Source: X
NATIONAL

ഒഡിഷയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; ഗണേഷ് ഉയികെ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഗണേഷ് ഉയികെയെ പറ്റി വിവരം നൽകുന്നവർക്ക് സർക്കാർ 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഭുവനേശ്വർ: ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ കൊല്ലപ്പെട്ടു. ഗണേഷ് ഉയികെയെ പറ്റി വിവരം നൽകുന്നവർക്ക് സർക്കാർ 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് വനിതാ കേഡർമാരുൾപ്പെടെ മറ്റ് മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.

എസ്ഒജി, CRPF, BSF ഉദ്യോഗസ്ഥരടങ്ങുന്ന 23 പ്രത്യേക സംഘങ്ങളെ വനപ്രദേശത്ത് വിന്യസിച്ചിരുന്നു. ഇന്ന് നാല് മാവോയിസ്റ്റുകൾ കൂടി കൊല്ലപ്പെട്ടതോടെ ചൊവ്വാഴ്ച മുതൽ തുടരുന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. മവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തെ “നക്സൽ രഹിത ഭാരത”ത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലായി വിശേഷിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ 'എക്സ്'-ൽ കുറിപ്പ് പങ്കുവച്ചു.

"ഈ പ്രധാന മുന്നേറ്റത്തോടെ, ഒഡീഷ നക്സലിസത്തിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രമാകുന്നതിന്റെ പടിവാതിൽക്കൽ നിൽക്കുന്നു. 2026 മാർച്ച് 31 ന് മുമ്പ് നക്സലിസത്തെ ഇല്ലാതാക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്" അമിത് ഷാ കുറിച്ചു. ഒരുകാലത്ത് 13 ലധികം ജില്ലകളെ ബാധിച്ചിരുന്ന ഇടതുപക്ഷ തീവ്രവാദം ഇപ്പോൾ കാണ്ഡമാൽ ജില്ലയ്ക്കും അതിന്റെ അതിർത്തി ജില്ലയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങിയെന്നും ഷാ വ്യക്തമാക്കി. "കഴിഞ്ഞ മൂന്ന് ദിവസമായി ഒഡീഷ സർക്കാർ ഗഞ്ചം-കാന്തമാൽ ജില്ലാ അതിർത്തിയിൽ തുടർന്നിരുന്ന വലിയ ഓപ്പറേഷൻ വിജയിച്ചുവെന്ന് പൊലീസ് ഡയറക്ടർ ജനറൽ വൈ ബി ഖുറാനിയ മാധ്യമങ്ങളോട് പറഞ്ഞു.

SCROLL FOR NEXT