നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ) മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്ക് നടത്തുന്ന പ്രവേശനപരീക്ഷയായ നീറ്റ് യൂജി 2025ന്റെ ഫലം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ അന്തിമ ഉത്തരസൂചിക എന്‍ടിഎ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in ല്‍ പരീക്ഷാർഥികള്‍ക്ക് അവരുടെ ഫലങ്ങൾ പരിശോധിക്കാം.
രാജസ്ഥാനിൽ നിന്നുള്ള മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99 പെർസന്റൈൽ സ്കോറാണ് മഹേഷ് നേടിയത്. കേരളത്തിൽ ഒന്നാം സ്ഥാനം കോഴിക്കോട് പേരാമ്പ്ര സ്വദേശി ഡി.ബി. ദീപ്നിയയ്ക്കാണ്. ഓൾ ഇന്ത്യാ തലത്തിൽ 109ാം സ്ഥാനവും ദീപ്നിയ നേടി .
റാങ്ക് പട്ടികയിലെ ആദ്യ പത്ത് പേർ:
നീറ്റ് യോഗ്യത നേടുന്നവർ രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ്, ആയുഷ്, മറ്റ് യുജി മെഡിക്കൽ കോഴ്‌സുകൾ എന്നിവയ്ക്കുള്ള കേന്ദ്രീകൃത കൗൺസിലിങ്ങിന് യോഗ്യരായിരിക്കും. വിഷയാടിസ്ഥാനത്തിലുള്ള മാർക്ക്, മൊത്തത്തിലുള്ള സ്കോർ, പെർസെന്റൈൽ, യോഗ്യതാ നില എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിശദാംശങ്ങൾ സ്കോർകാർഡില്‍ ലഭ്യമാകും.
മെയ് നാല് ഞായറാഴ്ച, ഒറ്റ ഷിഫ്റ്റായാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്. 22 ലക്ഷത്തിലധികം പേരാണ് നീറ്റിനായി രജിസ്റ്റർ ചെയ്തത്. ഇതില്‍ 20 ലക്ഷത്തിലധികം പേർ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതി. ഏകദേശം 500 നഗരങ്ങളിലെ 5,453 കേന്ദ്രങ്ങളിലായി ഒന്നിലധികം പരീക്ഷാ കേന്ദ്രങ്ങളിലായിട്ടാണ് പ്രവേശന പരീക്ഷ നടന്നത്. ഫലം വന്നതിന് ശേഷമുള്ള കൗൺസിലിങ് നിരവധി റൗണ്ടുകളിലായിട്ടായിരിക്കും നടക്കുക. എംസിസിയും സംസ്ഥാന അധികൃതരും ചേർന്നാകും ഇവ സംഘടിപ്പിക്കുക.
സ്കോർകാർഡ് പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ
neet.nta.nic.in
nta.ac.in
UMANG പ്ലാറ്റ്‌ഫോം
ഡിജിലോക്കർ
സ്കോർകാർഡുകൾ എങ്ങനെ പരിശോധിക്കാം?
ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദർശിക്കുക.
നീറ്റ് യുജി റിസള്‍ട്ട് ലിങ്ക് തെരഞ്ഞെടുക്കുക.
റോൾ നമ്പർ, ജനനത്തീയതി തുടങ്ങിയ ആവശ്യമായ ലോജിൻ വിശദാംശങ്ങൾ നൽകുക.
വിശദാംശങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ സ്കോർകാർഡുകൾ സ്‌ക്രീനിൽ തെളിയും.
സ്കോർകാർഡുകൾ പരിശോധിച്ച് ഭാവി റഫറൻസിനായി അവ ഡൗൺലോഡ് ചെയ്യുക.
മാർക്കിങ് സ്കീം
ശരിയായ ഉത്തരം അല്ലെങ്കിൽ സാധ്യമായ ഏറ്റവും മികച്ച ഓപ്ഷൻ: +4 മാർക്ക്
തെറ്റായ ഉത്തരം: ഒരു മാർക്ക് കുറയ്ക്കുന്നതിന് കാരണമാകും (-1)
ഉത്തരം നൽകാത്തത് അല്ലെങ്കിൽ റിവ്യൂവിനായി അടയാളപ്പെടുത്തിയത്: മാർക്ക് ലഭിക്കില്ല (0)
കൗണ്‍സിലിങ്ങിന്റെ വിവിധ ഘട്ടങ്ങള്‍:
AIIMS, JIPMER പോലുള്ള സ്ഥാപനങ്ങൾക്കായി എംസിസി നടത്തുന്ന 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട (AIQ) കൗൺസിലിങ്.
85 ശതമാനം സംസ്ഥാന ക്വാട്ട കൗൺസിലിങ്. അതാത് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളാകും മേൽനോട്ടം വഹിക്കുക.
കൗൺസലിങ് പ്രക്രിയയിൽ, റൗണ്ട് 1, റൗണ്ട് 2, മോപ്പ്-അപ്പ് റൗണ്ട്, സ്ട്രേ വേക്കൻസി റൗണ്ട് തുടങ്ങിയ ഘട്ടങ്ങൾ വിദ്യാർഥികള്‍ക്ക് പ്രതീക്ഷിക്കാം.