ശരീരം തളര്‍ന്ന ഭാര്യയെ ചികിത്സിക്കുന്നതിനായി 75കാരന്‍ സൈക്കിള്‍ റിക്ഷയുമായി താണ്ടിയത് 300 കിലോമീറ്റര്‍. ഒഡീഷയിലെ സംഭല്‍പൂരിലെ മോഡിപാദ എന്ന പ്രദേശത്തെ ബാബു ലോഹാര്‍ എന്നയാളാണ് 70 കാരിയായ ഭാര്യ ജ്യോതിയെ ആശുപത്രിയില്‍ ചികിത്സിക്കുന്നതിനായി റിക്ഷ ചവിട്ടിയത്.
സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന പ്രത്യേക പരിചരണം നല്‍കുന്നതിനായി ജ്യോതിയെ സിഎസ്ബി മെഡിക്കല്‍ കോളേജിലേക്ക് സംഭല്‍പൂരിലെ പ്രാദേശിക ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തിരുന്നു. എന്നാല്‍ സ്വകാര്യ ആംബുലന്‍സ് വിളിക്കാനുള്ള പണം ഇല്ലാത്തതിനാലാണ് ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ബാബു ലോഹാര്‍ റിക്ഷയില്‍ ഇരുത്തി ഭാര്യയെയും കൊണ്ട് 300 കിലോമീറ്റര്‍ താണ്ടിയത്.
സംഭല്‍പൂരില്‍ നിന്ന് കുട്ടക്കിലേക്ക് 9 ദിവസമെടുത്താണ് ലോഹാര്‍ റിക്ഷ ചവിട്ടിയത്. കൊടും തണുപ്പിനെ പോലും അവഗണിച്ച് രാത്രികളില്‍ വഴിയോരത്ത് കിടന്നുമാണ് ലോഹാറും ഭാര്യയും യാത്ര ചെയതത്. ഭാര്യയുടെ ജീവനും കൈയില്‍ പിടിച്ച് നടത്തിയ യാത്രയ്‌ക്കൊടുവില്‍ ലോഹാര്‍ വിജയകരമായി കുട്ടക്കിലെ ആശുപത്രിയില്‍ എത്തി. രണ്ട് മാസം ചികിത്സയ്ക്ക് ശേഷം ജനുവരി 19ന് ദമ്പതികള്‍ തിരികെ യാത്ര പുറപ്പെട്ടു.
എന്നാല്‍ തിരികെയുള്ള യാത്രയ്ക്കിടെ ചൗദ്വാറിന് സമീപത്ത് വച്ച് റിക്ഷയില്‍ ഒരു ട്രക്ക് ഇടിക്കുകയും ജ്യോതിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയാക്കുകയും ചെയ്തു.