ബെംഗളൂരു: വ്യാജ 'നന്ദിനി' നെയ് വില്‍പ്പന റാക്കറ്റ് സംഘത്തിലെ മുഖ്യ കണ്ണികള്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നുള്ള ദമ്പതികളാണ് അറസ്റ്റിലായത്. നന്ദിനി ബ്രാന്‍ഡിന്റെ പേരില്‍ നിര്‍മാണ ഫാക്ടറി തുടങ്ങി വ്യാജ നെയ് ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുകയായിരുന്നു ദമ്പതികള്‍.
ശിവകുമാര്‍, രമ്യ എന്നിവരെയാണ് ബെംഗളൂരുവില്‍ നിന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. വലിയ അളവില്‍ വ്യാജ നെയ് നിര്‍മിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളുള്ള ഉപകരണങ്ങളും ഉപയോഗിച്ച് വരുന്നുണ്ട്. നെയ് നിര്‍മാണ കമ്പനിയിലെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തു. നേരത്തെ വ്യാജമായി നെയ് നിര്‍മിച്ച സംഘത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദക്ഷിണേന്ത്യയിലെ ഏറെ പ്രചാരത്തിലുള്ള ബ്രാന്‍ഡ് ആണ് നന്ദിനി. ആഭ്യന്തരമായി നടത്തിയ തെരച്ചിലിലാണ് സംശയാസ്പദമായി വ്യാജ നെയ് നിര്‍മിച്ച് മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയത് പിടിക്കപ്പെട്ടത്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സ്‌ക്വാഡും കര്‍ണാടക കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനും (കെഎംഎഫ്) ചേര്‍ന്ന് നടത്തിയ രഹസ്യമായ തെരച്ചിലിലാണ് സംഘം പിടിയിലാവുന്നത്.
ചാമരാജ്‌പേട്ടിലെ നഞ്ചമ്പ അഗ്രഹാരയിലെ കൃഷ്ണ എന്റര്‍പ്രൈസസിലെ വാഹനങ്ങള്‍, കടകള്‍, ഗോഡൗണുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഈ പ്രദേശമാണ് വ്യാജ നെയ് വില്‍പ്പനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നത്.
ഓപ്പറേഷനിടെ തമിഴ്‌നാട്ടില്‍ നിന്നും പാക്ക് ചെയ്ത വ്യാജ നെയ്യുടെ കടത്ത് തടയുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 1.26 കോടി രൂപയുടെ വസ്തുക്കളും ഏകദേശം 56.95 ലക്ഷം വില മതിക്കുന്ന 8,136 ലിറ്റര്‍ വ്യാജ നെയ്യും പിടിച്ചെടുത്തിരുന്നു. വ്യാജ നെയ് നിര്‍മിക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍, നെയ്യില്‍ ചേര്‍ക്കാന്‍ ഉപയോഗിച്ച വെളിച്ചെണ്ണ, പാം ഓയില്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, 1.19 ലക്ഷം രൂപ, നാല് ബൊലേറോ ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവയും റെയ്ഡിനിടെ പിടിച്ചെടുത്തു.