ഛത്തീസ്ഗഡ്: മലയാളി കന്യാസ്ത്രീകളുടെയും ആദിവാസി യുവാവിന്റെയും അറസ്റ്റിന് ആധാരമായ എഫ്ഐആറിലെ ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമെന്ന് ജാമ്യ ഉത്തരവില്‍ എന്‍ഐഎ കോടതി. സംശയങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് എഫ്ഐആർ തയ്യാറാക്കിയതെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു. ഒന്‍പത് ദിവസത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും ബിലാസ്പൂർ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.
ജൂലൈ 25നാണ് കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും അങ്കമാലി എളവൂര്‍ ഇടവകാംഗം സിസ്റ്റര്‍ പ്രീതി മേരിയെയും മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം 19കാരനായ സുഖ്മാന്‍ മാണ്ഡവിയും അറസ്റ്റിലായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 143, 1968ലെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമം എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഇവർക്കെതിരെ ഇതിനുമുന്‍പ് ക്രിമിനല്‍ കേസുകളില്ലെന്നും ആദ്യ എഫ്ഐആര്‍ ആണിതെന്നും കോടതി നിരീക്ഷിച്ചു.
എഫ്ഐആറില്‍ പറയുന്ന ആരോപണങ്ങള്‍ വ്യാജവും, അടിസ്ഥാനരഹിതവും, കഴമ്പില്ലാത്തതും, പൂര്‍ണമായും സംശയങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതുമാണ് ജാമ്യ ഉത്തരവില്‍ എന്‍ഐഎ കോടതി പറയുന്നത്. ആരോപണവിധേയരായ രണ്ട് കന്യാസ്ത്രീകളും, ഭോപ്പാല്‍ ആസ്ഥാനമായുള്ള പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയറിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമുള്ള പ്രൊവിന്‍ഷ്യേറ്റിനൊപ്പം മാനവികതയ്ക്കും, സാമുഹ്യസേവനത്തിനും സമര്‍പ്പിക്കപ്പെട്ടവരാണ്. ഇവർക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ കണ്ട മൂന്ന് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയായവരാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ആഗ്രയിലേക്ക് യാത്ര ചെയ്തത്. എല്ലാവരും ക്രിസ്തീയ വിശ്വാസികളാണ്. അതിനാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണ്. ബിഎന്‍ സെക്ഷന്‍ 143 പ്രകാരം ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ചെയ്തിട്ടില്ല. കുറ്റകൃത്യം നിലനില്‍ക്കുമോ എന്ന് വിചാരണ വേളയില്‍ പരിശോധിക്കട്ടെയെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു.
കർശനമായ ഉപാധികളോടെയാണ് കന്യാസ്ത്രീകള്‍ക്കും ആദിവാസി യുവാവിനും ബിലാസ്പൂർ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത് . പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ജാമ്യം ലഭിച്ചവർ ഇന്ത്യ വിടാൻ പാടില്ല. പാസ്പോർട്ടുകള്‍ കോടതിയില്‍ സമർപ്പിക്കണം. ജാമ്യ കാലയളവിൽ താമസിക്കുന്ന വിലാസം എന്‍ഐഎയുടെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. രണ്ടാഴ്ചയിലൊരിക്കൽ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മുന്‍പാകെ ഹാജരാകണം. ആവശ്യപ്പെടുന്നത് അനുസരിച്ച് ചോദ്യം ചെയ്യലിനായി എത്തണം. തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുതെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.