ഡല്‍ഹി: പൊലീസിന്റെ പീസ് ബോണ്ട് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് ഐസ നേതാവ് നേഹ ബോറ സിജെപിയുടെ തിരംഗ മാർച്ചുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ്, നേഹയ്ക്കും 10000 രൂപയുടെ ബോണ്ട് ഒപ്പിട്ട് നല്കാന് നോട്ടീസ് നല്‍കിയത്. കൊണാട്ട് പ്ലേസില്‍ സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധവുമായി പങ്കില്ലെന്നും മണ്ടി ഹൗസിലേക്ക് പോകുമ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്നും നേഹയുടെ അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായൺ ഹൈക്കോടതിയില്‍ വാദിച്ചു.
പ്രവർത്തകരെ ബസ്സുകളിൽ കൊണ്ടുപോയെന്നും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും രാത്രി വൈകി ആർ.കെ പുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇത് പൂർണ്ണമായും നിയമവിരുദ്ധമായ കസ്റ്റഡിയാണ്. സിപി സെൻട്രൽ പാർക്കിൽ മറ്റൊരു സംഘടന (സി.ജെ.പി) നടത്തിയ പ്രതിഷേധവുമായി അവർക്ക് യാതൊരു ബന്ധവുമില്ല. അതിൽ അവർ ഉൾപ്പെട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
ദേശീയ പതാക ഉയർത്തുന്നതില്‍ ആരുടെയും അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതാണ് ഈ നടപടികളെന്നും, ഇത് ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും നേഹ ഹർജിയില്‍ ആരോപിച്ചു. ഹർജിയില്‍ വാദം പൂർത്തിയാക്കിയ ഹൈക്കോടതി നാളെ വിധിപറയും.