കൊൽക്കത്ത: ഹിന്ദുത്വ എന്നത് ഭ്രാന്തമായ മതഭ്രാന്താണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറിൻ്റെ പ്രസ്താവനയെ ചൊല്ലി പരസ്പരം കൊമ്പുകോർത്ത് കോൺഗ്രസ്-ബിജെപി നേതാക്കൾ. കോൺഗ്രസ് നേതാവ് സനാതന ധർമത്തെ അപമാനിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. കൊൽക്കത്ത ക്ലബ്ബിൽ കഴിഞ്ഞ ദിവസം നടന്ന സംവാദത്തിനിടയിലാണ് മണിശങ്കർ അയ്യരുടെ ഈ നിരീക്ഷണം. "ഹിന്ദുത്വയിൽ നിന്ന് ഹിന്ദുമതത്തിന് സംരക്ഷണം ആവശ്യമാണ്" എന്ന വിഷയത്തിലായിരുന്നു ചർച്ച നടന്നത്.
"ഹിന്ദുത്വ എന്നത് ഭ്രാന്തമായ ഹിന്ദുമത ചിന്താഗതിയാണ്. അത് രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുക്കളോട് 14 ശതമാനം മാത്രം വരുന്ന മുസ്ലീങ്ങളെ ഭയക്കണമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്. ഹിന്ദുത്വ എന്നത് അന്ധയായ സ്ത്രീയെ ബിജെപി നേതാവ് തല്ലുന്നതും, ക്രിസ്മസിന് പള്ളിയിൽ ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിശന്ന ഗോത്രവംശജയായ പെൺകുട്ടിയെ പട്ടിണിക്കിട്ടു. ക്രിസ്മസ് തോരണങ്ങൾ തൂക്കിയതിൻ്റെ പേരിൽ ഹിന്ദുത്വർ മാളുകളിൽ റെയ്ഡുകൾ നടത്തുന്നു. ബുദ്ധമതം ഹിന്ദുക്കളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ആയിരുന്നു സവർക്കറുടെ നിലപാട്. അത് ഹിന്ദുത്വയെ തിരസ്ക്കരിക്കുന്നതും, സാർവത്രികതയുടെയും അഹിംസയുടെയും ലഹരി കലർത്തുകയാണെന്നും അദ്ദേഹം നിലപാടെടുത്തു. അത് ഹിന്ദുക്കളായ ആൺവംശത്തിൻ്റെ നിലനിൽപ്പിനും പോലും വിനാശകരമാണെന്നാണ് സവർക്കർ പറഞ്ഞത്," മണിശങ്കർ അയ്യർ പറഞ്ഞു.
"ഹിന്ദുത്വം ഒരു മഹത്തായ ആത്മീയ മതമാണ്. ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ ധാരയാണ്. 1923ലാണ് ഹിന്ദുത്വ അവതരിപ്പിക്കപ്പെട്ടത്. അതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിന്ദുമതം നിരവധി പരീക്ഷണങ്ങളും കഷ്ടപ്പാടുകളും നേരിട്ടിരുന്നു. ഹിന്ദുത്വയുടെ സംരക്ഷണത്തിൻ്റെ ആവശ്യമില്ലാതെ തന്നെ അത് സ്വയം അതിജീവിച്ചു, അഭിവൃദ്ധി പ്രാപിച്ചു. സവർക്കറുടെ ഹിന്ദുത്വയ്ക്ക് മഹാത്മാ ഗാന്ധിയുടെയും സ്വാമി വിവേകാനന്ദൻ്റെയും ഹിന്ദുമതത്തെ സംരക്ഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല," മണിശങ്കർ അയ്യർ പറഞ്ഞു.
"ഹിന്ദുക്കൾ സ്വയം ഹിന്ദുക്കളായി മനസിലാക്കുന്നത് അക്രമത്തിലൂടെയാണ് എന്നാണ് സവർക്കർ എഴുതിയത്. എന്നാൽ ഹിന്ദുക്കൾക്ക് പുരാതന നാഗരികത അവകാശപ്പെടാനുണ്ടെന്നും അടിസ്ഥാനപരമായി അവർ അഹിംസാ വാദികളാണെന്നുമാണ് ഗാന്ധിജി എഴുതി. ഗോമാംസം പൂഴ്ത്തിവയ്ക്കുകയോ കഴിക്കുകയോ കൊണ്ടുപോകുകയോ ചെയ്യുന്നുവെന്ന് സംശയിക്കുന്ന ആരെയും ഹിന്ദുത്വ വാദികൾ മർദിക്കുകയും കൊല്ലുകയും ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. പശുവിനെ സംരക്ഷിക്കാൻ വേണ്ടി മനുഷ്യനെ കൊല്ലുന്നത് ഹിന്ദുമതത്തിൻ്റെയും അഹിംസയുടെയും നിഷേധമാണെന്ന് ഗാന്ധിജി മുമ്പ് എഴുതിയിട്ടുണ്ട്," മണിശങ്കർ അയ്യർ പറഞ്ഞു.
അതേസമയം, ബിജെപി നേതാവായ സുധാൻഷു ത്രിവേദി കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവനയെ വിമർശിച്ചു. "മതപരമായ വിഷയങ്ങളിൽ പോലും ചർച്ച ചെയ്യാൻ നിങ്ങൾക്ക് ഏത് സംസ്കാരമാണ് അധികാരം നൽകുന്നത്? 'ഹിന്ദൂയിസം' എന്ന പദം എന്തുകൊണ്ടാണ്? ഇന്ത്യയിൽ ഉത്ഭവിച്ച എല്ലാ മതങ്ങളുമായും 'ഇസം' ബന്ധപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു? ഇസ്ലാമിസത്തെയും ക്രിസ്ത്യാനിസത്തെയും കുറിച്ച് നിങ്ങൾ ഒരിക്കലും കേട്ടിട്ടില്ല. ഇവിടെ 'ഇസം' ലോകത്തെ താഴ്ത്തിക്കെട്ടാൻ വേണ്ടി മാത്രം ബന്ധപ്പെടുത്തുന്നു, ഹിന്ദുത്വ എന്നാൽ 'ഹിന്ദു തത്വ'മാണ്. ഹിന്ദുമതത്തിൻ്റെ അടിസ്ഥാന പ്രതിരോധശേഷിയാണ് ഹിന്ദു തത്വം. നിങ്ങൾ ഹിന്ദുമതത്തെ വിലമതിക്കുമ്പോഴാണ് അതിനെ ഹിന്ദുത്വ എന്ന് വിളിക്കുന്നത്," ബിജെപി നേതാവ് സുധാൻഷു ത്രിവേദി പറഞ്ഞു.
"നേരത്തെ സൈനികരെ അപമാനിച്ച മണിശങ്കർ അയ്യർ ഇപ്പോൾ സനാതന ധർമത്തെ അപമാനിക്കാൻ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. ഹിന്ദുമതവും ഹിന്ദുത്വവും വ്യത്യസ്തമാണെന്നും, ഹിന്ദുത്വം അക്രമാസക്തമാണെന്നും, ഹിന്ദുത്വവാദികൾ ആളുകളെ തല്ലിച്ചതയ്ക്കുന്നവർ ആണെന്നും മണിശങ്കർ അയ്യർ പറയുന്നു. ഹിന്ദുത്വ ഐഎസ്ഐഎസും ബോക്കോ ഹറാമും പോലെയാണെന്ന കോൺഗ്രസിൻ്റെ അതേ നിലപാട് തന്നെയാണിത്," ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
"രാഹുൽ ഗാന്ധിയും ഹിന്ദുത്വയെ അവഹേളിച്ചിട്ടുണ്ട്. അമ്മയും മാതൃത്വവും വ്യത്യസ്തമാണെന്ന് പറയുന്നത് പോലെയാണിത്. ഹിന്ദുത്വയെ സുപ്രീം കോടതി ഒരു ജീവിതരീതിയായി നിർവചിച്ചിട്ടുണ്ട്. എന്നിട്ടും കോൺഗ്രസ് പാർട്ടി ഹിന്ദുത്വയെ അപമാനിക്കുന്നത് തുടരുകയാണ്," ഷെഹ്‌സാദ് പൂനവാല കൂട്ടിച്ചേർത്തു. ചർച്ചയിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, മുൻ എംപി സ്വപൻ ദാസ്‌ഗുപ്ത, അഭിഭാഷകൻ ജെ. സായ് ദീപക്, ബിജെപി എംപി സുധാൻഷു ത്രിവേദി, ബിജെപി എംഎൽഎ അഗ്നിമിത്ര പോൾ, ചരിത്രകാരി രുചിക ശർമ, മുതിർന്ന പത്രപ്രവർത്തകൻ അശുതോഷ് എന്നിവരും പങ്കെടുത്തിരുന്നു.