ഐഷി ഘോഷിനെതിരായ പൊലീസ് നീക്കം സഭയിൽ ഉന്നയിച്ച് ഇടതുഎംപിമാർ 
NATIONAL

പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം; ഐഷി ഘോഷിനെതിരായ പൊലീസ് നീക്കം സഭയിൽ ഉന്നയിച്ച് ഇടതുഎംപിമാർ

വിഷയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണ നൽകി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സിപിഐഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ ഡൽഹി പൊലീസ് മഫ്തിയിൽ പ്രവേശിച്ച് എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പാർലമെൻ്റിൽ വൻ പ്രതിഷേധം. പാർട്ടിയുടെ ദേശീയ ആസ്ഥാനത്തേക്കുള്ള പൊലീസിൻ്റെ അസാധാരണ കടന്നുകയറ്റം ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ചതോടെ സഭ പ്രക്ഷുബ്ധമായി.

വിഷയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണ നൽകി. തുടർച്ചയായ രണ്ടാം ദിവസമാണ് ഐഷി ഘോഷിനെ ഡൽഹി പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.

നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള പൊലീസിൻ്റെ ഈ അസാധാരണ പ്രവർത്തിയെ ജോൺ ബ്രിട്ടാസ് സഭയിൽ ചോദ്യം ചെയ്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സിപിഐഎമ്മിന് പിന്തുണയുമായി രംഗത്ത് എത്തിയതോടെ സഭ പ്രക്ഷുബ്ധമായി.

അതേസമയം ബ്രിട്ടാസിൻ്റെ വാദങ്ങളെ കേന്ദ്രമന്ത്രി ജെ.പി. നദ്ദ തള്ളി. നടപടി അസാധാരണമല്ലെന്നായിരുന്നു നദ്ദയുടെ മറുപടി. അർദ്ധരാത്രിയിലാണ് മഫ്തിയിലുള്ള ഡൽഹി പൊലീസ് സംഘം എകെജി ഭവനിലെത്തി ഐഷി ഘോഷിൻ്റെ വിവരങ്ങൾ തേടിയത്.

ഐഷിയുടെ താമസസ്ഥലം, പാർട്ടി ആസ്ഥാനത്ത് എത്തുന്ന സമയം എന്നിവയെക്കുറിച്ച് എകെജി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പൊലീസ് ചോദിച്ചറിഞ്ഞു. ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമമാണിതെന്ന് ഇടതു എംപിമാർ ആരോപിച്ചു. പൊലീസിൻ്റെ ഈ നാടകീയ നീക്കങ്ങൾക്ക് പിന്നാലെ എകെജി ഭവനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിച്ചു.

SCROLL FOR NEXT