കന്യാസ്ത്രീകൾ നിരപരാധികളെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ Source: India Today
NATIONAL

കന്യാസ്ത്രീകൾ നിരപരാധികൾ, കൂടെ പോയത് മാതാപിതാക്കളുടെ സമ്മതപ്രകാരം; ഛത്തീസ്ഗഡ് പൊലീസിൻ്റെ വാദം പൊളിച്ച് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി

കുഴപ്പം ഉണ്ടാക്കിയത് ബജ്രംഗ്ദൾ പ്രവ‍ർത്തകരാണ്. തങ്ങളെ ബജരംഗ് പ്രവർത്തകർ മർദിച്ചുവെന്നും കമലേശ്വരി പ്രധാൻ പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡ്: ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾ നിരപരാധികളെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ. ആഗ്രയിലേക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മാതാപിതാക്കളുടെ സമ്മതപ്രകാരം ആണ് കന്യാസ്ത്രീകൾക്ക് ഒപ്പം പോയതെന്നും കമലേശ്വരി പ്രധാൻ പ്രതികരിച്ചു. ദേശീയമാധ്യമമായ ഇന്ത്യാ ടുഡേയോടായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലെ ഛത്തീസ്​ഗഡ് പൊലീസ് വാദം പൊളിച്ചിരിക്കുകയാണ് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ തുറന്നുപറച്ചിൽ.

കുഴപ്പം ഉണ്ടാക്കിയത് ബജ്രംഗ്ദൾ പ്രവ‍ർത്തകരാണ്. തങ്ങളെ ബജരംഗ് പ്രവർത്തകർ മർദിച്ചുവെന്നും കമലേശ്വരി പ്രധാൻ പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് എതിരെ മൊഴി നൽകിയത് ബജ്രംഗ്ദൾ പ്രവർത്തകർ മർദിച്ച് ഭീഷണിപെടുത്തിയതിനാലാണ്. ജ്യോതി ശർമ്മയാണ് അസഭ്യം പറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു.

അതേസമയം, കന്യാസ്ത്രീകൾ ജാമ്യം തേടി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. എൻഐഎക്ക് കേസ് കൈമാറിയാൽ കേസ് കൂടുതൽ സങ്കീർണമാകുമെന്നാണ് നിയമോപദേശം. അതിനുമുമ്പ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് അഭിഭാഷകർ. അതേസമയം, അറസ്റ്റിനെ ആവർത്തിച്ച് ന്യായീകരിക്കുകയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. പൊലീസ് അവരുടെ ജോലി ചെയ്യുകയാണെന്നാണ് വിഷ്ണുദേവ് സായ്യുടെ നിലപാട്.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ ഛത്തീസ്ഗഡ് സർക്കാരിന് പങ്കില്ലെന്ന വിചിത്രവാദവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യനും ഇന്നെത്തി. ഇതിനിടെ ഇന്ന് രാവിലെ ദുർഗ് ജയിലിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേൽ, താൻ എത്തിയത് കന്യാസ്ത്രീകളെ കാണാനല്ല എന്നാണ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

SCROLL FOR NEXT