ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും ഇന്ത്യാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും സമാധാനപരമായിരുന്നു ഇന്നത്തെ പ്രതിഷേധം.
കനത്ത സുരക്ഷാ വലയത്തിനിടയിലായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. കൊണാട്ട് പ്ലേസിലെ റെസ്റ്റോറൻ്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാർക്ക് ഉച്ചഭക്ഷണമൊരുക്കി. ഉച്ചഭക്ഷണത്തിന് ശേഷം എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു. മൂന്ന് ബസുകളിലായാണ് എംപിമാർ ഇന്നും പുറപ്പെട്ടത്. ആയിരക്കണക്കിന് പ്രവർത്തകരും ഇവരെ അനുഗമിച്ചു.
ഗാന്ധിസ്മൃതിയിലേക്കുള്ള പ്രവേശനത്തിന് പൊലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് വേഗം പുറത്തിറങ്ങുമെന്ന ഉറപ്പിന്മേൽ പ്രവേശനം അനുവദിക്കുകയായിരുന്നു. എന്നാൽ പ്രവർത്തകരെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിൽ പോലീസ് ഉറച്ചുനിന്നു. സുരക്ഷാ കാരണങ്ങളാൽ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും മറ്റൊരു വഴിയിലൂടെയാണ് പുറത്തിറക്കിയത്. ഇന്നത്തെ പ്രതിഷേധം അവസാനിച്ചെങ്കിലും ശക്തമായ സമരം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.