NATIONAL

"ഞാൻ ഒഴിഞ്ഞ് കൊടുക്കില്ല... ബലം പ്രയോഗിച്ച് പുറത്താക്കട്ടെ": ബിഹാർ വസതിയെക്കുറിച്ച് റാബ്രി ദേവി

എൻഡിഎ സർക്കാരിലെ മന്ത്രിക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്ന സ്ഥലം ഒഴിഞ്ഞ് നൽകാനും മറ്റൊരു വീട്ടിലേക്ക് മാറാനും നിർദേശം നൽകി

Author : ന്യൂസ് ഡെസ്ക്

പട്‌ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ റാബ്റി ദേവി താമസിക്കുന്ന സർക്കാർ ബംഗ്ലാവിനെച്ചൊല്ലി വീണ്ടും വിവാദം. എൻഡിഎ സർക്കാരിലെ മന്ത്രിക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്ന സ്ഥലം ഒഴിഞ്ഞ് നൽകാനും മറ്റൊരു വീട്ടിലേക്ക് മാറാനും നിർദേശം നൽകിയെങ്കിലും റാബ്രി ദേവി അതിന് തയ്യാറാകുന്നില്ല. "ഞാൻ ഒഴിഞ്ഞ് കൊടുക്കില്ല. വേണമെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കട്ടെ" എന്നാണ് ഇക്കാര്യത്തിൽ റാബ്രി ദേവി പ്രതികരിച്ചത്.

മെയ് 27-ന് പുറത്തിറങ്ങിയ ഉത്തരവിലാണ് കെട്ടിട നിർമ്മാണ വകുപ്പ്, രാജ്ഭവനും മുഖ്യമന്ത്രിയുടെ വസതിക്കും സമീപം സ്ഥിതി ചെയ്യുന്ന 10, സർക്കുലർ റോഡ് ബംഗ്ലാവ് ക്ഷീര-ഫിഷറീസ് മന്ത്രി നന്ദ് കിഷോർ റാമിന് അനുവദിച്ചത്. അതൊടൊപ്പം തന്നെ അവിടെ താമസിക്കുന്ന റാബ്രി ദേവിയോട് വീട് ഒഴിയാനും പറഞ്ഞിരുന്നു. എന്നാൽ അവർ തയ്യാറായില്ല. ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ സ്ഥലത്തില്ലായിരുന്ന റാബ്റി ദേവി വിമാനത്താവളത്തിൽ വച്ചാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്.

"മുഖ്യമന്ത്രിയാകാൻ കഴിഞ്ഞതിൽ സാമ്രാട്ട് ചൗധരി വളരെ ആവേശത്തിലാണെന്ന് എനിക്ക് കാണാം. അദ്ദേഹത്തിന്റെ സർക്കാർ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കട്ടെ. അല്ലാതെ ഞാൻ വീട് ഒഴിയാൻ പോകുന്നില്ല" റാബ്രി ദേവി പറഞ്ഞു. ഒരു പതിറ്റാണ്ടിലേറെയായി അവർ താമസിക്കുന്ന വീട്, മുൻ മുഖ്യമന്ത്രി എന്ന നിലയിൽ ജെഡിയു പ്രസിഡന്റ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ അനുവദിച്ചിരുന്നു എന്നത് തന്നെ ശ്രദ്ധേയമായ കാര്യമാണ്.

നിതീഷ് കുമാർ മുഖ്യമന്ത്രിയായിരിക്കെ, നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവായ റാബ്രി ദേവിയോട് രാജിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. അന്ന് കെട്ടിട നിർമ്മാണ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, 10, സർക്കുലർ റോഡ് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന വിജയ് കുമാർ സിൻഹയ്ക്ക് അനുവദിക്കുന്നതായി പറഞ്ഞിരുന്നു. എന്നാൽ റാബ്രി ദേവി ബംഗ്ലാവ് ഒഴിയാൻ വിസമ്മതിച്ച കാരണത്താൽ ആ ഉത്തരവ് നടപ്പായില്ല.

SCROLL FOR NEXT