക്കുന്നു? പട്ടിക ആരോപണങ്ങളില്‍ ഒരു തെളിവുമില്ലെന്നും കമ്മിഷന്‍.

ജാ​ഗ്രത പാലിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചുമതല -  ഖാ‍ർ​ഗെ

ജാ​ഗ്രത പാലിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചുമതലയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാ‍ർജുൻ ഖാ‍ർ​ഗെ.

വോട്ട‍ർ പട്ടിക പരിശോധിച്ച് പിഴവുകൾ തിരുത്തണമെന്നും ഖാ‍ർ​ഗെ ആവശ്യപ്പെട്ടു. ചില പാ‍ർട്ടികൾ വോട്ട‍ർപട്ടിക പരിശോധിക്കുന്നില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രസ്താവനയിലാണ് പ്രതികരണം.

മത്സ്യബന്ധനത്തിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

മത്സ്യബന്ധനത്തിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ബാബു (59) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെയാണ് വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയത്. പൂന്തുറ ഭാഗത്ത് വച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

സിപിഐഎമ്മിലെ കത്ത് വിവാദം: പ്രതികരണവുമായി മുഹമ്മദ് റിയാസ്

പുകച്ചിലിനിടയിൽ ഒരു പ്രയാസം ഇല്ലാതെ മുന്നോട്ടുപോകുന്ന പാർട്ടിയാണ് സിപിഐഎം എന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

ബാണസുര ഡാം ഷട്ടറുകൾ ഉയർത്തി

ബാണസുര ഡാം ഷട്ടറുകൾ 20 സെൻ്റിമീറ്ററായി ഉയർത്തി. അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. 26.10 ക്യുമെക്സ് വെള്ളം ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. സ്‌പിൽവെ ഷട്ടറുകളാണ് 20 സെന്റീമീറ്ററായി ഉയർത്തിയത്

കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദേശം

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ ഉടന്‍ അറിയാം

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്താനുള്ള ബിജെപി പാർലമെന്‍ററി പാർട്ടി യോഗം അല്‍പസമയത്തിനകം. നരേന്ദ്രമോദി, അമിത് ഷാ, ജെ.പി. നദ്ദ, രാജ്നാഥ് സിംഗ് എന്നിവർ ബിജെപി ആസ്ഥാനത്ത് എത്തി.

ബിജെപിയിൽ നിന്ന് തന്നെയാകും സ്ഥാനാർഥി എന്നാണ് സൂചന.

പാലോട് പോത്തിനെ പുലി ആക്രമിച്ചു

പാലോട് സ്വദേശി ജയന്റെ വളർത്തു പോത്തിനെയാണ് പുലി ആക്രമിച്ചു. പാലോട് വെങ്കിട്ടമൂട് വെച്ചാണ് സംഭവം. കഴുത്തില്‍ മുറിവേറ്റ പോത്ത് ചത്തു.

മെയ്യാൻ വിട്ട പോത്തിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.

എസ്‌ഇആർടി നാലാം ക്ലാസ് കൈപ്പുസ്തകത്തിലെ പിഴവ്; പരാതിയുമായി എബിവിപി

എസ്‌ഇആർടി നാലാം ക്ലാസ് കൈപ്പുസ്തകത്തിലെ പിഴവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും എന്‍സിഇആർടി ഡയറക്ടർക്കും പരാതി നൽകി എബിവിപി. സുഭാഷ് ചന്ദ്രബോസിനെ കുറിച്ചുള്ള കൈപ്പുസ്തകത്തിലെ പിഴവ് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കാനുള്ള നുണപ്രചാരണമാണെന്നാണ് പരാതിയില്‍ പറയുന്നത്.

എസ്‌ഇആർടി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് പരാതയിലെ ആവശ്യം. എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ആണ് പരാതി നൽകിയത്. സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന് എന്നായിരുന്നു കൈപ്പുസ്തകത്തിലെ പരാമർശം.

സിഐഎസ്എഫ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെയും നാല് വയസുകാരൻ മകനെയും കാണാനില്ല

സിഐഎസ്എഫ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെയും നാല് വയസുകാരൻ മകനെയും കാണാനില്ലെന്ന് പരാതി.

റൂമി ദേവിദാസ് (30) മകൻ പ്രിയാനന്ദ് ദേവദാസ് (4) എന്നിവരെയാണ് കാണാതായത്. അസം സ്വദേശികളായ ഇവർ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്

9 ഡാമുകളിൽ റെഡ് അലർട്ട്

സംസ്ഥാനത്തെ ഒന്‍പത് ഡാമുകളിൽ റെഡ് അലേർട്ട്. ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നല്‍കി. അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട - കക്കി, മൂഴിയാർ

ഇടുക്കി - മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ

തൃശൂർ - ഷോളയാർ, പെരിങ്ങൽകുത്ത്

വയനാട് - ബാണാസുരസാഗർ

ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്ത് വിടുന്നുണ്ട്.

10ാം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദിച്ചു

കാസർഗോഡ് കുണ്ടംക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകന്റെ അടിയേറ്റ് കുട്ടിയുടെ കർണ്ണപടം തകർന്നു. പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് പരിക്ക്.

ഹെഡ്മാസ്റ്റർ എച്ച്എം അശോകൻ മർദിച്ചെന്ന് വിദ്യാർഥി പറഞ്ഞു. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.

ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.

കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷ(38)യ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മനോജ് കത്തി കൊണ്ട് വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.

യുവതിയുടെ കണ്ണിന് കീഴെയും, കൈക്കും പരിക്കേറ്റു. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല)

പീച്ചി ഡാം ഷട്ടറുകൾ നാളെ വീണ്ടും ഉയർത്തും

തൃശൂർ പീച്ചി ഡാം ഷട്ടറുകൾ നാളെ വീണ്ടും ഉയർത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് നടപടി. നിലവിൽ അഞ്ച് ഇഞ്ച് വീതം ആണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്.

നാളെ ( ആഗസ്റ്റ് 18 ) രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദേശം.

റൗഡി പട്ടികയിലുള്ളയാൾക്ക് കുത്തേറ്റു

പനങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ളയാൾക്ക് കുത്തേറ്റു. പനങ്ങാട് സ്വദേശി സനിതിനാണു അയൽവാസിയുടെ കുത്തേറ്റത്.

നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. കുട്ടികൾ കളിക്കുന്ന സ്ഥലത്ത് കളിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതാണ് അക്രമത്തിന് കാരണം.

SCROLL FOR NEXT