Source: Social Media
NATIONAL

വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം; ഗ്രേറ്റർ നോയിഡയിൽ യുവാവിനെ തല്ലിക്കൊന്നു

വടികളും മറ്റ് മൂർച്ഛയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഹർക്കേഷിനെയും സുഹൃത്തിനെയും സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

Author : ശാലിനി രഘുനന്ദനൻ

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വാഹനം മാറ്റുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് യുവാവിനെ തല്ലിക്കൊന്നു. കമേരല ഗ്രാമത്തിലെ ഹർക്കേഷ് ആണ് കൊല്ലപ്പെട്ടത് ഒരു കൂട്ടം യുവാക്കൾ മദ്യപിച്ച് വാഹനം നടുറോഡിൽ നിർത്തിയിട്ടത് ഹർക്കേഷ് ചോദ്യം ചെയ്തതാണ് തർക്കങ്ങളുടെ തുടക്കം. തർക്കം പിന്നീട് അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങി.

ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള സുഹൃത്ത് മോഹിത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹർക്കേഷ്. മദ്യപിച്ച ഒരു കൂട്ടം ആളുകൾ വാഹനം റോഡിന്റെ നടുവിൽ നിർത്തി ഗതാഗതം തടസപ്പെടുത്തി. വാഹനം മാറ്റാൻ ഹർക്കേഷ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. പിന്നീട് ഏറ്റുമുട്ടലിലേക്ക് കടന്നു. വടികളും മറ്റ് മൂർച്ഛയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഹർക്കേഷിനെയും സുഹൃത്തിനെയും സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹർക്കേഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടന്നയുടൻ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മോഹിത് ഇപ്പോഴും ചികിത്സയിലാണ്. നാട്ടുകാർ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. പൊലീസാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.

ഇരയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഇതുവരെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നതായും, തുടർനടപടികൾ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.

SCROLL FOR NEXT