പാറ്റ്ന: ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ശക്തമായ പ്രചാരണത്തിലാണ് ഇരുമുന്നണികളും. ഒന്നാംഘട്ടത്തിലെ കനത്ത പോളിങിന്റെ വലിയ ആവേശത്തിലാണ് നേതാക്കളും പ്രവർത്തകരും. പ്രധാനമന്ത്രി നരേന്ദ്രമോദി ആർജെഡിക്കെതിരെ ജംഗിൾരാജ് പ്രയോഗം എല്ലാ റാലികളും ആവർത്തിക്കുന്നുമ്പോൾ യഥാർഥ ജംഗിൾരാജ് രാജ്യത്ത് നടപ്പാക്കിയത് മോദിയാണെന്നാണ് രാഹുൽഗാന്ധിയുടെ മറുപടി. ആദ്യഘട്ടത്തിലെ റെക്കോർഡ് പോളിങ് ഭരണവിരുദ്ധ തരംഗത്തിന് തെളിവാണെന്ന് ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറും പറഞ്ഞു.
നവംബർ 11 ന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ടത്തിനായുള്ള പ്രചാരണ പരിപാടികളുമായി അവിശ്രമം മുന്നോട്ടു പോകുകയാണ് മുന്നണികൾ. 14 ജില്ലകളിലായി 17 റാലികളാണ് എൻഡിഎ സഖ്യം നടത്തുന്നത്. നരേന്ദ്രമോദി ഔറംഗാബാദിലും ഭാഭുവയിലും പ്രചാരണത്തിനെത്തി. മഹാ സഖ്യത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
പ്രതിപക്ഷത്തിന്റെ നുണകളുടെ പാക്കേജ് ജനം തള്ളിയെന്നും ജംഗിൾരാജ് ഇനി തിരിച്ചുവരരുതെന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു. എൻഡിഎ സർക്കാരിന്റെ തിരിച്ചുവരവ് ഒന്നാം ഘട്ടത്തിൽ തന്നെ ബിഹാറിലെ ജനം ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർജെഡിയുടെ വാഗ്‌ദാനങ്ങളിൽ കോൺഗ്രസിന് പോലും വിശ്വാസമില്ല. കോൺഗ്രസ് ആർജെഡിയുടെ പ്രകടന പത്രികയെക്കുറിച്ച് മിണ്ടുന്നു പോലുമില്ലെന്നും മോദി പരിഹസിച്ചു.
വാഗ്ദാന പെരുമഴയ്ക്കും കുറവില്ല. എൻഡിഎ വീണ്ടും വന്നാൽ ബിഹാർ പ്രളയ മുക്തമാക്കാൻ പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ, ബിഹാറിൽ റോഡുകൾ, പാലങ്ങൾ അടക്കം വലിയ അടിസ്ഥാന സൌകര്യങ്ങൾ സൃഷ്ടിക്കാനായി. ലാലുവിന്റെ മകൻ വിജയിച്ചാൽ കൊള്ളയ്ക്കായി പുതിയ വകുപ്പ് തുറക്കുമെന്ന് അമിത് ഷാ പരിഹസിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാർ കിഴക്കൻ ചമ്പാരനിലെ പഹാഡ്പൂരിൽ റാലിക്കെത്തി. കേന്ദ്രമന്ത്രി നിതിൻഗഡ്കരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും വിവിധ റാലികളിലുണ്ട്. മഹാസഖ്യത്തിനായി രാഹുലും തേജസ്വിയും കൂടുതൽ റാലികളിലുണ്ട്. പ്രിയങ്കയുടെ സാന്നിധ്യവും ദിപാങ്കർ ഭട്ടാചാര്യയും വിവിധയിടങ്ങളിൽ ശക്തമായ പ്രചാരണം നയിക്കുന്നു. മല്ലികാർജുൻ ഖർഗെയും ബിഹാറിലുണ്ട്.
യഥാർത്ഥ ജംഗിൾരാജ് രാജ്യത്ത് നടപ്പാക്കുന്നത് മോദിയും അമിത് ഷായുമാണെന്ന് രാഹുൽ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയെ ആക്രമിക്കാൻ ഒപ്പമുണ്ടെന്നും രാഹുൽ പറഞ്ഞു. വാരാണസിയിൽ വോട്ട് ക്രമക്കേട് നടന്നെന്ന് റാലിയിൽ രാഹുൽ ആവർത്തിച്ചു. മോദി പ്രധാനമന്ത്രിയായത് വോട്ട് തട്ടിയാണ്. ബിഹാർ തെരഞ്ഞെടുപ്പിലും ആ ശ്രമം തുടരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കുമെന്നാണ് ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം. ആദ്യഘട്ടത്തിലെ ഉയർന്ന പോളിങ് ഭരണ വിരുദ്ധ വികാരത്തിൻ്റെ സൂചനയാണ്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബർ 11 ന് നടക്കും. 14 നാണ് വോട്ടെണ്ണൽ.