കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് റദ്ദാക്കണം; ആവശ്യം ശക്തമാക്കി യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍

സിറോ മലബാർ സഭയും ഓർത്തഡോക്സ് സഭയും കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്
അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ്
അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ്Source: News Malayalam 24x7
Published on

കൊച്ചി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കള്‍. ഒന്‍പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നാണ് സിസ്റ്റർ വന്ദന ഫ്രാന്‍സിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചത്. ജാമ്യത്തിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാണ് കന്യാസ്ത്രീകളുടെ കുടുംബവും വിവിധ സഭാ നേതൃത്വങ്ങളും യുഡിഎഫ്-എല്‍ഡിഫ് നേതാക്കളും ആവശ്യപ്പെടുന്നത്.

മദർ തെരേസ ജീവിച്ചിരുന്നെങ്കിൽ അവരെയും രാജ്യദ്രോഹി ആക്കുമായിരുന്നു

കന്യാസ്ത്രീകൾക്കും ആദിവാസി യുവാവിനും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സിപിഐഎം എംപി കെ. രാധാകൃഷ്ണൻ അറിയിച്ചു. അറസ്റ്റ് ചെയ്തതിൽ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. കന്യാസ്ത്രീകളെ സംഘപരിവാർ ശക്തികൾ രാജ്യദ്രോഹികളാക്കി. മദർ തെരേസ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ അവരെയും രാജ്യദ്രോഹി ആക്കുമായിരുന്നു. സംഘപരിവാറിന്റെ മുഖമെന്തെന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞുവെന്നും എംപി കൂട്ടിച്ചേർത്തു.

പി. രാജീവ് സിസ്റ്റർ പ്രീതി മേരിയുടെ വസതിയില്‍
പി. രാജീവ് സിസ്റ്റർ പ്രീതി മേരിയുടെ വസതിയില്‍

മന്ത്രി പി. രാജീവ് സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളെ കണ്ടു. വിധി താൽക്കാലിക ആശ്വാസമാണെന്നും എഫ്ഐആർ റദ്ദാക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം നടപടിക്കെതിരെ വലിയ പ്രതിരോധം ഉയർന്നുവരണം. കേരളത്തിലെ വിഎച്ച്പി നേതാക്കൾ, മാവോയിസ്റ്റ് ബന്ധം കൂടി അന്വേഷിക്കണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീകള്‍ക്കെതിരെ മനുഷ്യക്കടത്തും രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയത് അപലപനീയമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. വർഗീയവാദികൾ ഭരണം നടത്തുന്ന സാഹചര്യങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും എന്തെല്ലാം പീഡനങ്ങൾ നേരിടേണ്ടി വരും എന്നതിന് ഇത് ഉദാഹരണമാണ്. എല്‍ഡിഎഫ് എംപിമാരും വിവിധ നേതാക്കളുമാണ് വിഷയം രാജ്യത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ് കേക്കുകളുമായി അരമന കയറുന്നത്

കന്യാസ്ത്രീകള്‍ ജയിലിലായത് ചെയ്യാത്ത കുറ്റത്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജാമ്യം കിട്ടിയതില്‍ സന്തോഷം. ജാമ്യം കിട്ടാതിരിക്കാന്‍ പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം കൊടുക്കരുതെന്നാണ് ഇന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ്
സാനു മാഷിന് വിട... അമൃത ആശുപത്രിയിലെ പൊതുദർശനം അവസാനിച്ചു; സംസ്കാരം നാളെ വൈകിട്ട്

കൊലക്കുറ്റം ചെയ്ത ക്രിമിനലുകളെ പോലെയാണ് കന്യാസ്ത്രീകളെക്കുറിച്ച് പറഞ്ഞു പരത്തിയത്. ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ പറഞ്ഞതില്‍ പ്രസക്തിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇവരുടെ മുഖംമൂടി വലിച്ചുമാറ്റാൻ കഴിഞ്ഞുവെന്നതാണ് ഈ സംഭവത്തിന്റെ പ്രത്യേകത. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കന്യാസ്ത്രീ വേഷം ധരിച്ച് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ് കേക്കുകളുമായി അരമന കയറുന്നത് എന്ന് 2023ൽ പറഞ്ഞതാണ്. കേക്കുമായി എത്തുന്നവരോട് വരരുത് എന്ന് പറയുന്നവരല്ല കേരളത്തിലെ വൈദികർ. കേന്ദ്രത്തിൽ ഭരിക്കുന്ന പാർട്ടി എന്ന നിലയ്ക്ക് സ്വീകരിക്കും. അവരോട് വരരുത് എന്ന് പറയാൻ കഴിയില്ല. വന്ന് കയറുന്നവരുടെ സ്വഭാവം ഇപ്പോൾ മനസ്സിലായിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജാമ്യം കിട്ടുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത റോജി എം. ജോൺ ,സജീവ് ജോസഫ് എന്നിവരെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു.

കന്യാസ്ത്രീകൾക്കെതിരായ നടപടി ഭരണഘടനയോടുള്ള വെല്ലുവിളി

കന്യാസ്ത്രീകൾക്കെതിരായ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. രാജ്യത്തിൻ്റെ ബഹുസ്വരതയെ മനസ്സിലാകാത്തവർ ഇപ്പോഴുമുണ്ടെന്നും ഇത് രാജ്യത്തിന് അപകടകരമാണെന്നും ശിഹാബ് തങ്ങള്‍ കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകളുടെ അറസ്റ്റ് അന്തർ ദേശീയ തലത്തിൽ ഇന്ത്യക്ക് വലിയ നാണക്കേടായി എന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമ്മർദം വന്നപ്പോഴാണ് ജ്യാമ്യത്തിന് ഇപ്പോൾ വഴങ്ങുന്നത്. കുറച്ച് ദിവസം കഴിഞ്ഞെങ്കിൽ അന്തർ ദേശീയ തലത്തിൽ നിന്നും സമ്മർദം ഉണ്ടായേനെ. കേരളത്തിൽ നിന്നുമാണ് ഈ സമ്മർദം ഉയർന്നു വന്നത്. കേരളത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റെ സൂചനയാണിതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ്
ഒൻപതാം ദിനം ആശ്വാസം; മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം

കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നിലെ രാഷ്ട്രീയ അജണ്ട പകൽ പോലെ വ്യക്തമാണെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ബജ്‌റംഗ്ദൾ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ കന്യാസ്ത്രീകളെ തടയുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് അവരെ കൂടെ കൂട്ടിയതെന്നും, ഇത് സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും കന്യാസ്ത്രീകൾ പോലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും, ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങി പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സംഭവം ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നുവെന്നും ശിവന്‍കുട്ടി പോസ്റ്റില്‍ പറയുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വേട്ടയാടലുകളെയും ഇക്കൂട്ടർ സൗകര്യപൂർവം കണ്ടില്ലെന്ന് നടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. എന്നാൽ, കേരളത്തിൽ തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന അവസരങ്ങളിൽ ന്യൂനപക്ഷ സംരക്ഷകരായി അവർ രംഗപ്രവേശം ചെയ്യും. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് നമ്മുടെയെല്ലാം കടമയാണെന്നും ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നേരത്തെ, ദുർഗ് സെൻട്രൽ ജയിലിൽ എത്തി സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന, ആദിവാസി യുവാവ് സുഗ്മാൻ എന്നിവരെ സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെട്ട ഇടത് പ്രതിനിധി സംഘം സന്ദർശിച്ചിരുന്നു. അവരോടൊപ്പം ഒരു മണിക്കൂറോളം എംപിമാർ ജയിലിൽ ചെലവഴിച്ചു. ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ നില അതീവ ​സങ്കടകരമാണെന്നാണ് ‍ഡോ. ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളെ അറിയിച്ചത്.

എല്‍ഡിഎഫ് എംപിമാർ ദുർഗ് ജയിലില്‍‌
എല്‍ഡിഎഫ് എംപിമാർ ദുർഗ് ജയിലില്‍‌

കന്യാസ്ത്രീകളെ മൂന്ന് തവണയാണ് ഇടതുപക്ഷ എംപിമാരുടെ സംഘം ജയിലില്‍ സന്ദര്‍ശിച്ചത്. ജോണ്‍ ബ്രിട്ടാസ്, ജോസ് കെ മാണി, പി. സന്തോഷ് കുമാർ എന്നിവരാണ് ദുര്‍ഗ് സെന്റട്രല്‍ ജയില്‍ സന്ദര്‍ശിച്ചത്.

അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ്
കന്യാസ്ത്രീകളുടെ അറസ്റ്റ്; ബജ്‌രംഗ്ദൾ നേതാവ് ജ്യേതി ശർമ്മയ്‌ക്കെതിരെ പരാതി നൽകി പെൺകുട്ടികൾ

സിറോ മലബാർ സഭയും ഓർത്തഡോക്സ് സഭയും കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തവർക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണമെന്നാണ് ഓർത്തഡോക്സ് സഭ ആവശ്യപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com