NATIONAL

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു;

പാര്‍ലമെന്റിന് പുറത്തും യുഎഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തി. പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷം അറിയിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചു. ഒരു മണിവരെയാണ് സഭ നിര്‍ത്തിവെച്ചത്. നേരത്തെ 12 മണിവരെ സഭ നിര്‍ത്തിവെച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് വീണ്ടും ഒരു മണിവരെ സഭ നിര്‍ത്തിവെക്കുന്നതായി അറിയിക്കുകയായിരുന്നു.

കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമത്തെക്കുറിച്ചാണ് പാര്‍ലമെന്റില്‍ ആദ്യത്തെ ചോദ്യമുയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷന്‍ തള്ളുകയായിരുന്നു. ലോക്‌സഭയില്‍ വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധിച്ചുകൊണ്ട് സഭയുടെ നടുത്തളത്തേലിക്ക് ഇറങ്ങുകയായിരുന്നു.

ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് 12 മണിവരെ നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ആവശ്യമുണ്ടെങ്കില്‍ എംപിമാര്‍ സീറ്റുകളിലേക്ക് മടങ്ങി പോകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് ഒരുമണി വരെ സഭ നിര്‍ത്തിവെക്കുന്നതായി അറിയിച്ചത്.

പാര്‍ലമെന്റിന് പുറത്തും യുഎഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തി. പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷം അറിയിക്കുന്നത്. പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ഇന്ത്യാ സഖ്യം പ്രതിഷേധിക്കും. സിപിഐഎം പ്രതിഷേധ പ്രകടനവും നടത്തും.

സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ കന്യാസ്ത്രീകളാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത റെയില്‍വേ പൊലീസ് പിന്നീട് ചില തീവ്രഹിന്ദു സംഘടനകളില്‍പ്പെട്ടവരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും കന്യാസ്ത്രീകളെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ നിന്ന് കൂട്ടിക്കൊണ്ട് വരാന്‍ പോയ മൂന്ന് പെണ്‍കുട്ടികളും ക്രിസ്ത്യന്‍ വിഭാഗക്കാരാണെന്ന് സിബിസിഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ആശാ പോള്‍ പറയുന്നു. കൃത്യമായ യാത്രാ രേഖകളും കന്യാസ്ത്രീകളുടെ പക്കല്‍ ഉണ്ടായിരുന്നു. മത പരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും സിസ്റ്റര്‍ ആശാ പോള്‍ അറിയിച്ചു.

റിമാന്‍ഡിലായ കന്യാസ്ത്രീകള്‍ നിലവില്‍ ദുര്‍ഗ് ജയിലിലാണുള്ളത്. മത പരിവര്‍ത്തനവും മനുഷ്യക്കടത്തുമാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ന് പാര്‍ലമെന്റും സ്തംഭിച്ചത്.

SCROLL FOR NEXT