NATIONAL

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിപ്പോയി; ആ തെറ്റിന് ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവന്‍ തന്നെ പകരം നല്‍കേണ്ടി വന്നു: പി. ചിദംബംരം

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താന്‍ പറ്റില്ലെന്നും ചിദംബരം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ 1984 ല്‍ നടത്തിയ സൈനിക നടപടി ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വലിയ തെറ്റായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. ആ തെറ്റിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് സ്വന്തം ജീവന്‍ തന്നെ വിലയായി നല്‍കേണ്ടി വന്നുവെന്നും പി. ചിദംബംരം പറഞ്ഞു.

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താന്‍ പറ്റില്ലെന്നും സൈന്യം, പൊലീസ്, ഇന്റലിജന്‍സ്, സിവില്‍ സര്‍വീസ് എന്നീ സംവിധാനങ്ങളുടെ സംയുക്ത തീരുമാനമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന ഖുശ്‌വന്ത് സിങ് സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബംരം. സാഹിത്യോത്സവത്തില്‍ മാധ്യമപ്രവര്‍ത്തകനായ ഹരീന്ദര്‍ ബവേജയുടെ 'ദേ വില്‍ ഷോട്ട് യു, മാഡം' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു മുന്‍ ആഭ്യന്തരമന്ത്രിയും ധനമന്ത്രിയുമായ ചിദംബരത്തന്റെ പരാമര്‍ശം.

ഏതെങ്കിലും സര്‍വീസ് ഉദ്യോഗസ്ഥരോടുള്ള അനാദാരവല്ലെന്ന് പറഞ്ഞു തുടങ്ങിയ ചിദംബംരം, സുവര്‍ണക്ഷേത്രം തിരിച്ചുപിടിക്കാനുള്ള തെറ്റായ മാര്‍ഗമായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന് പറഞ്ഞു.

'ഇവിടെ സന്നിഹിതരായ ഏതെങ്കിലും സര്‍വീസ് ഉദ്യോഗസ്ഥരോട് അനാദരവ് കാണിച്ചിട്ടില്ല, പക്ഷേ സുവര്‍ണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാര്‍ഗമായിരുന്നു അത്. മൂന്ന് നാല് വര്‍ഷങ്ങള്‍ക്കു ശേഷം സൈന്യത്തെ മാറ്റി നിര്‍ത്തി സുവര്‍ണക്ഷേത്രം തിരിച്ചുപിടിക്കാനുള്ള ശരിയായ മാര്‍ഗവും തങ്ങള്‍ കാണിച്ചു തന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

'തീവ്രവാദികളെ അമര്‍ച്ച ചെയ്ത് ക്ഷേത്രം തിരിച്ചുപിടിക്കാന്‍ വഴിയുണ്ടായിരുന്നു. പക്ഷെ, ബ്ലൂ സ്റ്റാര്‍ തെറ്റായ മാർഗമായിരുന്നു. ആ തെറ്റിന് ഇന്ദിരാ ഗാന്ധിക്ക് സ്വന്തം ജീവന്‍ തന്നെ പകരം നല്‍കേണ്ടി വന്നുവെന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ, ആ തീരുമാനം എല്ലാവരും സംയുക്തമായി എടുത്തതായിരുന്നു. അതിന് ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താനാകില്ല'.

പഞ്ചാബിലെ അമൃത്സറിലുള്ള സിഖ് മതവിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമായ സുവര്‍ണക്ഷേത്രത്തില്‍ 1984 ല്‍ നടന്ന സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയേയും അനുയായികളേയും ഒഴിപ്പിക്കാന്‍ നടത്തിയ സൈനിക നടപടിയിലും പ്രത്യാക്രമണത്തിലും പെട്ട് തീര്‍ത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ മരിച്ചുവീണു. ജൂണ്‍ ആറിനും ഏഴിനും നടന്ന സൈനിക നടപടിക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയായിരുന്നു നിര്‍ദേശം നല്‍കിയത്.

സൈനികമായി ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വിജയമായിരുന്നെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരിനും ഇന്ദിരാഗാന്ധിക്കും വളരെയധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. സിഖ് സമൂഹത്തില്‍ ഇന്ദിരാ ഗാന്ധിക്കെതിരെയുള്ള വിരോധത്തിന് കാരണമായി. 1984 ഒക്ടോബര്‍ 31-നു സ്വന്തം സിഖ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു.

SCROLL FOR NEXT